May 12, 2024

ബ്രഹ്മഗിരി വയനാട് കോഫി – വ്യാവസായിക ഉത്പാദക യൂണിറ്റിൻ്റേയും വെബ്സൈറ്റിൻ്റേയും ഉദ്ഘാടനം നാളെ

0
 
കൽപ്പറ്റ: ബ്രഹ്മഗിരി ഡെവലപ്മെൻ്റ് സൊസൈറ്റിയുടെ പുതിയ പദ്ധതിയായ ബ്രഹ്മഗിരി വയനാട് കോഫിയുടെ വ്യാവസായിക ഉത്പാദക യൂണിറ്റും വെബ്സൈറ്റും നാളെ  രാവിലെ10 ന് ഉദ്ഘാടനം ചെയ്യും. കണിയാമ്പറ്റയിലുള്ള വ്യാവസായിക ഉത്പാദക യൂണിറ്റ് വ്യാവസായിക വകുപ്പ് മന്ത്രി ഇ.പി. ജയരാജനും വൈബ്സൈറ്റ് ക്ഷീര വികസന വകുപ്പ് മന്ത്രി അഡ്വ. കെ. രാജുവും ഉദ്ഘാടനം ചെയ്യും. കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് ഓൺലൈൻ വഴിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. 
വയനാട്ടിലെ കാപ്പി കർഷകരുടെ പിന്തുണയോടെ നടപ്പിലാക്കുന്ന സഹകരണ കാർഷിക പദ്ധതിയാണ് ബ്രഹ്മഗിരി കോഫി. ജില്ല- ഗ്രാമപഞ്ചായത്ത് തലങ്ങളിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കാപ്പി കർഷക ഫെഡറേഷനുകൾ രൂപീകരിച്ചിട്ടുണ്ട്. കാപ്പി കർഷക ഫെഡറേഷന്  കീഴിലുള്ള 6 പഞ്ചായത്തുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കർഷക കൂട്ടായ്മകളിലൂടെയാണ്  സംഭരണം, സംസ്കരണം, വിതരണം എന്നിവ നടത്തുന്നത്. 6000 ത്തോളം കർഷകർ ഇതിൻ്റെ ഭാഗമാകും.
ഇടനിലക്കാരില്ലാതെ കർഷകർക്ക് വരുമാനം കണ്ടെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. കോഫി ബോർഡിന്റെ പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗുണമേൻമ ഉറപ്പു വരുത്തി കാപ്പി സംഭരിക്കുന്നതിനും ഗുണനിലവാരം പരിശോധിക്കുന്നതിനും നടീൽ വസ്തുക്കളുടെ വിതരണത്തിനും ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്തുന്നതിനുമായി ബ്രഹ്മഗിരി കോഫി ഡിവിഷൻ പ്രവർത്തിക്കും. 
വയനാടൻ റോബസ്റ്റ, അറബിക്ക ബ്ലൻഡ് ചെയ്ത നോർമൽ കോഫി പൗഡർ, ഫിൽറ്റർ കോഫി, സ്പൈസസ് കോഫി എന്നിവ ഓണത്തിന് ഉപഭോക്താക്കളിലെത്തിക്കും. കോഫി ഫിൽറ്ററും ഫിൽറ്റർകോഫി പൗഡറും അടങ്ങുന്ന കോംമ്പോ ആയും ഉത്പ്പന്നം വിപണിയിലെത്തും. ഇതിനായി കണിയാമ്പറ്റയിൽ കോഫി പ്രൊഡക്ഷൻ യൂണിറ്റും ക്വാളിറ്റി നിർണ്ണയ ലാബും പ്രവർത്തന സജ്ജമായി. ഇവിടെ പ്രതിദിനം മൂന്ന് ടണ്ണിനു മുകളിൽ ഉത്പ്പാദനം നടത്താനാകും.
സി.കെ. ശശീന്ദ്രൻ എം.എൽ.എ. അധ്യക്ഷനാകുന്ന പരിപാടിയിൽ എം.എൽ.എ.മാരായ ഒ.ആർ. കേളു, ഐ.സി. ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ബി. നസീമ, ജില്ലാ കളക്ടർ ഡോ: അദീല അബ്ദുള്ള, മറ്റ് ജനപ്രതിനിധികൾ, കോഫി ബോർഡ് പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുക്കും. ZOOM മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ്  പരിപാടി നടത്തുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *