May 15, 2024

മഴ : വടക്കേ വയനാടിനെ ഒറ്റപ്പെടുത്തി.: മേപ്പാടിയെ ദുരന്തഭൂമിയാക്കി.

0
Img 20190809 Wa0204.jpg
സി.വി.ഷിബു.
കൽപ്പറ്റ:  കനത്ത മഴ  വയനാട്ടിലെ മേപ്പാടിയെ ദുരന്തഭൂമിയാക്കി. വടക്കേവയനാടിനെ പൂർണ്ണമായും ഒറ്റപ്പെട്ട  അവസ്ഥയിലാക്കി. പുത്തുമലയിൽ വ്യാഴാഴ്ച ഉണ്ടായ ഉരുൾ പൊട്ടലിൽ കാണാതായവരിൽ  എട്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. നാല്പതോളം  പേരെ കാണാതായതായാണ് നാട്ടുകാർ പറയുന്നത്. ദേശീയ ദുരന്ത നിവാരണ സേനയും ആർമിയും ഫയർഫോഴ്സും നാട്ടുകാരും അടക്കം എൻപത് അംഗ ടീം  രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. 
വയനാട്ടിൽ വെള്ളിയാഴ്ച ഉച്ചവരെ  ക്യാമ്പ് 167 ക്യാമ്പുകൾ ആരംഭിച്ചു.
– 5678 കുടുംബങ്ങളിലെ 
 21211 പേർ ദുരിതാശ്വാസ ക്യാമ്പുകളിലാണുള്ളത്
  :  മഴ കനത്തതോടെ വടക്കെ വയനാടിന്റെ      പല ഭാഗത്തും പൊതുഗതാഗത സംവിധാനം ഇല്ലാതായി.റോഡുകളും ചെറു പാലങ്ങളും തകർന്നതും  വെള്ളം കയറിയതും കാരണം ബസുകൾ ഓടുന്നില്ല .കെ .എസ് .ആർ ടി.സി. മാനന്തവാടി ഡിപ്പോയിൽ നിന്ന് സർവീസ് പൂർണ്ണമായും നിലച്ചു. മാനന്തവാടിയിൽ നിന്ന് കൽപ്പറ്റക്ക്  പോകണമെങ്കിൽ  പുൽപ്പള്ളി, ബത്തേരി വഴി പോകേണ്ട അവസ്ഥയാണ് .മറ്റ് ജില്ലകളിലേക്ക് റോഡ് മാർഗ്ഗമുള്ള എല്ലാ വഴികളും അടഞ്ഞു.മാനന്തവാടി താലൂക്കിൽ 48 ക്യാമ്പുകളിൽ 1520 കുടുംബങ്ങളിലായി 5000 ത്തോളം ആളുകളാണ് ഉള്ളത്.മാനന്തവാടി നഗരസഭ പരിധിയിൽ മാത്രം 12 ക്യാമ്പുകളാണ് ആരംഭിച്ചിട്ടുള്ളത്.450 കുടുംബങ്ങളിലായി 1520 പേരാണ് ക്യാമ്പുകളിൽ ഉള്ളത്.മാനന്തവാടി ചെറ്റപ്പാലത്ത് വീടിന് പിറകിലെ സംരക്ഷണഭിത്തി വീടിന് പുറകിലേക്ക് പതിച്ച് ലക്ഷകണക്കിന് രൂപയുടെ നാശനഷ്ട്ടമുണ്ടായി.തയ്യുള്ളതിൽ ആർ വി റിയാസിന്റ് വീടിന് പുറകിലാണ് സംരക്ഷണ ഭിത്തിയും മണ്ണും ഇടിഞ്ഞ് താഴ്നത്.ഇതിന് സമീപത്ത്   ഷബീറിന്റെ    നിർമ്മാണം ആരംഭിച്ച് തറ പൂർത്തീകരിച്ച വീടിന്റെ പുറകിലെ സംരക്ഷണ ഭിത്തിയും തകർന്ന് വീണു. വരടി മൂല നാല് സെന്റ് കോളനിയിലെ ഭൂരിഭാഗം വീടുകളിലും വെള്ളം കയറിയ നിലയിലാണ്. വരടി മുല പണിയ കോളനിയിൽ നിന്നും മാറി താമസിക്കാൻ വിസമ്മതിച്ചവരെ പോലിസ് സഹായത്തോടെ ക്യാമ്പുകളിലേക്ക് മാറ്റി. ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ വിൽപ്പന നടക്കുന്ന മാനന്തവാടി ബീവറേജ് മദ്യ വിൽപ്പനശാലയുടെ പ്രീ മീയം കൗണ്ടർ മാത്രം ഉച്ചക്ക് 12 മണി മുതൽ ഒരു മണി വരെ മാത്രമെ പ്രവർത്തിച്ചുള്ളു. മാനന്തവാടി പനമരം റോഡിൽ കൈതക്കലിൽ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു.
വെള്ളമുണ്ട വലക്കോട്ടില്‍ പ്രദേശത്ത് കഴിഞ്ഞ രാത്രിയില്‍ ഉരുള്‍പൊട്ടലിന് സമാനമായ മണ്ണിടിച്ചില്‍. ഏക്കര്‍ കണക്കിന് കൃഷിയിടങ്ങള്‍ ഒലിച്ചുപോയി. സമീപത്തെ വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഈ പ്രദേശത്തെ അഞ്ചോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. സിദ്ദീഖ്, ജോണ്‍സണ്‍, പീറ്റര്‍, അനന്തന്‍ നായര്‍. തുടങ്ങിയവരുടെ വീടുകള്‍ക്കാണ്  കേടുപാടുകള്‍ സംഭവിച്ചത്.  
    തിരുനെല്ലി പഞ്ചായത്തിൽ 60 ഓളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു മുൻ വർഷം പ്രളയം ബാധിച്ച ബാവലി മീൻ കൊല്ലി പാൽ വെളിച്ചം കക്കേരി തൃശ്ശിലേരി തച്ചറ കൊല്ലി പുഴ വയൽ എന്നി പ്രദേശങ്ങളിലെ കുടുംബങ്ങളെയാണ് തിരുനെല്ലി ഗ്രാമപഞ്ചായത്തിന്റെയും റവന്യു വകുപ്പിന്റെയും നേതൃത്വത്തിൽ മാറ്റി വിവിധ സ്കൂൾ, റിസോർട്ട്, വീടുകളിലേക്ക് മാറ്റിയത്. പഞ്ചായത്ത് പ്രസിഡന്റ് മായ ദേവിയുടെ നേതൃത്വത്തിൽ ഭരണ സമതിയംഗങ്ങളും നാട്ടുകാരുമാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നത്.പനമരത്ത് സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടക്കുന്നുണ്ട്.

 പനമരം മാതോത്ത്പോയിൽ കോളനിയിൽ രണ്ട്  പേർ കുടുങ്ങി കിടക്കുന്നതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് അവരെ രക്ഷപെടുത്തുന്നതിനു  ബോട്ട് എത്തിച്ചു. 
മുട്ടൻകരയിൽ പമ്പ് ഹൗസിന് ചുറ്റും വെള്ളം  കയറി കേന്ദ്ര ജല കമ്മീഷന്റെ നാല് ജീവനക്കാർ കുടുങ്ങി.
ബാണാസുര ഡാമിലെ ജലനിരപ്പ് ക്രമാധീതമായി ഉയർന്നതിനാൽ    ശനിയാഴ്ച്ച രാവിലെ 8:00 മണിക്ക് ഷട്ടറുകൾ തുറക്കുമെന്ന് ഡാം അധികൃതർ അറിയിച്ചു. . ഒരു മീറ്റർ ഉയരത്തിൽ ജലനിരപ്പ് ഉയരുന്നതിനാൽ വാരാമ്പറ്റ പുഴയുടെ തീരത്ത് താമസിക്കുന്ന പനമരം ഉൾപ്പെടുയുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട് .കബനി നദിയിൽ നാല് പേർ ഒഴുക്കിൽപ്പെട്ടു. നദിക്കരയിലെ   മരച്ചില്ലകളിൽ തൂങ്ങിയാണ് ഇവർ രക്ഷപ്പെട്ടത്.  
മന്ത്രിമാരായ ടി.പി.രാമകൃഷ്ണനും എ.കെ. ശശീന്ദ്രനും വയനാട്ടിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. വയനാട് ജില്ലാ കലക്ടർ എ.ആർ. അജയകുമാർ,  സബ് കലക്ടർ എൻ.എസ്.കെ. ഉമേഷ് എന്നിവരുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *