April 30, 2024

കാടിനുള്ളിൽ മണ്ണിനെ പൊന്നാക്കി മല്ലന്‍.

0
Img 20210325 Wa0046.jpg
കാടിനുള്ളിൽ
മണ്ണിനെ പൊന്നാക്കി മല്ലന്‍.
 
.രമേഷ് കുമാർ വെള്ളമുണ്ട.
ഒന്നാം ക്ലാസ്സില്‍ പോലും പഠിക്കാത്ത മല്ലന്‍ ഇന്ന് സര്‍ക്കരിന് പ്രതിവര്‍ഷം 50 ക്വിന്റല്‍ നെല്ല് നല്‍കും. സിവില്‍ സപ്ലൈസ് നെല്ലുസംഭരണത്തില്‍ മുടങ്ങാതെ പങ്കളിയാകുമ്പോഴും സര്‍ക്കാരില്‍ നിന്നും മല്ലന് അഞ്ചു പൈസയും സഹായമായി കിട്ടിയിട്ടില്ല. എന്നിട്ടും മുടങ്ങുന്നില്ല ഈ ആദിവാസി കര്‍ഷകന്റെ കൃഷിഗാഥകള്‍
കാടിനുളളിലെ അഞ്ചു സെന്റ് സ്ഥലത്ത് മാത്രം ഒതുങ്ങുന്നതല്ല മല്ലന്റെ മനസ്സും ജീവിതവും. ആദിവാസി കോളനിയിലെ മറ്റുള്ളവരില്‍ നിന്നും അകന്ന്  മല്ലന്‍ ഇന്ന് ഇവര്‍ക്കിടയില്‍ ഹരിത വിപ്ലവത്തിന്റെ ആള്‍രൂപമാണ്.
ഒരു കറിവേപ്പില നടാന്‍ പോലും ഇടമില്ലാത്ത പുരയിടത്തില്‍ നിന്നും പാട്ടത്തിനെടുത്ത ഏഴേക്കര്‍ പാടത്തേക്ക് മനസ്സു പറിച്ചു നട്ട ഈ കര്‍ഷകന്റെ ജീവിതം കാടിന് പുറത്തേക്ക് ഇന്നും അധികമാരും അറിയില്ല.
ചുറ്റിലും കൊടും കാട്. ഒരു പുഴകടന്നാല്‍ കര്‍ണ്ണാടക. ഇതിന് നടുവിലാണ് മല്ലന്റെ കാര്‍ഷിക ജീവിതം. ബാവലിയില്‍ നിന്നും  കാടിന്റെ കരകളിലൂടെ ചേകാടിയിലേക്കുള്ള വഴിയിലെ അഞ്ചേക്കര്‍ പാടത്ത് സമൃദ്ധമായ നെല്‍കൃഷിയുടെ നടുവില്‍ നിന്നും മല്ലന്‍ കൃഷിയിലേക്ക് നടന്ന വന്ന അനുഭവങ്ങള്‍  പറയും. ഒരു കാലത്ത് നോക്കിയാല്‍ കണ്ണെത്താ ദൂരത്തളോം നെല്‍കൃഷി യുണ്ടായിരുന്ന ബാവലിയെന്ന വനഗ്രാമത്തില്‍ ഇതിനെല്ലാം കാഴ്ചക്കാരായിരുന്നു ആദിവാസി കുടുംബങ്ങളെല്ലാം . ഈ വയലിലെ പണിയാളുകളായിരുന്നു ആദിവാസി കുടുംബങ്ങളെല്ലാം. ചെറുപ്പകാലത്തെല്ലാം ഈ ചെളിയില്‍ മുതിര്‍ന്നവര്‍ക്കെപ്പം പണിക്കിറങ്ങി. അപ്പോഴെ കൃഷിയുടെ താളം മല്ലന്റെ മനസ്സിലേക്ക് അലിഞ്ഞു ചേര്‍ന്നിരുന്നു.
പഠനമെല്ലാം ചെറുപ്പത്തിലേ മുടങ്ങി. കൃഷിയിടമായിരുന്നു പിന്നീടുള്ള പാഠശാല. മറ്റുള്ളവരെ പോലെ കൃഷിയിടത്തില്‍ തൊഴില്‍ ചെയ്ത് കിട്ടുന്ന വല്ലപ്പോഴുമുള്ള വരുമാനം മാത്രം ജീവിക്കാന്‍ തികയില്ല. കാടു കയറു വനവിഭവങ്ങള്‍ ശേഖരിച്ച് കൂട്ടത്തിലുള്ളവരെ പോലെ ജീവിക്കാനും മനസ്സില്ല ഇതോടെയാണ് മല്ലന്‍ സ്വന്തമായി കൃഷി ചെയ്ത് എന്തുകൊണ്ട് ജീവിച്ചുകൂടാ എന്ന് സ്വയം ചോദിച്ചത്. കോളനിക്ക് മുമ്പില്‍ തന്നെയുള്ള തരിശായി കിടക്കുന്ന പാടത്തിലായിരുന്നു ആ ചോദ്യം ചെന്നു നിന്നത്. ഒന്നര പതിറ്റാണ്ടായി ഈ നെല്‍പ്പാടത്തില്‍ നിലയ്ക്കാത്ത  ഒരു കൃഷിതാളം അങ്ങിനെയാണ് ഉണര്‍ന്നത്.
നെല്ലാണ് ജീവിതം
നെല്‍കൃഷിയുടെ നഷ്ടത്തിന്റെ കണക്കുകള്‍ മാത്രം എവിടെയുമുള്ള ഇക്കാലത്ത് ഇങ്ങനെയും കര്‍ഷകരുണ്ടോ. സ്വന്തമായി നിലം പോലുമില്ലാത്ത ഈ കര്‍കഷകന് നെല്‍കൃഷി ലാഭ നഷ്ടക്കണക്കുളുടേതല്ല. പകരം ജീവിത ചര്യയാണ്. പ്രധാനമായും നെല്ല് കൃഷി ചെയ്യുന്ന കര്‍ഷകരുടെ പട്ടികയില്‍ ഈ വനഗ്രാമത്തില്‍ ഒന്നാമതായി ഇന്ന് മല്ലനുണ്ട്. നെല്‍കൃഷി ചെലവേറിയതാണ്. ഈ ചെലവുകള്‍ എങ്ങിനെ കുറയ്ക്കാം എന്നൊക്കെ കൃഷി ചെയ്ത് തന്നെയാണ് മല്ലന്‍ പഠിച്ചത്. കൃഷിയുടെ പാരമ്പര്യങ്ങള്‍ ഒന്നുമില്ലാത്ത സാഹചര്യത്തില്‍ നിന്നും കുടുംബത്തെ മുഴുവന്‍ മണ്ണിലേക്കിറങ്ങാന്‍ മല്ലന്‍ കൈപിടിച്ചു. കോളിനിവാസികളെയും അവരുടെ ചെറിയ തലമുറകളെയുമെല്ലാം കൃഷിയിടത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി ഈ ആദിവാസി കര്‍ഷകന്‍ കൃഷിയിടത്തില്‍ പിടിച്ചു നിര്‍ത്തുന്നു. ചെളിയിലിറങ്ങാന്‍ പണിക്കാരില്ല എന്ന പൊതുവെയുള്ള വെല്ലുവിളികളെ ഇങ്ങനെയാണ് ഈ കര്‍ഷകന്‍ മറികടന്നത്. നെല്‍കൃഷിയില്‍ ആദ്യാവസാനം കുടുംബത്തിന്റെ പങ്കാളിത്തമുള്ളതാണ് നഷ്ടത്തിന്റെ വലിയ കണക്കുകള്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ സാധിച്ചത്.
നെല്ല് മാത്രമല്ല രണ്ടേക്കറേളം സ്ഥലത്ത് മരച്ചീനിയും  ഇത് കൂടാതെ ചേനയുമെല്ലാം മല്ലന്‍ കൃഷി ചെയ്യുന്നുണ്ട്. ദിവാന്‍ ഇനം മരച്ചീനിയാണ് ഇവിടെ സമൃദ്ധമായി വളരുന്നത്. ഇടവിട്ടെല്ലാം കൃഷിയുള്ളതിനാല്‍ പുറത്ത് പണിക്ക് പോകാറെയില്ല. ഈ കൃഷിയിടമെല്ലാം നോക്കി നടത്താന്‍ തന്നെയാണ് മുഴുവന്‍ സമയ ജോലി.
അന്ന് വോളിബോള്‍ താരം
ഇന്ന് കര്‍ഷകന്‍
ഒറ്റനോട്ടത്തില്‍ ഒരു പോലീസുകാരന്റെ ഫിറ്റ്‌നസുള്ള മല്ലനെ പോലീസ് മല്ലന്‍ എന്നാണ് നാട്ടുകാര്‍ വിളിക്കുക. പോലീസ് മല്ലന്‍ ഒടുവില്‍ നാട്ടില്‍ അറിയപ്പെടുന്ന കര്‍ഷകനുമായി.  അറിയപ്പെടുന്ന വോളിബോള്‍ താരവുമായിരുന്നു. ജില്ലാ ടീമില്‍ കളിക്കാനും അവസരം കിട്ടി. ഇതൊക്കെയാണെങ്കിലും കൃഷിയിടം തന്നെയാണ് മല്ലനെ മാടി വിളിച്ചത്. അടങ്ങാത്ത ആവേശം കൃഷി ചെയ്യാനുണ്ടെങ്കിലും വെല്ലുവിളികള്‍ ഒട്ടേറെയുണ്ട്. ഇതെല്ലാം ഇന്ന് രണ്ടര ലക്ഷത്തോളം രൂപ കടവുമാക്കി. പതിറ്റാണ്ടുകളായി കൃഷിക്കാരനാണെങ്കിലും കൃഷികകര്‍ക്ക് കിട്ടുന്ന ഒരു സാഹായവും മല്ലനെ തേടി വന്നിട്ടില്ല. അഞ്ചേക്കര്‍ പാടത്തിന് വര്‍ഷം അമ്പതിനായിരം രൂപയോളം പാട്ടം നല്‍കണം. വന്യമൃഗ ശല്യം കാരണം ഒഴിച്ചിട്ട ഭൂമിയായതിനാലാണ് അമ്പതിനായിരം രൂപ പാട്ടത്തിന്  നിലം ലഭിക്കന്നത്. ഒരു ലക്ഷത്തോളം രൂപയിലധികം കൃഷിക്കായി ചെലവ് വരുന്നുണ്ട്. രണ്ടരയേക്കറോളം ചേന കപ്പ തുടങ്ങിയ വിളകള്‍ക്കും നല്ലൊരു സംഖ്യ വേണ്ടി വരുന്നു. മൂന്ന് ലക്ഷത്തോളം രൂപ ഇപ്പോള്‍ മല്ലന് കടമുണ്ട്. ഭാര്യ വെള്ളയുടെ അമ്മ ചിക്കിയുടെ മുപ്പത് സെന്റ് സ്ഥലം പണയപ്പെടുത്തിയാണ് കാട്ടിക്കുളം സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും വായ്പയെടുത്തത്. ഇത് തിരിച്ചടയ്ക്കാനുള്ള വഴിയും മണ്ണില്‍ നിന്നും എന്തെങ്കിലും കിട്ടിയിട്ട് വേണം.
സ്വന്തം സ്ഥലമില്ലാത്തതിനാല്‍ ബാങ്കുകളൊന്നും വായ്പ നല്‍കില്ല. പുറത്ത് നിന്നും വന്‍ തുക പലിശ നല്‍കിയാണ് കൃഷി ആവശ്യത്തിനുള്ള പണം സ്വരൂപിക്കുന്നത്. എന്നിട്ടും ഈ കര്‍ഷകന് കൃഷിയിടം ഉപേക്ഷിക്കാന്‍ മനസ്സില്ല. വന്യമൃഗങ്ങളോടും സാഹചര്യങ്ങളോടും  പൊരുതിയാണ് ഈ കര്‍ഷകന്‍ കാടിനുള്ളില്‍ ഹരിത വിപ്ലവം ഒരുക്കുന്നത്.
………………………
രമേഷ് കുമാര്‍ വെള്ളമുണ്ട
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *