May 7, 2024

പ്രളയ ബാധിതര്‍ക്ക് കൈത്താങ്ങ്; കേരള മാപ്പിളകലാ അക്കാദമി സംഗീതയാനം മെഗാ ഷോ നാളെ: നാദിര്‍ഷ പങ്കെടുക്കും.

0
Img 20180929 Wa0100
പടിഞ്ഞാറത്തറ: ജില്ലയിലെ പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി കേരളാ മാപ്പിള കലാ അക്കാദമിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച  വൈകിട്ട് 5 മണി മുതല്‍ സംഗീതയാനം മെഗാ ഷോ  പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. ചലച്ചിത്ര  താരവും, സംവിധായകനുമായ നാദിര്‍ഷ സംഗീതയാനം മെഗാ ഷോ ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ നിന്നും ലഭിക്കുന്ന മുഴുവന്‍ തുകയും ജില്ലയിലെ പ്രളയ ദുരിത ബാധിതരെ സഹായിക്കാന്‍ വിനിയോഗിക്കും. എം ഐ ഷാനവാസ് എം.പി, സി കെ ശശീന്ദ്രന്‍ എം.എല്‍.എ, ഐ സി ബാലകൃഷ്ണന്‍ എം.എല്‍.എ, ഒ ആര്‍ കേളു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ, ജില്ലാ കലക്ടര്‍ അജയകുമാര്‍ ഐ എ എസ്, ‍കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഉഷ തമ്പി, കല്‍പ്പറ്റ ഡി വൈ എസ് പി പ്രിന്‍സ് എബ്രഹാം, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം പി നൗഷാദ് ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖര്‍‍ സംബന്ധിക്കും. സിനിമാ പിന്നണി രംഗത്തെയും ചാനല്‍ പരിപാടികളിലെയും പ്രമുഖ ഗായകരും, മാപ്പിളപ്പാട്ട് വേദികളിലെ പ്രശസ്തരും സംഗീതയാനത്തില്‍ അണിനിരക്കും. നാദിര്‍ഷക്ക് പുറമെ മാപ്പിളപ്പാട്ടിലെ ഇതിഹാസ ഗായകനായിരുന്ന തമിഴ്‌നാട് നാഗൂര്‍ ഹനീഫയുടെ പ്രഥമ ശിഷ്യന്‍ കോവൈ ഇസ്ഹാഖ്, ചാനല്‍ പരിപാടികളിലെ നിറസാന്നിദ്ധ്യമായ പ്രശസ്ത ഗായകന്‍  ഫിറോസ് ബാബു, യേശുദാസിന്റെ ശബ്ദ സൗന്ദര്യത്താല്‍ ശ്രദ്ധേയനായ പിന്നണി ഗായകന്‍ ഷമീര്‍ കൊടുങ്ങല്ലൂര്‍, അസ്മ കൂട്ടായി, ഷബ്‌ന അക്രം തുടങ്ങിയവരുടെ നേതൃത്വത്തില്‍ നൂറോളം കലാകാരന്മാര്‍ പരിപാടികള്‍ അവതരിപ്പിക്കും. പരിപാടിക്കായി 50,000 വാട്‌സ് ശബ്ദസംവിധാനവും, 200 സ്‌ക്വയര്‍ഫീറ്റിലുള്ള എല്‍.ഇ.ഡി സ്‌ക്രീന്‍ ഉള്‍പ്പെടെയുള്ള വിശാലമായ സ്റ്റേജ് സംവിധാനമാണ് തയ്യാറാക്കുന്നത്. സ്വദേശത്തും, വിദേശത്തുമുള്ള ഉദാര മനസ്‌ക്കരുടെയും, മറ്റു സ്‌പോണ്‍സര്‍മാരുടെയും സഹായത്തോടെ നടത്തുന്ന പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്. പരിപാടിയുടെ നടത്തിപ്പിനായി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി നൗഷാദ് ചെയര്‍മാനും, പി.കെ ദേവസ്യ വര്‍ക്കിംഗ് ചെയര്‍മാനും, പി.കെ അമീന്‍ ജന.കണ്‍വീനറും, ഷമീം പാറക്കണ്ടി വര്‍ക്കിംഗ് കണ്‍വീനറും, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് നസീമ പൊന്നാണ്ടി ട്രഷററുമായ 501 അംഗ സംഘാടക സമിതിയുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *