May 9, 2024

വയനാട്ടിലെ കർഷക ആത്മഹത്യകളെ ഗൗരവമായി നേരിടണം: : ഡോ. കെ കെ എൻ കുറുപ്പ്

0
Img 20181004 072715
പ്രളയാനന്തര വികസനത്തിൽ ശ്രദ്ധയൂന്നുന്ന കേരളം വയനാട്ടിലെ സമകാലിക കാർഷിക ആത്മഹത്യകൾ അത്യന്തം ഗൗരവമായി വീക്ഷിയ്ക്കേണ്ടതുണ്ടെന്ന് കാലിക്കറ്റ്  സർവ്വകലാശാല മുൻ വൈസ് ചാൻസലറും ചരിത്രകാരനും ഗവേഷകനും സാമൂഹിക ശാസ്ത്രജ്ഞനുമായ ഡോ. കെ കെ എൻ കുറുപ്പ്. കടക്കെണിയിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത പുൽപ്പള്ളി കുറിച്ചിപ്പറ്റ രാമദാസൻ എന്ന കർഷകന്റെ വീട് സന്ദർശിച്ച ശേഷം മീഡിയാ പ്രവർത്തകരുമായി സംസാരിക്കവേയാണ് ഡോ. കുറുപ്പ് വയനാട്ടിലെ സാധാരണ കർഷകർ നേരിടുന്ന കടുത്ത ജീവിത പ്രതിസന്ധിയിൽ ആശങ്ക പ്രകടിപ്പിച്ചത്.
വയനാട്ടിൽ കഴിഞ്ഞ ഏതാനും ആഴ്ചകൾക്കകം ഉണ്ടായ നാലാമത്തെ കർഷക ആത്മഹത്യയാണ് പുൽപ്പള്ളി കുറിച്ചിപ്പറ്റയിലേത്. പുൽപ്പള്ളി കാപ്പിസെറ്റിൽ ഒരു കർഷകനും പുൽപ്പള്ളി അമരക്കുനിയിൽ ഒരു കർഷകനും മേപ്പാടി വടുവഞ്ചാൽ പഞ്ചായത്തിൽ ഒരു കർഷകനും ഇതിനകം കടക്കെണിയിൽപ്പെട്ട് ആത്മഹത്യ ചെയ്തിരുന്നു.
കുറിച്ചിപ്പറ്റയിലെ രാമദാസൻ ഏഴു ലക്ഷത്തിൽപ്പരം രൂപ കടക്കാരനാണ്. ജീവിതം വഴി മുട്ടിയതിനെത്തുടർന്നാണ് ആത്മഹത്യയിൽ അഭയം പ്രാപിച്ചതെന്നു നേരിട്ടുള്ള അന്വേഷണത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഭാര്യ അപൂർവ്വമായ അരിവാൾ രോഗത്തിന് അടിമയാണ്. ഗർഭിണിയും രോഗിയുമായി മകൾ, തൊഴിലില്ലാത്ത രണ്ട് ആൺമക്കൾ എന്നിവർ കുടുംബനാഥന്റെ മരണത്തെത്തുടർന്ന് പകച്ചു നിൽക്കുകയാണ്. ഇവർക്ക് ഒരു പ്രസ്താവനയോ ചെറിയൊരു ആശ്വാസ ധനമോ കൊണ്ട് പരിഹാരമാവുകയില്ല. ഡോ. കുറുപ്പ് പറഞ്ഞു. കൃഷിനാശത്തെപ്പറ്റി വകുപ്പ് ഉദ്യോഗസ്ഥർ ചില അന്വേഷണങ്ങൾ നടത്തിയതല്ലാതെ റവന്യു വകുപ്പോ സ്ഥലം എംഎൽഎ യോ പോലും സ്ഥിതിഗതികൾ അന്വേഷിയ്ക്കുകയോ പഠിയ്ക്കാൻ ശ്രമിയ്ക്കുകയോ ചെയ്തിട്ടില്ലെന്നത് അതിശയകരമാണ്.
ബാങ്കുകളിലും സ്വാശ്രയ സംഘങ്ങളിലും പ്രതീക്ഷയർപ്പിച്ചു കൃഷിയിൽ പണം മുടക്കിയ രാമദാസന്റെ ഒരേക്കർ ഇഞ്ചി പൂർണ്ണമായും കാലവർഷക്കെടുതിയിൽ നശിച്ചു പോയി. രണ്ടേക്കറിൽപ്പരം നെൽകൃഷിയും മാസങ്ങളോളം വെള്ളത്തിൽ മുങ്ങിക്കിടന്നു. വന്യമൃഗങ്ങളുടെ ആക്രമണവും കൂടിയായപ്പോൾ സമ്പൂർണ്ണ നാശമായിരുന്നു ഫലം. കാപ്പിയും കുരുമുളകും വാഴയും ഫലം ചെയ്തില്ല. കാർഷിക വിളകൾക്ക് വിപണിയിൽ വിലയുണ്ടായതുമില്ല. ആത്മഹത്യയുടെ ജീവിതത്തിൽ നിന്ന് ഒളിച്ചോടിയ ആ കർഷകന്റെ ശാപം മനുഷ്യരാശിയെ വേട്ടയാടുമെന്നതിനു തർക്കമില്ല. നമ്മുടെ സമൂഹം സാമൂഹികമായ കടമകളും കർത്തവ്യങ്ങളും നിറവേറ്റുന്നില്ലെന്നതിന്റെ പ്രത്യക്ഷ തെളിവാണ് രാമദാസനെപ്പോലുള്ളവരുടെ ആത്മഹത്യാ സംഭവങ്ങൾ എന്ന് മനസ്സിലാക്കേണ്ടിയിരിയ്ക്കുന്നു.
വയനാട്ടിലെ ഗ്രാമങ്ങൾ സാധാരണക്കാരായ ജനങ്ങൾക്ക് ജീവിയ്ക്കാൻ അനുയോജ്യമല്ലാതെ  ആയിരിയ്ക്കുന്നതിന്റെ അടിസ്ഥാന കാരണങ്ങളാണ് പഠന ഗവേഷണ വിഷയമാക്കേണ്ടത്. ഗ്രാമങ്ങൾ സാമ്പത്തികമായി സ്വയം പര്യാപ്തമാക്കാനുള്ള പദ്ധതികളാണ് വേണ്ടത്. വയനാട്ടിൽ ഇതിനു മുമ്പുണ്ടായ കാർഷിക പ്രതിസന്ധി ഘട്ടങ്ങളും ആത്മഹത്യാ പരമ്പരകളും പഠന വിധേയമാക്കി സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്നാണ് ഏറെ ശ്രദ്ധയാകർഷിച്ച 1500 കോടിയുടെ സമഗ്ര വയനാട് പാക്കേജ് പ്രഖ്യാപിച്ചത്. വേണ്ടത്ര ഉദ്യോഗസ്ഥ-ഭരണ-സംവിധാനങ്ങൾ ഇല്ലാത്തതിനാൽ ഇത് പ്രായോഗികമായി നടപ്പാക്കാനാവില്ലെന്ന കാരണത്താൽ വയനാടിന് ഇതിന്റെ പ്രയോജനം കിട്ടുകയുണ്ടായില്ല. 2012 ൽ ഇത് വെട്ടിച്ചുരുക്കി നടപ്പാക്കിയെന്നു വരുത്തിത്തീർക്കുകയായിരുന്നു. ഡോ. കുറുപ്പ് ചൂണ്ടിക്കാട്ടി.
തന്റെ മുൻ പഠന റിപ്പോർട്ടിന്റെ തുടർച്ചയായി വയനാട്ടിലെ സ്ഥിതിവിശേഷങ്ങൾ മനസ്സിലാക്കാനാണ് താൻ വയനാട്ടിലെത്തിയതെന്നു ഡോ. കുറുപ്പ് പറഞ്ഞു. അതീവ നിരാശയുണർത്തുന്ന സ്ഥിതിവിശേഷമാണ് വയനാട്ടിലുള്ളത്.
വയനാട്ടിലെ സാമൂഹിക സാമ്പത്തിക സ്ഥിതികൾ അത്യന്തം ആശങ്കയുണർത്തുകയാണ്. കർഷക ആത്മഹത്യകൾ ഒരു തുടർക്കഥയായിരുന്നത് നാം അനുഭവിച്ചറിഞ്ഞതാണ്. അനുഭവത്തിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളാൻ നാം തയ്യാറാവുന്നില്ലെന്നത് അദ്ഭുതമായിരിയ്ക്കുന്നു. ഭരണാധികാരികൾ കണ്ണ് തുറക്കണം. ജനാധിപത്യത്തിന്റെ ആശയങ്ങളുമായി പൊരുത്തപ്പെടാത്ത ഈ സാമൂഹിക പ്രതിഭാസം അന്താരാഷ്ട്ര സമൂഹത്തിന്റെ മുന്നിൽ വിശദീകരിയ്ക്കാൻ നാം ബാദ്ധ്യസ്ഥരാണ് എന്നും ഓർക്കേണ്ടിയിരിയ്ക്കുന്നു.
ഈ സാഹചര്യത്തിൽ വയനാടിന് പ്രത്യേക പരിഗണനയോടെ സാമ്പത്തിക പാക്കേജ് തയ്യാറാക്കണം. അത് നടപ്പാക്കാനാവശ്യമായ അടിസ്ഥാന സൗകര്ങ്ങളും ഉദ്യോഗസ്ഥ ഭരണ സംവിധാനങ്ങളും ഏർപ്പെടുത്താൻ വൈകരുത്. ഇല്ലെങ്കിൽ കാര്യങ്ങൾ നിയന്ത്രാതീതമാവുമെന്നും ഡോ. കുറുപ്പ് ചൂണ്ടിക്കാട്ടി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *