May 1, 2024

എൽ.ഡി. ടൈപ്പിസ്റ്റ് തസ്തിക: വയനാട്ടിൽ അപ്രഖ്യാപിത നിയമന നിരോധനമെന്ന് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ

0
Img 20180526 121017
കല്‍പ്പറ്റ: എല്‍ഡി ടൈപ്പിസ്റ്റ് തസ്തിക സൃഷ്ടിക്കുന്നതിലും നിയമനത്തിലും ജില്ലയോട് അവഗണന കാണിക്കുന്നുവെന്നും റാങ്ക് ലിസ്റ്റിലുള്ളവരെ തഴയുകയാണെന്നും എല്‍ഡി ടൈപ്പിസ്റ്റ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി കൽപ്പറ്റയിൽ വാര്‍ത്താസമ്മേളനത്തില്‍ അരോപിച്ചു. ജില്ലയില്‍ 2016ല്‍ നിലവില്‍ വന്ന ലിസ്റ്റില്‍ നിന്ന് 18 പേര്‍ക്ക് മാത്രമാണ് നിയമനം ലഭിച്ചത്. 
     179 പേരാണ് മെയിന്‍ ലിസ്റ്റില്‍ ഉള്ളത്. ഇതില്‍ നൂറിലേറെ പേര്‍ക്കും പ്രായപരിധി കഴിഞ്ഞതിനാല്‍ ഇനിയൊരു പരീക്ഷ എഴുതുന്നതിന് സാധിക്കില്ല. ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ കമ്പ്യൂട്ടര്‍ ടൈപ്പിംഗ് പരിജ്ഞാനമുള്ള എല്‍ഡി ടൈപ്പിസ്റ്റ്, ക്ലര്‍ക്ക് ടൈപ്പിസ്റ്റുമാരുടെ സേവനം ആവശ്യമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ എസ്‌സി, എസ്ടി ഡവലപ്‌മെന്റ് എഡ്യുക്കേഷന്‍, ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍, പഞ്ചായത്ത് തുടങ്ങി പല ഓഫീസുകളിലായി 20 ഓളം തസ്തികകള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാരിലേക്ക് പ്രൊപ്പോസല്‍ അയച്ചിരുന്നു. എന്നാല്‍ മറ്റ് പല തസ്തികകളും സൃഷ്ടിച്ചിരുന്നുവെങ്കിലും എല്‍ഡി ടൈപ്പിസ്റ്റ് തസ്തിക തഴയുകയായിരുന്നു.  
റിട്ടയര്‍മെന്റ്, പ്രമോഷന്‍ എന്നിവ മുഖേന ഒഴിവു വരുന്ന ഇടങ്ങളില്‍ മറ്റു ജില്ലകളില്‍നിന്നും സ്വാധീനമുപയോഗിച്ച് സ്വന്തം ആളുകളെ നിയമിക്കുന്നുണ്ട്. ഒഴിവ് വരുന്ന തസ്തിക പിഎസ്‌സിക്ക് വിടാതെയാണ് ഇത്തരത്തില്‍ തിരിമറി നടത്തുന്നത്. ഇതുമൂലം മറ്റു ജില്ലക്കാര്‍ക്ക് അവസരങ്ങള്‍ വര്‍ധിക്കുന്നതിനും കാരണമാകുന്നു. റാങ്ക് ലിസ്റ്റിലുള്ളവരുടെ അവസരങ്ങളാണ് ഇതുവഴി നഷ്ടമാകുന്നത്.
      ജില്ലയില്‍ മീനങ്ങാടി വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍, കല്‍പ്പറ്റ ആനിമല്‍ ഹസ്ബന്ററി ഓഫീസ് എന്നിവിടങ്ങളില്‍ വരാനിരിക്കുന്ന ഒഴിവുകള്‍ മുന്‍കൂട്ടി പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു. പഞ്ചായത്തില്‍ എല്‍ഡി ടൈപ്പിസ്റ്റ്, വില്ലേജിലില്‍ ക്ലര്‍ക്ക് ടൈപ്പിസ്റ്റ് തസ്തികകള്‍ സൃഷ്ടിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് എംഎല്‍എ, വകുപ്പ് മന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ക്ക് നിരവധി തവണ നിവേദനം നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഉദ്യോഗാര്‍ഥികളെ സഹായിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായി പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഉദ്യോഗാര്‍ഥികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ജിനേഷ് കുമാര്‍, പി. നാസര്‍, കെ.ആര്‍. സരിത, പി.എസ്. ദീപ, എം.കെ. പുഷ്പറാണി എന്നിവര്‍ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *