April 29, 2024

സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി റവന്യു വകുപ്പിന്റെ നിയന്ത്രണത്തിലായത് എങ്ങനെയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് വന്യജീവി കേന്ദ്രം കര്‍ഷക ക്ഷേമ സമിതി

0
കല്‍പ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിലെ കര്‍ഷക-ആദിവാസി കുടുംബങ്ങളെ വനത്തിനു പുറത്തേക്കു മാറ്റുന്നതിനു വനം വകുപ്പ് ആവിഷ്‌കരിച്ച സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി റവന്യു വകുപ്പിന്റെ നിയന്ത്രണത്തിലായത് എങ്ങനെയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന്  വന്യജീവി കേന്ദ്രം കര്‍ഷക ക്ഷേമ സമിതി ആവശ്യപ്പെട്ടു. 
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതി അട്ടിമറിക്കാന്‍ റവന്യൂ വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയാണ്. പദ്ധതി നടത്തിപ്പിനു ചുമതലപ്പെടുത്തി കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ പുറപ്പെടുവിച്ച ഉത്തരവ് ഉണ്ടെങ്കില്‍ റവന്യൂ വകുപ്പ് പരസ്യമാക്കണം. 
പദ്ധതി നടത്തിപ്പില്‍ ഇപ്പോഴത്തെ ജില്ലാ കളക്ടര്‍ക്കുള്ള ആത്മാര്‍ത്ഥതയില്‍ കര്‍ഷകര്‍ക്കു പൂര്‍ണ ബോധ്യമുണ്ട്. എന്നാല്‍ മുന്‍ കളക്ടര്‍ വി. കേശവേന്ദ്രകുമാറിനെ നോക്കുകുത്തിയാക്കി ആശിക്കുംഭൂമി ആദിവാസിക്കുസ്വന്തം പദ്ധതി അട്ടിമറിച്ച റവന്യൂ മാഫിയ ഇപ്പോഴും ശക്തമാണ്. 
തോല്‍പ്പെട്ടി  നരിമുണ്ടക്കൊല്ലിയിലെ   യോഗ്യതാകുടുംബങ്ങളെക്കുറിച്ചുള്ള റവന്യൂ വകുപ്പിന്റെ കണക്ക് ശരിയല്ല. എത്ര കുടുംബങ്ങള്‍  അവിടെ താമസിച്ചിരുന്നുവെന്ന് തീരുമാനിക്കേണ്ടത് വനം വകുപ്പും പഞ്ചായത്തുമാണ്. 
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രലായത്തിന്റെ എപിആര്‍-20-2000-01:28: എഫ്ആര്‍ഇഎം മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി നടപ്പിലാക്കേണ്ടത്. ഇതനുസരിച്ച് ജില്ലാ കളക്ടര്‍ ചെയര്‍മാനും വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ മെമ്പര്‍ സെക്രട്ടറിയുമായി ജില്ലാതല നടത്തിപ്പുസമിതി രൂപീകരിക്കണമെന്നല്ലാതെ റവന്യൂ വകുപ്പ് പദ്ധതി നടപ്പിലാക്കണമെന്ന് പറയുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ പണം ലഭ്യമാക്കുന്നത് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റ് അക്കൗണ്ടിലാണ്. 

വയനാട്ടില്‍ പദ്ധതി നിര്‍വഹണത്തിനു ചീഫ് സെക്രട്ടറിയുടെ വ്യക്തമായ മാര്‍ഗനിര്‍ദേശമുണ്ട്. ഇതനുസരിച്ച് ഗുണഭോക്താക്കള്‍ക്ക് പണം നല്‍കേണ്ടത് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ്. കേന്ദ്രം നല്‍കുന്ന പണം ദേശസാത്കൃത ബാങ്കില്‍ നിക്ഷേപിക്കണമെന്നുമുണ്ട്. 2011ല്‍ പദ്ധതി നടപ്പിലാക്കിയ കാലം മുതല്‍ ദേശാസാത്കൃത ബാങ്കിലാണ് ഫണ്ട് നിക്ഷേപിച്ചിരുന്നത്. എന്നാല്‍ ചെട്ട്യാലത്തൂര്‍ ഗ്രാമത്തിനു അനുവദിച്ച 23 കോടി രൂപ ജില്ലാ കളക്ടറുടെയും ഐടിഡിപി പ്രൊജക്ട് ഓഫീസറുടെയും ജോയിന്റ് അക്കൗണ്ടില്‍ ട്രഷറിയില്‍ നിക്ഷേപിച്ചതില്‍ റവന്യൂ ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയുണ്ടെന്ന് യോഗം ആരോപിച്ചു.  

പുനരധിവാസ പദ്ധതി തുകയുടെ ആദ്യ ഗഡു  ഈ മാസം 30നകം ലഭ്യമാക്കിയില്ലെങ്കില്‍  ചെട്ട്യാലത്തൂര്‍, നരിമുണ്ടക്കൊല്ലി, ഈശ്വരന്‍കൊല്ലി ഗ്രാമങ്ങളിലെ മുഴുവന്‍ കുടുംബങ്ങളെയും താമസത്തിനായി കളക്ടറേറ്റ് വളപ്പിലെത്തിക്കാന്‍ യോഗം തീരുമാനിച്ചു. പദ്ധതി നടത്തിപ്പ് സുതാര്യവും കുറ്റമറ്റതും ആക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, വനം മന്ത്രി, വനം സെക്രട്ടറി, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്നിവര്‍ക്ക് നിവേദനം നല്‍കാനും  തീരുമാനിച്ചു.  കുറിച്യാട് രാഘവന്‍ അധ്യക്ഷത വഹിച്ചു. തോമസ് പട്ടമന, സജീവന്‍ കാട്ടിക്കുളം,  കെ.വി. ശ്രീധരന്‍ എന്നിവര്‍ പ്രസംഗിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *