May 20, 2024

തെങ്ങിന്‍ തൈ, കരുമുളകുവള്ളി വിതരണം: കൃഷി അസിസ്റ്റന്റുമാര്‍ക്കെതിരായ അച്ചടക്ക നടപടി തീര്‍പ്പാക്കി

0
കല്‍പ്പറ്റ: വയനാട്ടിലെ കൃഷിഭവനുകളിലേക്ക് 2005-06ല്‍ നഴ്‌സറി, ഫാം എന്നിവിടങ്ങളില്‍നിന്നു തെങ്ങിന്‍തൈകളും കുരുമുളകു വള്ളികളും എത്തിച്ചതില്‍ കരാര്‍ വ്യവസ്ഥകള്‍ പാലിക്കാതെ സര്‍ക്കാരിനു സാമ്പത്തികനഷ്ടം വരുത്തിയതിനു കൃഷി അസിസ്റ്റന്റുമാര്‍ക്കെതിരെ സ്വീകരിച്ച അച്ചടക്കനടപടി സര്‍ക്കാര്‍ തീര്‍പ്പാക്കി.  കൃഷി അസിസ്റ്റന്റുമാരായിരുന്ന എസ്. സുബ്രഹ്മണ്യന്‍, ടി.വി. സജീഷ്, കെ.പി. സിറാജ്, കെ.ജി. സുനില്‍, എം.എന്‍. പ്രഭാകരന്‍, ബാബുക്കുട്ടി ജോസഫ്, ടി.പി. പൗലോസ്, എ.കെ. സുരേഷ്ബാബു, കെ.കെ. സുകുമാരന്‍, കെ. സുകുമാരന്‍, വി.ജെ. ക്ലമന്റ്, പ്രിന്‍സ് തോമസ്, ജയരാജന്‍, കെ.കെ. വിശ്വനാഥന്‍ എന്നിവര്‍ക്കെതിരായ അച്ചടക്ക നടപടിയാണ് തീര്‍പ്പാക്കിയത്. ഇവരില്‍ സേവനത്തില്‍നിന്നു വിരമിച്ച ബാബുക്കുട്ടി ജോസഫ്, എ.കെ. സുരേഷ്ബാബു, കെ.കെ. സുകുമാരന്‍, കെ. സുകുമാരന്‍, കെ.കെ. വിശ്വനാഥന്‍ എന്നിവരെ അച്ചടക്ക നടപടിയില്‍നിന്നു ഒഴിവാക്കി. മറ്റുള്ളവര്‍ക്ക് 1960ലെ കേരള സിവില്‍ സര്‍വീസസ്(തരംതിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടം രണ്ട്(ഒന്ന്) പ്രകാരം  ശാസന നല്‍കി. 
തൈകളും വള്ളികളും കൊണ്ടുവരുന്നതിനു 10 മെട്രിക് ടണ്‍ ശേഷിയുള്ള വാഹനങ്ങള്‍ ഉപയോഗിക്കണമെന്നായിരുന്നു കരാര്‍ വ്യവസ്ഥകളില്‍ ഒന്ന്. ഇതിനു വിരുദ്ധമായി ശേഷി കുറഞ്ഞ വാഹനങ്ങള്‍ ഉപയോഗപ്പെടുത്തി സര്‍ക്കാരിനു 47,500 രൂപ നഷ്ടം വരുത്തിയതായി വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ അന്വേഷണത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു കൃഷി അസിസ്റ്റന്റുമാര്‍ക്കെതിരെ അച്ചടക്ക നടപടി. ഉദ്യോഗസ്ഥര്‍ കൃത്യമായ പരിശോധന നടത്താതെ ക്ലെയിം സ്റ്റേറ്റ്‌മെന്റ് സാക്ഷ്യപ്പെടുത്തിയതായും വിജിലന്‍സ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. 
 കുറ്റപത്രവും ആരോപണ മെമ്മോയും നല്‍കിയെതിനെത്തുടര്‍ന്നു  ഉദ്യോഗസ്ഥര്‍  സമര്‍പ്പിച്ച പ്രതിവാദ പത്രികയില്‍ വാഹനത്തിന്റെ ടണ്ണേജ് നിര്‍ണയിക്കുന്നതില്‍  പരിജ്ഞാനം ഇല്ലെന്നു വാദിച്ചിരുന്നു. ഇതു ശരിയാണെന്നും സര്‍ക്കാരിനുണ്ടായ നഷ്ടം കരാറുകാരനില്‍നിന്നു ഈടാക്കുന്നതിനു കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കേസുള്ളതിനാല്‍ പ്രതിവാദ പത്രിക അംഗീകരിക്കാമെന്നും  കൃഷി ഡയറക്ടര്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി തീര്‍പ്പാക്കിയത്. സര്‍ക്കാരിനുണ്ടായ നഷ്ടം കരാറുകാരനില്‍നിന്നു ഈടാക്കുന്നതിനു നടപടി സ്വീകരിക്കണമെന്നു സര്‍ക്കാര്‍ കൃഷി ഡയറക്ടര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *