July 16, 2024

വയനാട് സര്‍ക്കാര്‍ മിച്ചഭൂമി തട്ടിപ്പ്: ഭരണകക്ഷി ഉദ്യോഗസ്ഥ മാഫിയ കൂട്ടുകെട്ട്: സി ബി ഐ അന്വേഷിക്കണം

0
കല്‍പ്പറ്റ: കല്‍പ്പറ്റ കോട്ടത്തറി വില്ലേജിലെ നാലേക്കറോളം വരുന്ന മിച്ചഭൂമി റവന്യൂവകുപ്പ് കൈകാര്യം ചെയ്യുന്ന ഭരണകക്ഷിയുടെ ജില്ലാസെക്രട്ടറിയും, ജില്ലാകമ്മിറ്റിയംഗവും ഉള്‍പ്പെടുന്ന രാഷ്ട്രീയനേതൃത്വത്തിന്റെ അറിവോടെ എല്‍ എ ഡെപ്യൂട്ടി കലക്ടര്‍ നേരിട്ട് പണം വാങ്ങി റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് വേണ്ടി ഫയലുകളില്‍ കൃത്രിമം കാട്ടുന്നുവെന്നത് ഭരണകക്ഷിയുടെ അധികാരദുര്‍വിനിയോഗവും പണത്തോടുള്ള ആര്‍ത്തിയുമാണ് കാണുന്നത്. സി പി ഐയുടെ ജില്ലാസെക്രട്ടറി തന്നെ ഇടപാട് നടത്തിയെന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. റവന്യുവകുപ്പുകളില്‍ ഭരണകക്ഷിയുടെ അറിവോടെ കോടികളുടെ ക്രമക്കേടാണ് ജില്ലയില്‍ നടക്കുന്നത്.
 സി പി ഐ റവന്യുവകുപ്പ് കൈകാര്യം ചെയ്തപ്പോഴെല്ലാം അഴിമതിയുടെ കൂത്തരങ്ങായിരുന്നു. വ്യാജ പി എസ് സി നിയമനങ്ങളടക്കം നിരവധി സംഭവങ്ങള്‍ ഇതിനകം തന്നെ വിവാദമായിരുന്നു. ഭരണകക്ഷിയിലെ സര്‍വീസ് സംഘടനയിലെ ഓഫീസ് നിര്‍മ്മാണത്തിന് കല്‍പ്പറ്റയിലെ സ്വകാര്യവ്യക്തിയുടെ തോട്ടത്തിലടക്കം ക്രമവിരുദ്ധമായ ക്വാറി പ്രവര്‍ത്തനം, ബാണാസുരമലയിലെ സര്‍ക്കാര്‍ ഭൂമി കൈയ്യേറിയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനം, വ്യാജ ആശ്രിത നിയമനത്തിലൂടെ സര്‍ക്കാര്‍ സര്‍വീസില്‍ വന്ന ഉന്നത തസ്തികയിലുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ പേരിലുള്ള അന്വേഷണം അട്ടിമറിക്കല്‍, ഒരേ വകുപ്പില്‍ ഒന്നിലടക്കം സര്‍വീസ് സംഘടനാഭാരവാഹികളെ നിയമിച്ച് അനധികൃത പണപ്പിരിവും റിസോര്‍ട്ട് കേന്ദ്രീകരിച്ച് സത്ക്കാരങ്ങളും കൈക്കൂലി പണത്തിനുമുള്ള അടിപിടി വരെ മാധ്യമങ്ങളില്‍ വാര്‍ത്തയായിട്ടും കാര്യമായ അന്വേഷണം നടത്താത്ത റവന്യൂവകുപ്പിനെ ഭരണസ്വാധീനം ഉപയോഗിച്ച് കൊള്ളയടിക്കുകയാണ് സി പി ഐ ജില്ലാസെക്രട്ടറിയടക്കം ചെയ്തുകൊണ്ടിരിക്കുന്നത്.
 കള്ളന്‍ കപ്പലില്‍ തന്നെയായത് കൊണ്ട് സംസ്ഥാന ഭരണത്തിന് കീഴിലുള്ള അന്വേഷണം വിശ്വസീനയമില്ല. നിരവധി ആദിവാസികളും തോട്ടം തൊഴിലാളികളും തല ചായ്ക്കാന്‍ ഒരടിമണ്ണിന് വേണ്ടി കാത്തിരിക്കുമ്പോള്‍ സി പി ഐ ജില്ലാസെക്രട്ടറി തന്നെ നേരിട്ട് നടത്തിയ ഭൂമി കുംഭകോണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തന്നെ ജീര്‍ണതയാണ് വ്യക്തമാക്കുന്നത്. 
ജനങ്ങളോടും ജനാധിപത്യ വ്യവസ്ഥിതിയോടും അല്‍പ്പമെങ്കിലും ഉത്തരവാദിത്വമുണ്ടെങ്കില്‍ ഇവര്‍ തത്സ്ഥാനങ്ങള്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്നും റവന്യു ഉദ്യോഗസ്ഥ ഭൂമാഫിയ കൂട്ടുകെട്ടില്‍ ഉള്‍പ്പെട്ട മുഴുവന്‍ ജീവനക്കാരുടെയും പേരില്‍ നടപടി സ്വീകരിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. യോഗം ഡി സി സി ജനറല്‍ സെക്രട്ടറി സി ജയപ്രസാദ് ഉദ്ഘാടനം ചെയ്തു. സാലി റാട്ടക്കൊല്ലി അധ്യക്ഷനായിരുന്നു. എം ജി സുനില്‍കുമാര്‍, മഹേഷ് കേളോത്ത്, സുബൈര്‍ ഓണിവയല്‍, ബിനീഷ് എമിലി, നിധിന്‍ പുത്തൂര്‍വയല്‍, ആന്റണി ടി ജെ, ഡിന്റോജോസ് പ്രതാപ് തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *