April 28, 2024

സമഗ്ര ശുചിത്വ പദ്ധതി: ഹരിതകര്‍മ്മ സേന രംഗത്ത്

0
വൈത്തിരി ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന സമഗ്ര ശുചിത്വമാലിന്യ സംസ്‌കരണ പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച ഹരിതകര്‍മ്മ സേന-ഹരിതശ്രീ എന്ന പേരില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പുറപ്പെടുവിച്ച പദ്ധതി വിശദീകരണ അറിയിപ്പ് വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും വിതരണം ചെയ്താണ് പ്രവൃത്തി ആരംഭിച്ചത്. 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗിന്റെ വില്‍പ്പനയ്ക്കും വിതരണത്തിനും ഉപയോഗത്തിനും ഗ്രാമ പഞ്ചായത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. 
       അനുവദനീയമായ മൈക്രോണ്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്ന വ്യക്തികള്‍, വീടുകള്‍, സ്ഥാപനങ്ങള്‍, ഏജന്‍സികള്‍ എന്നിവ ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പുനരുപയോഗം നടത്തണം. സാധ്യമല്ലാത്തവ വൃത്തിയാക്കി ഉണക്കി തരംതിരിച്ച് പഞ്ചായത്തിലെ ഹരിതകര്‍മ്മ സേനയ്ക്ക് കൈമാറണം. വീടുകള്‍ 30 രൂപയും വ്യാപാര സ്ഥാപനങ്ങള്‍ 100 രൂപയും റിസോര്‍ട്ട്, ഹോം സ്റ്റേകള്‍ എന്നിവ 250 രൂപയും യൂസര്‍ഫീയായി നല്‍കണം. പുനരുപയോഗം സാധ്യമല്ലാത്ത പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വൃത്തിയാക്കി ഉണക്കി തരം തിരിച്ച് ഗ്രാമ പഞ്ചായത്തിലെ ശേഖരണ കേന്ദ്രത്തില്‍ എത്തിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും. ഗ്രാമ പഞ്ചായത്ത് പരിധിയില്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ കത്തിച്ചാല്‍ 25,000 രൂപ പിഴ ചുമത്താനും ഗ്രാമ പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചു. 200 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന പൊതു പരിപാടികള്‍ക്ക് 250 രൂപ യൂസര്‍ ഫീ നല്‍കണം. 
     പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറണം. ചടങ്ങില്‍ വൈസ് പ്രസിഡന്റ് യു.സി.ഗോപി അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് വി.ഉഷാകുമാരി  നോട്ടീസ് വിതരണം ഉദ്ഘാടനം ചെയ്തു. വിവിധ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ എം.വി.വിജേഷ്, എല്‍സിജോര്‍ജ്ജ്, ഡോളി ജോസ്, അംഗങ്ങളായ സലീം മേമന, സി.വി.മണികണ്ഠന്‍, ഷൈനി ഉദയകുമാര്‍, സഫിയ, ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ബി.കെ.സുധീര്‍ കിഷന്‍, ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ആര്‍.രവിചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഹരിത ശ്രീ പ്രസിഡന്റ് ശോഭ സ്വാഗതവും സെക്രട്ടറി ആയിഷ നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *