April 1, 2023

വയനാട് മാറുന്നു. കലാവസ്ഥയിലും കാർഷിക സമ്പത്തിലും ‘

IMG_20230308_111930.jpg
 • റിപ്പോർട്ട് :  സഞ്ജന .എസ് . കുമാർ
കൽപ്പറ്റ: കാര്‍ഷിക സംസ്കാരത്തോടൊപ്പം പേരുകേട്ട വയനാടിൻ്റെ രൂപവും ഭാവവും മാറുന്നു.കാലാവസ്ഥ വ്യതിയാനവും കാർഷിക സംസ്ക്കാരവും മാറുന്നത് വയനാടിൻ്റെ ഖ്യാതിക്ക് കോട്ടം തട്ടുമോയെന്ന ആശങ്കയിലാണ് വയനാട്ടുകാർ .മഴയുടെ ലഭ്യതയിലെ കുറവ് അമിത ചൂട് എന്നിവ ഇതിൽ പ്രധാനപ്പെട്ടതാണ്. 40 വർഷം മുമ്പ് വൈകുന്നേരങ്ങളിൽ  തീയിട്ട്  തണുപ്പകറ്റിയിരുന്ന വയനാട്ടുകാർ ഇന്ന് വൈകുന്നേരങ്ങളിലെ ചൂടിൽ നിന്ന് രക്ഷ നേടാൻ എ.സി മുറികളിലേക്ക് ചേക്കേറുന്നതാണ് നാല് പതിറ്റാണ്ടിൻ്റെ വൈരുദ്ധ്യം.
വയനാടിന്റെ മഴലഭ്യതയേറിയ ഭാഗങ്ങളിൽ ചില വർഷങ്ങളിൽ 4000 മില്ലിമീറ്റർ മഴ ലഭിക്കാറുണ്ട്. പക്ഷെ ഈയിടെയായി ജിലാ ശരാശരിയിൽ വലിയ മാറ്റം കണ്ടുതുടങ്ങി. 2014ൽ ഇത് 3260 മി മീ ആയിരുന്നെങ്കിൽ അടുത്ത രണ്ടു വർഷം 2283 മി മീ ആയും 1328 മി മീ ആയും കുത്തനെ കുറഞ്ഞു. 2017ൽ 2125 മി മീ ആയപ്പോൾ 2018ൽ കേരളത്തിന്റെ പ്രളയവർഷത്തിൽ അത് കുതിച്ചുയർന്ന് 3832 മി മീ ആയി.
കഴിഞ്ഞ ദശാബ്ദങ്ങളിൽ മഴയുടെ വാർഷികലഭ്യത വളരെ വ്യത്യസ്തമായിരുന്നു. 1980കളിലും 90കളിലും വ്യത്യാസം അധികരിച്ചുവെന്നു  കാലാവസ്ഥാ നീരിക്ഷകർ പറയുന്നു.  മൺസൂൺ കാലത്തും അത് കഴിഞ്ഞും കടുത്ത കാലവർഷം കേരളത്തിലെമ്പാടും അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. വയനാടിന്റെ സ്ഥിതിയും വ്യത്യസ്തമല്ല.
 കേരളത്തിലെ മലയോര ജില്ല, വയനാട്. പശ്ചിമഘട്ട മലയുടെ സൗന്ദര്യം ആവാഹിച്ച വയനാട് കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം രൂക്ഷമായി അനുഭവിക്കുന്ന സ്ഥലങ്ങളിലൊന്നാണ്. അടുത്തിടെയുണ്ടായ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും വയനാടിന്റെ സൗന്ദര്യത്തെ നശിപ്പിച്ചു. ഇപ്പോള്‍ കാലാവസ്ഥാ വ്യതിയാനം ഈ നാശത്തെ പൂര്‍ണമാക്കിയിരിക്കുകയാണ്.
 1931ലെ സെൻസസ് പ്രകാരം ഇവിടെ ഒരു ലക്ഷത്തിൽ താഴെ മാത്രമായിരുന്ന ജനസംഖ്യ  കാനേഷുമാരി കണക്കുപ്രകാരം 8,17,420 ആയി വളർന്നു. ഇതോടൊപ്പം ഭൂമി തുണ്ടുതുണ്ടാക്കുന്ന വിഭജനക്രിയകളും അനിവാര്യമായിത്തീർന്നു. ഇതുംവയനാട് ചൂട് കൂടുതലുള്ള പ്രദേശമാക്കപ്പെടുന്നു.
സൗന്ദര്യത്തെ മാത്രമല്ല കാർഷിക സമ്പത്തിനെയും കാലാവസ്ഥാ വ്യതിയാനം ബാധിച്ചിട്ടുണ്ട്. മണ്ണിന്റെ ഘടന പോലെ തന്നെ താപനിലയിലെ വര്‍ധനവും കാര്‍ഷിക ഉല്‍പാദനത്തെയും ബാധിക്കുന്നുണ്ട്.
ഡിസംബർ മുതൽ ഫെബ്രുവരി  വരെയാണ് വയനാട്ടിൽ തണുപ്പ് അനുഭവപ്പെടുന്നത്. അടുത്തു നിൽക്കുന്ന ആളെ പോലും കാണാൻ പറ്റാത്ത വിധം കോടമഞ്ഞ് മൂടിയിരിക്കുന്ന വയനാട്ടിലേക്ക് നിരവധി വിനോദസഞ്ചാരികളാണ് എന്നും എത്തുന്നത്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ വയനാടിന്റെ ഇപ്പോഴത്തെ കാലാവസ്ഥ വ്യതിയാനം വിനോദസഞ്ചാരികളുടെ ഒഴുക്കിൽ കുറവ് വരുത്തി എന്നതിൽ സംശയമില്ല. ജില്ലയുടെ വരുമാനത്തിൽ പ്രധാന പങ്കുവഹിക്കുന്നത് ടൂറിസമായതിനാൽ ടൂറിസ്റ്റുകളുടെ കുറവ് വയനാടിന്റെ സാമ്പത്തിക ഘടനയെ നന്നായി ബാധിച്ചിട്ടുണ്ട്. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ കഠിന ചൂടിലും വയനാടിന് ആശ്വാസമായി എത്തുന്ന വേനൽ മഴയിലും നന്നേ കുറവ് ഉണ്ടായിട്ടുണ്ട്. ഈ കുറവ് കാർഷിക വിളകളെ പ്രതികൂലമായാണ് ബാധിക്കുന്നത്. വയനാട്ടിലെ ആളുകൾ കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവർ ആയതിനാൽ കാലാവസ്ഥയിലെ മാറ്റം ഏറ്റവും കൂടുതൽ ബാധിക്കുന്നത് അവരെയാണ്. ജീവിതം വരണ്ടുണങ്ങുമ്പോഴും വേനൽ മഴക്കായി കാത്തിരിക്കുകയാണ് വയനാട്ടിലെ കർഷകർ.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *