May 1, 2024

ജിനചന്ദ്ര മെമ്മോറിയൽ സർക്കാർ മെഡിക്കൽ കോളേജ് അട്ടിമറിച്ചത് ജില്ലാ ഭരണകൂടം: കർമ്മസമിതി ദശദിന സത്യാഗ്രഹം തുടങ്ങുന്നു

0
Img 20221003 Wa00522.jpg
കൽപ്പറ്റ: ജിനചന്ദ്ര മെമ്മോറിയൽ സർക്കാർ മെഡിക്കൽ കോളേജ് അട്ടിമറിച്ചത് ജില്ലാ ഭരണകൂടമാണന്നും ഇതിനെതിരെ 
കർമ്മസമിതി ദശദിന സത്യാഗ്രഹം തുടങ്ങുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 
2015 ൽ മുഖ്യമന്ത്രി തറക്കല്ലിടുകയും 2016 ൽ റോഡ് നിർമ്മാണം ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്യുകയും, 2017ലെ ബജറ്റിൽ കിഫ്ബിയിൽ നിന്ന് ഫണ്ട് അനുവദിക്കുകയും 2018ൽ കരാറുകാരന് 320 ലക്ഷം രൂപ നൽകുകയും ചെയ്ത ശേഷം, പ്രളയത്തെ മറയാക്കി. ജില്ലാ ഭരണകൂടവും, മലബാറിലെ സ്വകാര്യ മെഡിക്കൽ ലോബിയും ചേർന്ന് വയനാട് സർക്കാർ മെഡിക്കൽ കോളേജ് അട്ടിമറിക്കുകയായിരുന്നു
30/10/2018ന് ജില്ലാ ഭരണകൂടത്തിന് ലഭിച്ച ജി എസ്  പഠന റിപ്പോർട്ടിൽ, പ്രഥമദൃഷ്ട്യാ നിലവിലെ സൈറ്റ്, ജിയോ പാരിസ്ഥിതിക സാഹചര്യങ്ങളിൽ സ്ഥിരതയുള്ളതായി തോന്നുന്നു എന്ന നിഗമനത്തെ വളച്ചൊടിച്ചും, മൂടിവെച്ചും, ദുർവ്യാഖ്യാനം ചെയ്തും, ജനങ്ങളെയും രാഷ്ട്രീയ നേതൃത്തങ്ങളെയും ബോധപൂർവ്വം തെറ്റിദ്ധരിപ്പിക്കുകയും ചെയ്തത് ജില്ലാ ഭരണകൂടത്തിന്റെ ആസൂത്രിത നീക്കമായിരുന്നു.
2018 ആഗസ്റ്റിലെ പ്രളയകാലത്തോ, അതിന് നൂറ്റാണ്ടുകൾക്ക് മുമ്പോ മെഡിക്കൽ കോളേജ് കെട്ടിട നിർമാണത്തിന് വേണ്ടി, ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റ് സംഭാവനയായി നൽകിയ കോട്ടത്തറ വില്ലേജിലെ മടക്കിമലയ്ക്ക് അടുത്തുള്ള 50 ഏക്കർ ഭൂമിയിൽ യാതൊരുവിധ പാരിസ്ഥിതിക പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നിരിക്കെ, പ്രളയം ദിനങ്ങൾ ഒക്കെ കഴിഞ്ഞ് രണ്ടു മാസങ്ങൾക്ക് ശേഷം 17/10/2018 ന് ജില്ലാ ഭരണകൂടം വിളിച്ചുചേർത്ത ദുരന്തനിവാരണ സമിതി യോഗമാണ് അട്ടിമറിക്ക് കളമൊരുക്കിയത്.
പശ്ചിമഘട്ട മലനിരകൾ നിറഞ്ഞ വയനാടൻ ഭൂപ്രകൃതിയെ കുറിച്ച് യാതൊരു ബോധ്യവും ഇല്ലാത്ത ഉത്തരേന്ത്യക്കാരായ രണ്ടു ജിയോളജിസ്റ്റുകളെ ഈ ഭൂമിയിൽ പഠനം നടത്താൻ ജില്ലാ ഭരണകൂടം തന്നെ ഉന്നതതല ഉദ്യോഗസ്ഥ ഗൂഢാലോചനയുടെ ഭാഗമാണ്.
അതേ അവസരത്തിൽ കെട്ടിടങ്ങളും, ബസ്റ്റാൻഡ് കോംപ്ലക്സും ഉൾപ്പെടെ കടപുഴകിയ പ്രദേശത്ത്, മെഡിക്കൽ കോളേജിനു വേണ്ടി വിലകൊടുത്തു വാങ്ങുന്ന ചേലോട്ട് എസ്റ്റേറ്റ് ഭൂമിയിലും, മടക്കിമലയെക്കാളും ചെങ്കുത്തായ കുന്നിൻ ചെരുവുകൾ ഉള്ള കോട്ടപ്പടി വില്ലേജിൽ നിർമ്മിച്ച വിംസ് സ്വകാര്യ മെഡിക്കൽ കോളേജ് ഏറ്റെടുക്കുന്നതിനും, പാരിസ്ഥിതിക പഠനം നടത്തി അനുകൂലമായ റിപ്പോർട്ട് തയ്യാറാക്കാൻ സംസ്ഥാനത്തെ പരിചയസമ്പന്നരായ ഗവേഷകരെ നിയോഗിച്ചതും ബോധപൂർവ്വം തന്നെയാണ്.
ആവശ്യമായ പഠനങ്ങൾ നടത്തിയ ശേഷമാണ്, മടക്കിമലയിലെ വിശാലമായ 50 ഏക്കർ ഭൂമിയിൽ, മെഡിക്കൽ കോളേജിനു വേണ്ടി, പരിസ്ഥിതി സൗഹൃദ ബിൽഡിങ്ങുകളാണ് പൊതുമരാമത്ത് വകുപ്പിന്റെ എറണാകുളത്തെ കെട്ടിട നിർമ്മാണ വിഭാഗം രൂപകൽപ്പന ചെയ്തത്. 
 രാഷ്ട്രീയനേതൃത്വങ്ങളെ ഒന്നാകെ വഴിതെറ്റിച്ച് വയനാടിന്റെ ഹൃദയഭാഗത്ത് നിർമ്മിക്കേണ്ടിയിരുന്ന സർക്കാർ മെഡിക്കൽ കോളേജ്, ജില്ലയുടെ വടക്കേ അറ്റത്ത് കണ്ണൂർ അതിർത്തിയിൽ നെടുംപൊയിൽ ചുരത്തിനും, പാൽചുരത്തിനും മുകളിലുള്ള ബോയ്സ് ടൗണിൽ എത്തിച്ചത് ആസൂത്രിത നീക്കത്തിലൂടെയാണ്.
2131 ചതുരശ്ര കിലോമീറ്റർ വിസ്തീർണം ഉള്ള വയനാടിന്റെ 35% പ്രദേശവും വനഭൂമിയാണ്. 23 ഗ്രാമപഞ്ചായത്തുകളും മൂന്നു മുനിസിപ്പാലിറ്റികളും അടങ്ങുന്ന ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭൂമിശാസ്ത്രപരമായ കിടപ്പ്, ജനസാന്ദ്രത, ജനസംഖ്യ, വീടുകൾ, അവിടെനിന്ന് മെഡിക്കൽ കോളേജിലേക്ക് എത്തിച്ചേരാനുള്ള ദൂരപരിധിയും, സമയവും, ആദിവാസി ഗോത്ര വിഭാഗങ്ങൾ ഉൾപ്പെടെ 80 ശതമാനത്തിലധികം വരുന്ന ദുർബല ജനവിഭാഗങ്ങളുടെ ജീവിത സാഹചര്യങ്ങൾ ഇവയൊന്നും പരിഗണിക്കാതെയാണ്. ജനങ്ങളുടെ നികുതിപ്പണം ശമ്പളം വാങ്ങുന്നവർ, മലബാറിലെ സ്വകാര്യ മെഡിക്കൽ മാഫിയക്ക് വേണ്ടി വിടുപണി ചെയ്തത്.
റെയിൽവേ, രാത്രി യാത്രാ നിരോധനം, ചുരം ബദൽ റോഡുകൾ, കാവേരി നദീജല വിനിയോഗം, ബഫർസോൺ, ആരോഗ്യ മേഖല ഉൾപ്പെടെയുള്ള വയനാടിന്റെ വികസന കാര്യങ്ങളിലെല്ലാം, മറ്റു ജില്ലകളിൽ നിന്ന് സസ്പെൻഷനുകളും, സ്ഥലം മാറ്റങ്ങളുമായി വയനാട്ടിൽ എത്തുന്ന ഉദ്യോഗസ്ഥർ സ്വീകരിക്കുന്ന നിരുത്തരവാദപരമായ സമീപനം വയനാടിനെ തകർത്തു കളഞ്ഞു.
ഇച്ഛാശക്തിയുള്ള ഭരണ പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വങ്ങൾ ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ വയനാട് ദുരന്ത ഭൂമിയായി മാറും.
മടക്കിമല മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റിയുടെ മൂന്നാംഘട്ട സമരത്തിന്റെ ഭാഗമായി ഒക്ടോബർ 10ന് തിങ്കളാഴ്ച മുതൽ 10 ദിവസക്കാലം ജില്ലാ കളക്ടറേറ്റിനു മുന്നിൽ റിലേ നിരാഹാര സത്യാഗ്രഹം നടക്കും. വീട്ടമ്മമാർ, മുതിർന്ന പൗരന്മാർ, യുവാക്കൾ, വിദ്യാർത്ഥികൾ, കർഷകർ, വ്യാപാരികൾ, അംഗപരിമിതർ, സാമൂഹ്യ സാംസ്കാരിക നായകർ, പൊതുപ്രവർത്തകർ തുടങ്ങി സമൂഹത്തിലെ നാനാ വിഭാഗങ്ങളിലുമുള്ളവരുടെ പ്രതിനിധികൾ ഈ സത്യാഗ്രഹ സമരത്തിൽ പങ്കാളികളാവും.
ഭരണ പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഇക്കാര്യത്തിൽ പരസ്യ നിലപാട് അടിയന്തരമായി സ്വീകരിച്ചില്ലെങ്കിൽ, സമരം പഞ്ചായത്ത് വാർഡ് തലങ്ങളിലേക്ക് വ്യാപിപ്പിക്കും, ജനവിരുദ്ധ നിലപാട് സ്വീകരിക്കുന്നവർക്കെതിരെ പരസ്യമായി ആക്ഷൻ കൗൺസിൽ രംഗത്ത് വരികയും ചെയ്യും.
പത്ര സമ്മേളനത്തിൽ ആക്ഷൻ കമ്മിറ്റിക്കു വേണ്ടി, ഇ.പി. . ഫിലിപ്പ് കൂട്ടി (ചെയർമാൻ), വിജയൻ മടക്കിമല (ജനറൽ കൺവീനർ), വി.പി. അബ്ദുൽ ഷുക്കൂർ (ട്രഷറർ), അഡ്വ: ടി.യു. ബാബു (ജില്ലാ ലീഗൽ സെൽ ചെയർമാൻ), എം. ഇക്ബാൽ മുട്ടിൽ (വൈ ചെയർമാൻ) എന്നിവർ സംബന്ധിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *