May 8, 2024

പ്രളയാനന്തര കേരളം പകര്‍ച്ചവ്യാധികള്‍ക്ക് വിട്ടുകൊടുക്കില്ല മന്ത്രി കെ.കെ.ശൈലജ

0
10
· പകര്‍ച്ചവ്യാധിക്കെതിരെ 30 ദിന മൈക്രോ പ്ലാന്‍
· നിപ്പ പ്രതിരോധം മാതൃകയാക്കും
· താലൂക്ക് ആശുപത്രിയില്‍ ഐസലേറ്റഡ് വാര്‍ഡുകള്‍
· മാനസിക സമ്മര്‍ദ്ദമകറ്റാന്‍ കലാധിഷ്ഠിത കൗണ്‍സലിംങ്ങ്
പ്രളയാനന്തര കേരളത്തെ പകര്‍ച്ചവ്യാധികള്‍ക്ക് വിട്ടുകൊടുക്കാതിരിക്കാന്‍ പഴുതടച്ച മുന്നൊരുക്കങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തിയിരിക്കുന്നതെന്ന് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു.  വയനാട് ജില്ലയില്‍ ആരോഗ്യവകുപ്പ് കൈക്കാണ്ട മുന്‍കരുതലുകള്‍ വിലയിരുത്താനായി മാനന്തവാടി ജില്ലാ ആസ്പത്രിയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
തൃശൂരില്‍ നടന്ന ആരോഗ്യ വകുപ്പ് ഉന്നതതല യോഗ തീരുമാനപ്രകാരമുള്ള 30 ദിന മൈക്രോ പ്ലാന്‍ പ്രകാരമാണ് പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തത്. നിപ്പ രോഗം തടഞ്ഞു നിര്‍ത്തിയ മാതൃക സര്‍ക്കാരിന് മുന്നിലുണ്ട്. ഇതു പോലെയുള്ള പകര്‍ച്ച വ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടക്കുക.  ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലും ജില്ലാ കേന്ദ്രങ്ങളിലും സര്‍വസജ്ജമായ കണ്‍ട്രോള്‍ റൂമുകളും കോള്‍ സെന്ററുകളും  തുറന്നിട്ടുണ്ട്. ഡോക്ടര്‍മാര്‍ പാരാമെഡിക്കല്‍ ജീവനക്കാര്‍ മരുന്നുകള്‍ തുടങ്ങിയവയെല്ലാം ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. പരസ്പരാശ്രിത സംവിധാനത്തിലാണ് ഇവ പ്രവര്‍ത്തിക്കുക. പകര്‍ച്ചവ്യാധി ബാധിതര്‍ക്കായി എല്ലാ താലൂക്ക് ആസ്പത്രികളിലും ഐസൊലേറ്റഡ് വാര്‍ഡുകള്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
    ജപ്പാനില്‍ പ്രളയാനന്തരമുണ്ടായ പകര്‍ച്ചവ്യാധിയിലാണ് മരണമുണ്ടായത്.എലിപ്പനിയും ടൈഫോയ്ഡും കോളറയുമൊക്കെ പടരാതിരിക്കാനുള്ള യുദ്ധസമാനമായ മുന്‍കരുതലുകള്‍ അനിവാര്യമാണ്. മാലിന്യങ്ങള്‍ നീക്കുന്നവരും സന്നദ്ധപ്രവര്‍ത്തകരും പ്രതിരോധ മരുന്നുകള്‍ കഴിക്കണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ ഒരു എലിപ്പനി മരണമുണ്ടായി. മാലിന്യങ്ങള്‍ക്ക് പുറമെ പതിനായിരക്കണക്കിന് വളര്‍ത്തുമൃഗങ്ങളും പക്ഷികളും കൂമ്പാരമായിക്കിടക്കുന്ന സ്ഥലങ്ങളുണ്ട്. ഇവയുടെ ജഢങ്ങള്‍ സംസ്‌കരിക്കുന്നതിന്  മേല്‍നോട്ടം വഹിക്കാന്‍  ഓരോ ജില്ലയിലും ഒരാള്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ കൊതുക് നശീകരണപ്രവര്‍ത്തങ്ങളിലും വ്യപൃതരാണ്.
കിണറുകളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തിവരികയാണെന്ന് മന്ത്രി അറിയിച്ചു.ബ്ലീച്ചിംഗ് പൗഡര്‍ പല സംസ്ഥാനങ്ങളില്‍ നിന്നും ശേഖരിച്ചുവരികയാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്നും  ഡോക്ടര്‍മാരുടെ സംഘം വരുന്നണ്ട്. രോഗികളുമായി ഇടപഴകാന്‍ ചിലപ്പോള്‍ ഭാഷ തടസമാകുന്നുണ്ടെങ്കിലും അവരുടെ സേവന സന്നദ്ധത സര്‍ക്കാര്‍ നിരാകരിക്കില്ല.
ക്യാമ്പുകളില്‍ കഴിയുന്നവരുടെ മാനസിക പിരിമുറുക്കവും വിഷാദാവസ്ഥയും പരിഹരിക്കാന്‍ കലാപരിപാടികളിലൂടെ കൗണ്‍സലിംഗ് കൊടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. നഷ്ടപ്പെട്ട രേഖകളുടെ സുഖമമായ വീണ്ടെടുപ്പ് സാധ്യമാണെന്ന സന്ദേശവും ഇവര്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നുണ്ട്.  സൈക്കോ സോഷ്യല്‍ വര്‍ക്കര്‍മാരും കൗണ്‍സിലിങ്ങിനായുണ്ട്. 
മാനന്തവാടി പള്ളിക്കല്‍ ഷറഫു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന 1.5 ലക്ഷം രൂപയുടെ ചെക്ക് മന്ത്രി ചടങ്ങില്‍ ഏറ്റുവാങ്ങി.
എം.എല്‍.എ മാരായ ഒ.ആര്‍ കേളു, സി.കെ. ശശീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ.ബി നസീമ, ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍, സബ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.നൂന മര്‍ജ, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ബി.അഭിലാഷ്, ആയുര്‍വേദ ഡി.എം.ഒ ഡോ.എന്‍.സുരേഷ് കുമാര്‍, ജില്ലാ ആസ്പത്രി സുപ്രണ്ട് ഡോ.വി.ജിതേഷ്, ഡോ.ശ്രീദേവി ബോസ്, കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മാനേജര്‍ കെ.എം.ബാബു  തുടങ്ങിയവര്‍ സംസാരിച്ചു.
മന്ത്രി പിന്നീട് ഉരുള്‍പൊട്ടലുണ്ടായ പഞ്ചാരക്കൊല്ലി പ്രദേശം, ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന പിലാക്കാട് സെന്റ് ജോസഫ്‌സ് സ്‌കൂള്‍, കണിയാരം കുറ്റിമൂല പാരിഷ്ഹാള്‍, മാനന്തവാടി സെന്റ് ജോസഫ്‌സ് ടി.ടി ഐ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. ടി.ടി.ഐ ല്‍ നിന്ന് ദുരിതബാധിതര്‍ക്കൊപ്പം ഓണസദ്യ കഴിച്ചാണ് മന്ത്രി മടങ്ങിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *