May 1, 2024

വയനാട്ടിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശം പകർന്ന്: ‘ഡി കെ’

0
Img 20240418 172056

മുട്ടിൽ: ഇടതുപക്ഷത്തിന് വോട്ട് ചെയ്യുന്നത് ബി ജെ പിയെ സഹായിക്കുന്നതിന് തുല്യമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ പറഞ്ഞു. മുട്ടിൽ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രചാരണ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിരവധി തെളിവുകൾ ഉണ്ടായിട്ടും കേരള മുഖ്യമന്ത്രിയെ എന്തുകൊണ്ടാണ് കേന്ദ്ര അന്വേഷണ സംഘങ്ങൾ കേസെടുക്കുകയോ ചോദ്യം ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യാത്തതെന്ന് മനസിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു തെളിവുമില്ലാതെയാണ് അരവിന്ദ് കേജരിവാളിനെയും ഷിബു സോറനേയും അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് ബി.ജെ.പിയുമായുള്ള പിണറായി വിജയൻ്റെ ഒത്തുതീർപ്പാണ് വ്യക്തമാക്കുന്നത്. സാമ്പത്തിക രംഗം കൈകാര്യം ചെയ്യുന്നതിനും ഭരണം നടത്തുന്നതിനും കേരളത്തിലെ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്.

എൽഡിഎഫ് സർക്കാർ കൃത്യമായി പെൻഷൻ പോലും കൊടുക്കുന്നില്ല. കർണാടകയിൽ നൽകിയ അഞ്ച് ഗ്യാരണ്ടികളും തെലങ്കാനയിൽ നൽകിയ ആറ് ഗ്യാരണ്ടികളും അധികാരത്തിലേറിയപ്പോൾ കോൺഗ്രസ് നടപ്പിലാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി അധികാരത്തിലെത്തും. രാഹുൽ ഗാന്ധി നൽകിയ വാഗ്ദാനങ്ങൾ എല്ലാം നടപ്പിലാക്കും.

ജോഡോ യാത്രയിൽ ഉടനീളം ഇന്ത്യയിലെ ജനങ്ങൾ രാഹുൽ ഗാന്ധിയുമായി പങ്കുവെച്ചത് യുവാക്കളുടെ തൊഴിലില്ലായ്മ, കർഷകരുടെ പ്രശ്നങ്ങൾ, വിലക്കയറ്റം എന്നിവയാണ്. എന്നാൽ ഇതിലൊന്നും പ്രാധാന്യം കൊടുക്കാതെ വെറുപ്പിന്റെ പ്രചാരണമാണ് കേന്ദ്രസർക്കാർ നടത്തുന്നത്. ബിജെപി ഈ തെരഞ്ഞെടുപ്പിൽ തോൽക്കാൻ പോവുകയാണ്. പിന്നെ എന്തിനാണ് അവർ ഗ്യാരണ്ടി നൽകിയത് എന്ന് മനസ്സിലാകുന്നില്ല. മുൻപ് അവർ നൽകിയ വാഗ്ദാനങ്ങൾ ഒന്നും ഇതുവരെ പാലിക്കപ്പെട്ടില്ല. എന്ത് ധാർമികതയാണ് കേരളത്തിലെ ബിജെപി സ്ഥാനാർഥികൾക്ക് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു.

കോൺഗ്രസിന്റെ ചരിത്രം എന്നാൽ രാജ്യത്തിൻറെ ചരിത്രമാണ്. കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നാൽ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും ക്ഷേമം ഉണ്ടാകും. അതുകൊണ്ടാണ് തെരഞ്ഞെടുപ്പിൽ 5 ഗ്യാരണ്ടികൾ കോൺഗ്രസ് നൽകുന്നത്. ഭക്ഷ്യ സുരക്ഷാ നിയമം, വിവരാവകാശ നിയമം പോലെയുള്ള സാധാരണക്കാരെ സഹായിക്കുന്ന നിരവധി നിയമങ്ങളാണ് യുപിഎ സർക്കാർ കൊണ്ടുവന്നിരുന്നത്.

കഴിഞ്ഞ പത്തുവർഷത്തെ ഭരണത്തിനിടയിൽ ഇത്തരം ഒരു നിയമം കൊണ്ടുവന്നതായി ബിജെപിക്ക് കാണിക്കാൻ പറ്റുമോയെന്നും അദ്ദേഹം ചോദിച്ചു. രാത്രിയാത്രാ വിഷയം, വന്യമൃഗശല്യം എന്നീ വിഷയങ്ങളിൽ കേരളത്തിന് കർണാടക സഹകരണവും പിന്തുണയും നൽകുമെന്നും, ശിവകുമാർ പറഞ്ഞു. യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ സലാം നീലിക്കണ്ടി അധ്യക്ഷനായി.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ പി അനിൽകുമാർ എംഎൽഎ, കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി സിദ്ദീഖ് എംഎൽഎ, ഡിസിസി പ്രസിഡൻ്റ് എൻ.ഡി അപ്പച്ചൻ, മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ടി. ഹംസ, കൺവീനർ പി പി അലി, ട്രഷറർ ടി.ജെ ഐസക്ക്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കുട്ടത്തിൽ, മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡണ്ട് സലീം മേമന, പോൾസൺ കൂവക്കൽ, എൻ കെ റഷീദ് തുടങ്ങിയവർ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *