April 28, 2024

ലോക് സഭാ തിരഞ്ഞെടുപ്പ് നേരിടാൻ ചില സുപ്രധാന ദൗത്യങ്ങൾ എം.ഐ. ഷാനവാസിനെ ഏൽപ്പിച്ചിരുന്നുവെന്ന് മുല്ലപ്പള്ളി.

0
നിങ്ങള്‍ എവിടെയാണു ഷാജീ, എനിക്കു വലിയ നഷ്ടബോധം തോന്നുന്നു…എം.ഐ.ഷാനവാസിന്റെ നിര്യാണത്തില്‍ വികാരാധീതനായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. 
കെപിസിസിയില്‍ കൂടിയ എംഐ  ഷാനവാസ് അനുസ്മരണ  യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 
എം.ഐ.ഷാനവാസിന്റെ മരണം നല്കിയത് എന്തെന്നില്ലാത്ത ശ്യൂനതയും നഷ്ടബോധവുമാണ്. ചികിത്സക്കായി ചെന്നൈക്ക് പോകുന്നതിന് മുമ്പ് അദ്ദേഹം എന്നെ കാണാന്‍ തിരുവനന്തപുരം ഗസ്റ്റ് ഹൗസില്‍ വന്ന വികാരനിര്‍ഭരമായ നിമിഷം മനസില്‍നിന്നു മായുന്നില്ല. രാവിലെ ഏഴു മണിക്കാണു വന്നത്. കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കായി വിദഗ്ധനായ ഡോക്ടറുടെ അടുത്തേക്കാണു പോകുന്നതെന്നു പറഞ്ഞു.  തുടര്‍ന്ന് എന്റെ ഭാര്യയോടും മകളോടും അടുത്ത മുറിലേക്ക് പോകാന്‍ പറഞ്ഞ ശേഷം ഷാനവാസ് എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു.  ചികിത്സ കഴിഞ്ഞ് മടങ്ങി വരാന്‍ കഴിയുമോ എന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു.നതീര്‍ച്ചയായും മടങ്ങിവരുമെന്ന്  പറഞ്ഞ് ഞാന്‍ അദ്ദേഹത്തിന് ആത്മധൈര്യം നല്‍കി. എന്നാല്‍  പ്രിയസുഹൃത്ത് മടങ്ങിവന്നില്ല. ഷാനവാസിനു കരള്‍ പകുത്തുകൊടുത്ത മകള്‍ ആമിനയെ ഓര്‍ത്ത് അഭിമാനം കൊള്ളുന്നു. അതിരുകളില്ലാത്ത സ്‌നേഹത്തിന്റെ പ്രതീകമാണ് ആ കുട്ടി- മുല്ലപ്പള്ളി അനുസ്മരിച്ചു.  
കെ.എസ്. യുവിലും യൂത്ത് കോണ്‍ഗ്രസിലും പിന്നീട് കോണ്‍ഗ്രസിലും ഒരുമിച്ചു പ്രവര്‍ത്തിച്ചവരാണു ഞങ്ങള്‍.  എന്റെ രണ്ടു കൈകളായി പ്രവര്‍ത്തിച്ചവരാണ്  ജി.കാര്‍ത്തികേയനും എം.ഐ.ഷാനവാസും.   രണ്ടുപേരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.  പ്രതിസന്ധികളെ അതിജീവിക്കാന്‍ അസാമാന്യ മന:സാന്നിദ്ധ്യമുള്ള നേതാവായിരുന്നു ഷാനവാസ്. ശക്തമായ നിലപാടുള്ള, സമര്‍ത്ഥനായ, തന്ത്രശാലിയായ നേതാവായിരുന്നു അദ്ദേഹം.  രാഷ്ട്രീയ ചാണക്യതന്ത്രങ്ങള്‍ അദ്ദേഹം സ്വായത്തമാക്കിയത് ലീഡര്‍ കെ.കരുണാകരനില്‍ നിന്നുമാണ്. തെരഞ്ഞെടുപ്പുകളില്‍ അദ്ദേഹത്തിന് പരാജയം ഏല്‍ക്കേണ്ടി വന്നത് അഭ്യൂദയകാംക്ഷികളുടെ പിന്നില്‍ നിന്നുള്ള കുത്തുകൊണ്ടാണ്. ചിലപ്പോള്‍  മൗനിയായി നില്ക്കുന്ന ഷാനവാസിനെ കണ്ടിട്ടുണ്ട്. രാജ്യത്തെ മതന്യൂനപക്ഷത്തിന്റെ വിഹ്വലതകള്‍ ആ മനസില്‍ നിന്നു വായിച്ചെടുക്കാമായിരുന്നു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരിടുന്നതിന് ചില സുപ്രധാന ദൗത്യങ്ങള്‍ ഷാനവാസിനെ ഏല്പിച്ചിരുന്നപ്പോഴാണ് ആകസ്മിക വിടവാങ്ങല്‍ ഉണ്ടായതെന്ന് മുല്ലപ്പള്ളി പറഞ്ഞു. 
 ന്യൂനപക്ഷ വിഭാഗങ്ങള്‍ ഉള്‍പ്പടെ എല്ലാജനങ്ങളുടേയും വിശ്വാസം ആര്‍ജ്ജിക്കാന്‍ കഴിഞ്ഞ നേതാവാണ് എം.ഐ ഷാനവാസെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി അംഗം എ.കെ ആന്റണി.  കോണ്‍ഗ്രസിനും  തനിക്ക് വ്യക്തിപരമായും കനത്ത നഷ്ടമാണ് ഷാനവാസിന്റെ വേര്‍പാട്. പാര്‍ട്ടിയെ തെരഞ്ഞെടുപ്പു വിജയങ്ങളിലേക്ക് എത്തിക്കുന്നതിന് തിരശീലയുടെ പിറകില്‍ നിന്ന് പ്രവര്‍ത്തിച്ച നേതാവ്.  അത്തരമൊരു നേതാവിനു പകരക്കാരനെ കണ്ടെത്താന്‍ ഉടനെയൊന്നും സാധിക്കുമെന്നു കരുതുന്നില്ല.  
  പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന്റെ നിലപാടുകള്‍ ഫലപ്രദമായി അവതരിപ്പിച്ച നേതാവാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തലവേദന സൃഷ്ടിച്ചിരുന്ന എം.പിമാരില്‍ ഓരാളായിരുന്നു ഷാനവാസ് . കരള്‍ രോഗം തളര്‍ത്തി ഡോക്ടര്‍മാര്‍ വിശ്രമം ആവശ്യപ്പെട്ടപ്പോഴും പ്രളയകാലത്ത് വയനാട്ടില്‍ ക്യാമ്പ് ചെയ്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഷാനവാസിനെ സാധിക്കൂ.   പ്രതിസന്ധികളിലും പ്രതികൂല സാഹചര്യങ്ങളിലും കോണ്‍ഗ്രസ്സിന്റെ നിലപാടുകള്‍ ജനങ്ങളില്‍ എത്തിച്ച നേതാവാണ് ഷാനവാസ്. ശബരിമല വിഷയത്തില്‍ സി.പി.എമ്മുംബി.ജെ.പിയും  ജനങ്ങളെ  വോട്ടിന്റെ പേരില്‍ ഭിന്നിപ്പിച്ച് മതേതരത്വം തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ നിലപാടാണ് ശരിയെന്ന് പൊതുസമൂഹത്തെ അറിയിക്കാന്‍ ഷാനവാസിനെ പോലെയുള്ള ആയിരം നേതാക്കളുടെ ആവശ്യം  കോണ്‍ഗ്രസിനുണ്ടെന്ന്  ആന്റണി പറഞ്ഞു.
നീണ്ട മുപ്പതു വര്‍ഷക്കാലം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാരവാഹിത്വം വഹിച്ച ഷാനവാസ് പാര്‍ട്ടിക്കുവേണ്ടി താന്‍ ചെയ്യുന്ന കാര്യങ്ങള്‍ പരസ്യപ്പെടുത്താത്ത നേതാവായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല അനുസ്മരിച്ചു. കോണ്‍ഗ്രസിന്റെ മതേതരമുഖമായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തില്‍  സ്ഥിരം പോരാളിയായിരുന്ന അദ്ദേഹത്തിനു  പലപ്പോഴും രോഗത്തോടും മരണത്തോടും പോരാടേണ്ടി വന്നെന്ന്  രമേശ് ചെന്നിത്തല പറഞ്ഞു.
കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് സ്വാഗതം പറഞ്ഞു.  മുന്‍ കെ.പി.സി.സി പ്രസിഡന്റുമാരായ തെന്നലബാല കൃഷ്ണപിള്ള, കെ.മുരളീധരന്‍ എം.എല്‍.എ,  ജോസഫ് വാഴയ്ക്കന്‍, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, ഷാനിമോള്‍ ഉസ്മാന്‍, വി.എസ്.ശിവകുമാര്‍ എം.എല്‍.എ, ശരത്ചന്ദ്ര പ്രസാദ്  കെ.വിദ്യാധരന്‍, മണക്കാട് സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *