May 7, 2024

പൂക്കളുടെ നാട്ടിൽ പൂമ്പാറ്റകളായി അവർ എത്തി: മനസ്സ് നിറഞ്ഞ് മടങ്ങി : പതിനേഴംഗ സംഘം പൂപ്പൊലിയിലെത്തിയത് വീൽ ചെയറിൽ

0
6a 1


അമ്പലവയൽ: ജനുവരി ഒന്നിന് അമ്പലവയലിൽ ആരംഭിച്ച പൂപ്പൊലിയുടെ അഞ്ചാം പതിപ്പിൽ ലക്ഷകണക്കിന് ആളുകൾ സന്ദർശകരായി എത്തിയെങ്കിലും ചൊവ്വാഴ്ച അന്താരാഷ്ട്ര പുഷ്പമേളക്കെത്തിയ പതിനേഴംഗ സംഘത്തിന്റെ വരവ് സംഘാടകരിൽ ആവേശമുണർത്തി. 
     രോഗത്തിന്റെയും  ശാരീരിക അസ്വസ്ഥതകളുടെയും അവശതകൾ കൊണ്ട് വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ  വിശ്രമിക്കുന്ന ഈ പതിനേഴ് പേരും മലപ്പുറത്ത് നിന്നാണ് വയനാടും പൂപ്പൊലിയും കാണാൻ എത്തിയത്. മലപ്പുറം കേന്ദ്രമായി പ്രവർത്തിക്കുന്ന സാന്ത്വന പരിചരണ വിഭാഗമായ ആൾ കേരള വീൽചെയർ റൈറ്റ്സ്  ഫെഡറേഷന്റെ നേതൃത്വത്തിൽ മൂനീർ പൊൻവിള എന്ന സാമൂഹ്യ പ്രവർത്തകനാണ്  ഇവരെ വയനാട്ടിലെത്തിയത്. ഓരോരുത്തർക്കും ഓരോ സഹായിയെയും കൂട്ടി ബസിലാണ് എത്തിയത്. പൂപ്പൊലി നഗരിയിലെ ഓരോ മൂക്കിലും മൂലയിലും സന്ദർശിച്ച് പൂക്കൾക്കൊപ്പം ഫോട്ടോയെടുത്തും കിന്നാരം പറഞ്ഞും മനസ്സ് നിറയെ ഉല്ലസിച്ചാണ് മടങ്ങിയത്. 
    
    പോളിയോ ബാധിച്ചവർ, വാഹനാപകടത്തിൽ തളർന്ന് പോയവർ, കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പരിക്കേറ്റവർ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. ശാരീരികമായും മാനസികമായും  തളർന് മുറിക്കുള്ളിലിരുന്ന്  ചിലന്തികൾ വല കൂട്ടുന്നത് മാത്രം കണ്ടിരുന്ന തങ്ങൾക്ക് നവ്യാനുഭവമായിരുന്നു പൂപ്പൊലിയും വയനാടുമെന്ന് സംഘാംഗങ്ങളിലൊരാളായ ഹമീദ് പറഞ്ഞു. 
     വീൽചെയറിൽ ജീവിതം തള്ളി നീക്കുന്നവർ എപ്പോൾ ആവശ്യപ്പെട്ടാലും അപ്പോഴൊക്കെ യാത്രകൾ ഒരുക്കി കൊടുക്കാറുണ്ടന്ന് മുനീർ പറഞ്ഞു. 
പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ പൂപ്പൊലി കാണാനെത്തിയ ഇവർക്ക് പൂപ്പൊലി നഗരിയിൽ ഒരു ഗൈഡിനെ ഏർപ്പെടുത്തിയിരുന്നു. സൗജന്യ പ്രവേശനവും പാർക്കിംഗും പ്രത്യേകമായി ഏർപ്പെടുത്തിയിരുന്നു.പൂപ്പൊലി 18-ന് സമാപിക്കും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *