May 4, 2024

നൂല്‍പ്പുഴയിലെ വെള്ളം വന്‍തോതില്‍ കൃഷിയിടങ്ങളിലേക്ക് പമ്പു ചെയ്യുന്നതില്‍ പ്രതിഷേധം ശക്തം

0
Motor
കല്‍പ്പറ്റ: വേനല്‍ കനത്തതോടെ  നീരൊഴുക്ക് ദുര്‍ബലമായ നൂല്‍പ്പുഴയിലെ വെള്ളം വന്‍തോതില്‍ കൃഷിയിടങ്ങളിലേക്ക് പമ്പു ചെയ്യുന്നതില്‍ പ്രതിഷേധം ശക്തം. അനധികൃത  പമ്പിംഗിനെതിരെ രംഗത്തുവരാനുള്ള ഒരുക്കത്തിലാണ് പുഴവെള്ളം ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ആദിവാസികളടക്കം ജനവിഭാഗങ്ങള്‍. 
തമിഴ്‌നാട്ടില്‍ ഉദ്ഭവിച്ച് വയനാട് വന്യജീവി സങ്കേതത്തിലൂടെ മുപ്പതും  ബന്ദിപ്പുര കടുവാസങ്കേതത്തിലൂടെ നാല്‍പ്പതും കിലോമീറ്റര്‍ ഒഴുകി കര്‍ണാടകയിലെ ബീര്‍വാളില്‍ കബനിയിയില്‍ ചേരുന്നതാണ് നൂല്‍പ്പുഴ. വയനാട്ടിലും കര്‍ണാടകയിലുമായി എഴുപതു കിലോമീറ്റര്‍ വനത്തിലൂടെ പ്രവഹിക്കുന്ന പുഴയിലെ വെള്ളം കൃഷിയിടങ്ങളിലേക്ക് പമ്പു ചെയ്യുന്നത് ആയിരക്കണക്കിനു വരുന്ന വന്യജീവികളുടെ കുടിവെള്ളം മുട്ടിക്കുമെന്നും ഇത് ദാഹജലം തേടി ഇത് ദാഹജലം തേടി ആനകള്‍ ഉള്‍പ്പടെ മൃഗങ്ങള്‍ കൂട്ടത്തോടെ നാട്ടിലിറങ്ങുന്നതിനു കാരണമാകുമെന്നും പരിസ്ഥിതി പ്രവര്‍ത്തകരും മുന്നറിയിപ്പ് നല്‍കുന്നു. വേനലില്‍ വയനാട് വന്യജീവി സങ്കേതത്തിലെയും ബന്ദിപ്പുര ടൈഗര്‍ റിസര്‍വിലെയും ഭൂരിഭാഗം പ്രദേശങ്ങളിലെയും വന്യജീവികളുടെ ഏക ജലസ്രോതസാണ് നൂല്‍പ്പുഴ. 
വയനാട് വന്യജീവി സങ്കേതത്തിന്റെ പരിധിയില്‍ ഇഞ്ചിപ്പാടങ്ങളും കാപ്പിത്തോട്ടങ്ങളും നനയ്ക്കൂന്നതിനാണ് പുഴയോരത്ത് ഡീസല്‍ മോട്ടോറുകള്‍ സ്ഥാപിച്ച്  സ്വകാര്യവ്യക്തികള്‍ വെള്ളം പമ്പു ചെയ്യുന്നത്. നൂല്‍പ്പുഴയുടെ  പ്രധാന കൈവഴിയായ ചെട്യാലത്തൂര്‍ തോട്ടില്‍ തടയണ കെട്ടിയാണ് കാപ്പിത്തോട്ടം നനയ്ക്കുന്നത്. 
മുത്തങ്ങ ഫോറസ്റ്റ് റേഞ്ച് ഓഫീസിനു സമീപം മൈക്കരയില്‍ പുഴയോടു ചേര്‍ന്ന് മുന്നു കൂറ്റന്‍ ഡീസല്‍ പമ്പുസെറ്റുകള്‍ സ്ഥാപിച്ച് വെള്ളം പമ്പു ചെയ്യുന്നുണ്ട്. മൈക്കര വയലില്‍ ഇഞ്ചികൃഷി നടത്തുന്നവരാണ് പുഴയില്‍നിന്നു ജലമൂറ്റുന്നത്. ഇതിനു വനം-വന്യജീവി പാലകരില്‍ ചിലര്‍ ഒത്താശ ചെയ്യുന്നതായും പ്രദേശവാസികള്‍ പറയുന്നു. മൈക്കരയില്‍ സ്വകാര്യ വ്യക്തികള്‍ സ്ഥാപിച്ച പമ്പുസെറ്റുകള്‍ക്ക്  സമീപത്താണ് ബത്തേരി-നൂല്‍പ്പുഴ ശുദ്ധജല  പദ്ധതിയുടെ സംഭരണിയിലേക്ക് വെള്ളം പമ്പുചെയ്യുന്ന കിണര്‍.  ഇതില്‍ വെള്ളം കുറവായതിനാല്‍ ആഴ്ചയില്‍ രണ്ടു ദിവസം മാത്രമാണ് സംഭരണിയിലേക്ക് പമ്പിംഗ്. എന്നിരിക്കെയാണ് ലക്ഷക്കക്കിനു ലിറ്റര്‍ പുഴവെള്ളം ഇഞ്ചിപ്പാടത്ത് എത്തിക്കുന്നത്. മൈക്കരയ്ക്കടുത്ത് കുമിഴിയിലും ഭൂവുടമകളില്‍ ചിലര്‍ പുഴയോടു ചേര്‍ന്ന് പമ്പ് സെറ്റുകള്‍ സ്ഥാപിക്കാനുള്ള നീക്കത്തിലാണ്. 
വേനല്‍ കനക്കുന്നതോടെ വറ്റുകയോ ജലനിരപ്പ് ഗണ്യമായി കുറയുകയോ ചെയ്യുന്നതാണ്  നൂല്‍പ്പുഴ പഞ്ചായത്തിലെ പൊന്‍കുഴി,  രാംപള്ളി, കുമിഴി, ചെട്യാലത്തൂര്‍ പ്രദേശങ്ങള്‍. ഇവിടങ്ങളിലെ നൂറുകണക്കിനു വരുന്ന ആദിവാസി കുടുംബങ്ങളെയാണ് പുഴവെള്ളം വന്‍തോതില്‍ കൃഷിയിടങ്ങളിലേക്ക് പമ്പുചെയ്യുന്നത് കൂടുതല്‍ ബാധിക്കുന്നത്. രാവുംപകലും പ്രവര്‍ത്തിപ്പിക്കുന്ന യന്ത്രങ്ങളില്‍നിന്നുള്ള ശബ്ദം വന്യജീവികളെയും അലോസരപ്പെടുത്തുകയാണ്. രാത്രി പുഴയില്‍ വെള്ളംകുടിക്കാനെത്തുന്ന വന്യജീവികളെ ചിലര്‍ പടക്കംപൊട്ടിച്ച് ഭയപ്പെടുത്തി ഓടിക്കുന്നതായി ആക്ഷേപമുണ്ട്.  ബീര്‍വാളിലാണ്  അഞ്ച് പതിറ്റാണ്ടു മുമ്പ് കര്‍ണാടക നിര്‍മിച്ച നൂഗു അണക്കെട്ട്. 
ചൂടിന്റെ കാഠിന്യംമൂലമുള്ള വിളനാശം പരമാവധി ഒഴിവാക്കുന്നിനാണ് സ്വകാര്യ വ്യക്തികള്‍ കൃഷിയിടങ്ങളിലേക്ക് വെള്ളം പമ്പുചെയ്യുന്നത്. എങ്കിലും ഇത് വന്യജീവികള്‍ക്കും നൂറുകണക്കിനു കുടുംബങ്ങള്‍ക്കും  പ്രയാസം സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ തടയണമെന്നാണ് പൊതുവെ അഭിപ്രായം. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *