April 29, 2024

പുല്‍പ്പള്ളി സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ്: ക്രമക്കേടുകളിൽ അന്വേഷണം വേഗത്തിലാക്കണമെന്ന് ജനാധിപത്യ കേരള കേണ്‍ഗ്രസ്

0
Img 20180314 Wa0077
കല്‍പ്പറ്റ: പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ  വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള ക്രമക്കേടുകളിൽ  അന്വേഷണം വേഗത്തിലാക്കണമെന്ന് ജനാധിപത്യ കേരള കേണ്‍ഗ്രസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ബാങ്കില്‍ നടന്ന ഗുരുതരമായ ക്രമക്കേടുകളെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ അന്വേഷിച്ച് ബാങ്ക് സെക്രട്ടറിക്കും ഭരണസമിതിക്കുമെതിരെ അടിയന്തര നടപടികള്‍ സ്വീകരിക്കണം. തട്ടിപ്പുകള്‍ക്ക് കൂട്ടുനില്‍ക്കുന്ന സെക്രട്ടറിയെ മാറ്റിനിര്‍ത്തി സഹകരണവകുപ്പ് നടപടികള്‍ സ്വീകരിക്കണം. 
ഏതാനും വര്‍ഷങ്ങളായി സെക്രട്ടറിയും പ്രസിഡന്റും ഭരണസമിതിയില്‍ ചര്‍ച്ച ചെയ്യാതെ 25ലക്ഷം രൂപവരെ നിയമവിരുദ്ധമായി സ്വന്തക്കാര്‍ക്കും ആശ്രിതർക്കും  നല്‍കി വരുന്നു. വായ്പാ വിതരണത്തില്‍ പ്രസിഡന്റ് ഉള്‍പ്പടെയുള്ള ഭരണസമിതി അംഗങ്ങള്‍ വസ്തുവിന്റെ മൂല്യനിര്‍ണ്ണയം നടത്താറില്ല. എന്നാല്‍ മൂല്യനിര്‍ണ്ണയം നടത്തിയതായി വ്യാജരേഖയുണ്ടാക്കി അനധികൃതമായി 241225 രൂപ ഭരണസമിതിയംഗങ്ങള്‍ വീതംവച്ചിട്ടുണ്ട്. ഈ തുക വായ്പ എടുത്തവര്‍ക്ക് തിരികെ കൊടുക്കണമെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. വായ്പ ആരെങ്കിലും പുതുക്കിയാല്‍ ഒരേ വസ്തുതന്നെ 1000 രൂപവരെ നിയമ വരുദ്ധമായി ഫീസ് ഈടാക്കും. 
ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേട് സെക്രട്ടറി നടത്തിയതായും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കാണിക്കുന്നുണ്ട്. സ്റ്റാഫിന്റെ പിഎഫ് ക്രമീകരണം, മിസലേനിയസ് ഇനം, ഇന്‍വെസ്റ്റ്‌മെന്റ് ഹെഡ് തുടങ്ങി സെക്രട്ടറി കൈകാര്യം ചെയ്യുന്ന മേഖലകളില്‍ 323293 രൂപ സെക്രട്ടറിയില്‍ നിന്നും ഈടാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. സഹകരണസംഘം രജിസ്ട്രാറുടെ 2014 ഏപ്രില്‍ 22ലെ സര്‍ക്കുലര്‍ 16/2014 പ്രകാരം നിയമാവലിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതാണ്. എന്നാല്‍ അതുചെയ്യാതെ നിയമവിരുദ്ധമായി 25ലക്ഷം രൂപവരെ സെക്രട്ടറിയും പ്രസിഡന്റും മാത്രം അറിഞ്ഞ് നല്‍കിവരുന്നുണ്ട്. 
പവര്‍ ഓഫ് അറ്റോര്‍ണിയില്‍ വായ്പ നല്‍കാന്‍ നിയമാവലിയില്‍ വ്യവസ്ഥയില്ല. എന്നാല്‍ നിയമവിരുദ്ധമാണെന്ന് ബോധ്യമുണ്ടായിട്ടും സെക്രട്ടറി  വ്യാപകമായി വായ്പ അനുവദിച്ചു. ഇത്തരത്തില്‍ പവര്‍ ഓഫ് അറ്റോര്‍ണിയില്‍ ബാങ്ക് ജീവനക്കാര്‍ക്ക് അനുവദനീയമായ വായ്പയില്‍ കൂടുതല്‍ ക്രമവിരുദ്ധമായി നല്‍കിയിട്ടുണ്ട്. വായ്പാ വിതരണത്തില്‍ പൊതുവായി അംഗീകരിക്കപ്പെട്ടിട്ടുള്ള നടപടിക്രമങ്ങള്‍ പാലിക്കാറില്ല. അര്‍ഹതയില്ലാത്ത ലോണ്‍ അപേക്ഷയാണെങ്കില്‍ ഭരണസമിതിയുടെ ശ്രദ്ധയില്‍പ്പെടു്താന്‍ സെക്രട്ടറിക്ക് ബാധ്യതയുണ്ട്. എന്നാല്‍ ഭരണസമിതി അംഗങ്ങളില്‍ നിന്നും മറച്ചുവെച്ച് പ്രസിഡന്റിന്റെ നിര്‍ദ്ദേശത്തിന് വിധേയമായി ലോണ്‍ നല്‍കിയിട്ടുണ്ട്. 10 ലക്ഷം രൂപ ലോണിന് അപേക്ഷിച്ചെങ്കിലും 13ലക്ഷം ലോണ്‍ അനുവദിച്ചതായും രേഖകളില്‍ കാണുന്നുണ്ട്. 30സെന്റ് സ്ഥലം മാത്രം ഈട് നല്‍കിയാണ് ഇത്രയും തുക അനുവദിച്ചത്. എന്നാല്‍ രേഖകളില്‍ ഇത് 50സെന്റാണ് കാണിച്ചിരിക്കുന്നത്. ഗുരുതരമായി ഇത്തരം ക്രമക്കേടുകള്‍ എക്‌സിക്യൂട്ടീവ് അതോറിറ്റി എന്ന നിലയില്‍ സെക്രട്ടറിയുടെ ഭാഗത്തുനിന്നുമുണ്ടായിട്ടുണ്ട്. 
ശാരീരിക അവശതകള്‍ കാരണമോ വായ്പ ആവശ്യമുള്ള വ്യക്തി വിദേശത്തോ ഉള്ളപ്പോള്‍ പവര്‍ ഓഫ് അറ്റോര്‍ണിയില്‍ ബാങ്കുകള്‍ വായ്പ നല്‍കാറുണ്ട്. ഇത്തരത്തില്‍ നല്‍കുന്ന വായ്പകള്‍ പവര്‍ഓഫ് അറ്റോര്‍ണി നല്‍കിയ വ്യക്തിയുടെ മാത്രം ആവശ്യത്തിനാണ്. ഈ വിധത്തില്‍ വായ്പകള്‍ വ്യാപകമായി അനുവദിക്കുകയും അതെല്ലാം പ്രസിഡന്റിന്റെ ബിനാമിയുടെ അക്കൗണ്ടിലേക്ക് വരവ് വന്നിട്ടുള്ളതായി രേഖകളില്‍ കാണാം. ഈ അക്കൗണ്ടുമായി ബന്ധപ്പെട്ട് വ്യാപകമായ ക്രമക്കേടുകളും നടന്നിട്ടുണ്ട്. സെക്രട്ടറിയുടെ അറിവും സമ്മതവുമില്ലാതെ ഇത്തരത്തില്‍ വ്യാപകമായ ക്രമക്കേട് സാധ്യമല്ല. ചില വായ്പകളില്‍ യഥാര്‍ഥ വായ്പക്കാരനോ പവര്‍ഓഫ് അറ്റോര്‍ണിയായി നിയോഗിക്കപ്പെട്ട് വ്യക്തിക്കോ പണം ലഭിക്കാതെ മൂന്നാമതൊരാളുടെ അക്കൗണ്ടിലേക്ക് പ്രസിഡന്റിന്റെ നിര്‍ദ്ദേശപ്രകാരം അപേക്ഷാദിവസംതന്നെ പണം മാറ്റിയിട്ടുണ്ട്. ഈ പണമെല്ലാ ഒരു അക്കൗണ്ടിലേക്കാണ് എത്തിയിരിക്കുന്നത്. ഇത്തരത്തില്‍ വ്യാജവായ്പകളും ധാരാളം നല്‍കിയിട്ടുണ്ട്. വായ്പക്ക് ഈടായി നല്‍കിയിട്ടുള്ള വസ്ത വായ്പ തിരിച്ചടക്കുന്നതിന് പര്യാപ്തവുമല്ല. ഭരണ സമിതി നടത്തിയ ബാങ്ക് നവീകരണം, നിയമനം, ടൗണ്‍ ബ്രാഞ്ച് ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍, ഇരുചക്ര വാഹന വിതരണം തുടങ്ങിയവ പണാപഹരണം മാത്രം ലക്ഷ്യമാക്കി നടത്തിയതാണ്. സ്‌പെഷല്‍ ഗ്രേഡിലായിരുന്ന ബാങ്ക് ഇപ്പോള്‍ അഞ്ചാം ഗ്രേഡിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. 
കേരള സഹകരണസംഘ നിയമത്തിലെ വകുപ്പ് 65 പ്രകാരം അന്വേഷണം ആരംഭിച്ചിട്ട് നാളുകള്‍ ഏറെയായി. ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം ലക്ഷങ്ങളുടെ ക്രമക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ വിജിലന്‍സ് ത്വരിത അന്വേഷണം നടത്തി കേസ് രജിസ്റ്റര്‍ ചെയ്യണം. വിജിലന്‍ അന്വേഷണം ഉടന്‍ പ്രഖ്യാപിക്കാത്ത സാഹചര്യമുണ്ടായാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എ. ആന്റണി, വി.എസ്. ചാക്കോ, കെ.എം. ജോസഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *