May 11, 2024

കാര്‍ബണ്‍ ഫൂട്ട് പ്രിന്റ് കണക്കെടുത്തു, ഹരിത ക്യാംപസാക്കാൻ ഒരുങ്ങി , കാലിക്കറ്റ് സര്‍വകലാശാല

0
Img 20220210 093246.jpg
✍️സി.ഡി. സുനീഷ് 
മാറുന്ന കാലാവസ്ഥ വ്യതിയാന കാലത്ത് നാമുണ്ടാക്കുന്ന 
ചെറിയ പരിസ്ഥിതി നാശം പോലും ഭൂമിയുടെ ആവാസ വ്യവസ്ഥ താറുമാറാക്കും.
ഈ പശ്ചാത്തലത്തിലാണ്, പലവിധ ഊര്‍ജോപയോഗങ്ങളുടെ ഫലമായി കാമ്പസിലെ അന്തരീക്ഷത്തിലേക്ക് പുറന്തുള്ളുന്ന കാര്‍ബണ്‍ഡയോക്സൈഡിന്റെ കണക്കെടുത്ത് കാലിക്കറ്റ് സര്‍വകലാശാല
ശ്രദ്ധേയമാകുന്നത്.
 സര്‍വകലാശാലാ പരിസ്ഥിതി പഠനവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിസ്ഥിതി ഓഡിറ്റിൽ  കണ്ടെത്തലുകൾ പ്രസക്തമാണ്.
 ഹരിത ഓഡിറ്റും നടത്തിയിട്ടുണ്ട്. 2020 വര്‍ഷത്തെ കണക്കനുസരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പരിസ്ഥിതി പഠനവകുപ്പ് മേധാവി ഡോ. സി.സി. ഹരിലാല്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജിന് കൈമാറി.
 കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസിലെ പ്രതിവര്‍ഷ കാര്‍ബണ്‍ പുറന്തള്ളല്‍ നിരക്ക് 2642.86 മെട്രിക് ടണ്‍ ആണ്. ആളോഹരി വിഹിതം 0.53 മെട്രിക് ടണ്‍ മാത്രം. ദേശീയ ശരാശരി 1.74 ആണ്. യു.എസ്.എയില്‍ ഇത് 15.52 മെട്രിക് ടണ്‍ വരും. കാമ്പസിലെ വാഹന, വൈദ്യുതി ഉപയോഗം. ലാബുകള്‍, കാന്റീന്‍, ഹോസ്റ്റലുകള്‍, ക്വാര്‍ട്ടേഴ്സുകള്‍ എന്നിവിടങ്ങളിലെ വാതക ഉപയോഗം എന്നിവയെല്ലാം കണക്കിലെടുത്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ആളോഹരി ഹരിത മേഖലയുടെ (ഗ്രീന്‍ സ്പേസ്) കാര്യത്തില്‍ 185.37 ച.മീ. ആണ് സര്‍വകലാശാലാ കാമ്പസിലുള്ളത്. ലോകാരാഗ്യ സംഘടന നിര്‍ദേശിച്ചിരിക്കുന്നത് 9 ച.മീ. മാത്രമാണ്. 2015-16 വര്‍ഷത്തെ അപേക്ഷിച്ച് ഖരമാലിന്യത്തിന്റെ കാര്യത്തില്‍ കുറവുണ്ടായിട്ടുണ്ട്. പ്രതിദിനം 613 കി.ഗ്രാം ഉണ്ടായിരുന്നത് 557.2 കിലോ ആയി. ആളോഹരി മാലിന്യം പ്രതിദിനം 112 ഗ്രാമാണ്. ഇതില്‍ 57 ശതമാനം ഭക്ഷണാവശിഷ്ടങ്ങളും 30 ശതമാനം കടലാസും 11 ശതമാനം പ്ലാസ്റ്റിക്കുമാണ്. വെള്ളത്തിന്റെ ഉപയോഗം ആളൊന്നിന് 329.9 ലിറ്റര്‍ എന്നതാണ് കണക്ക്. കാമ്പസിലെ കെട്ടിട നിര്‍മിതികള്‍ 4.81 ശതമാനവും തരിശുഭൂമി 19.14 ശതമാനവുമാണ്. പരിസ്ഥിതി പഠനവകുപ്പിലെ അധ്യാപകരായ ഡോ. ടി.ആര്‍. ശാന്തി, ഡോ. എം.സി. രതി, വി.കെ. ശ്യാമിലി എന്നിവര്‍ക്കു പുറമെ നാല്പതോളം വിദ്യാര്‍ഥികളും റിപ്പോര്‍ട്ട് തയ്യാറാക്കുന്നതില്‍ പങ്കാളികളായി. ഊര്‍ജോപയോഗം കുറയ്ക്കുന്നതിനായി വൈദ്യുതി വാഹനങ്ങള്‍, സൗരോര്‍ജം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും മഴവെള്ള ഉപയോഗം വര്‍ധിപ്പിക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു.  റിപ്പോർട്ട് പ്രകാശന ചടങ്ങില്‍ രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. പി. ശിവദാസന്‍, അസി. രജിസ്ട്രാര്‍ വി.വി. സാബു തുടങ്ങിയവര്‍ പങ്കെടുത്തു.
ലോക പരിസ്ഥിതി ഉച്ചകോടി കഴിഞ്ഞതോടെ പരിസ്ഥിതി ആഘാതം കുറക്കാൻ കാർബൺ രഹിത വാഹനങ്ങൾ കൂടുതൽ നിരത്തിലറങ്ങാൻ പശ്ചാത്തലമൊരുക്കുന്ന ഇന്ത്യയിൽ ,സർവ്വകലാ ശാലയിൽ നിന്നും വരുന്ന ഈ ഹരിത ചുവട് വെയ്പ്പ് മാതൃകാപരമാണ്. സർവ്വകലാ ശാല കോളേജുകളിലും ഇത്തരം ഹരിത ചുവടുകൾ വ്യാപിപ്പിക്കണമെന്നാണ് 
പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെടുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *