May 10, 2024

ബില്ലില്‍ പാരമ്പര്യ ചികിത്സകരെ സംരക്ഷിക്കുന്ന പരാമര്‍ശങ്ങള്‍ ഇല്ല; കേരള സംസ്ഥാന അഖില പാരമ്പര്യ വൈദ്യ ഫെഡറേഷന്‍

0

കല്‍പ്പറ്റ: സംസ്ഥാനത്തെ ചികിത്സാ സ്ഥാപനങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനും സ്ഥാപനങ്ങളുടെമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനുമായി കൊണ്ടുവരുന്ന ബില്ലില്‍ പാരമ്പര്യ ചികിത്സകരെ സംരക്ഷിക്കുന്ന പരാമര്‍ശങ്ങള്‍ ഇല്ലെന്ന് കേരള സംസ്ഥാന അഖില പാരമ്പര്യ വൈദ്യ ഫെഡറേഷന്‍ കുറ്റപ്പെടുത്തി. ഇക്കാരണത്താല്‍ പതിനായിരക്കണക്കിന് രോഗികള്‍ക്ക് അവരുടെ വീട്ടിലും പരിസരത്തുമായി ലഭിച്ചുകൊണ്ടിരുന്ന ചെലവ് കുറഞ്ഞതും ഫലപ്രദവുമായ ചികിത്സാസഹായമാണ് നഷ്ടമാകുന്നത്. പാരമ്പര്യ ചികിത്സ നല്‍കുന്ന ചെറു സ്ഥാപനങ്ങള്‍ നിര്‍ത്തേണ്ട സാഹചര്യമുണ്ടായാല്‍ ഗ്രാമങ്ങളിലെ സാധാരണ ജനങ്ങള്‍ക്കുപോലും ചെറിയ രോഗത്തിനും പരിശോധനകള്‍ക്കും വന്‍കിട ആശുപത്രികളെ സമീപിക്കേണ്ടിവരും. ഇത് രോഗികള്‍ക്ക് വലിയ സാമ്പത്തിക ചെലവ് വരുത്തിവക്കും. 200 ഓളം മറ്റ് ചികിത്സാരീതികള്‍ ഇന്ത്യയില്‍ പ്രചാരത്തിലുണ്ടെങ്കിലും അവയൊന്നും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ആലോപതി, ആയൂര്‍വേദം, നാച്ചുറോപതി, സിദ്ധ, യുനാനി ചികിത്സകള്‍ മാത്രമാണ് സര്‍ക്കാര്‍ അംഗീകൃത ചികിത്സയായി ബില്ലില്‍ പരാമര്‍ശിക്കുന്നത്. അക്കാദമിക വിദ്യാഭ്യാസം നേടിയവര്‍ തങ്ങള്‍ക്ക് അറിവ് പകര്‍ന്ന് നല്‍കിയവരേയും അവരുടെ പിന്‍തലമുറക്കാരായ പാരമ്പര്യ ചികിത്സകരേയും വ്യാജന്‍മാര്‍ എന്ന് വിളിച്ച് ആക്ഷേപിക്കുകയും വൈദ്യന്‍മാരെ ഇല്ലായ്മ ചെയ്യാന്‍ ശ്രമം നടത്തുകയുമാണ്. പാരമ്പര്യ ആയൂര്‍വേദ വൈദ്യന്‍മാരേയും അംഗീകൃത യോഗ്യത ഇല്ലാത്ത ഹോമിയോപതി പ്രാക്ടീഷന്‍മാരേയും സംരക്ഷിക്കണമെന്ന ഉദ്ദേശത്തോടെ രജിസ്‌ട്രേഷന്‍ എടുക്കണമെന്ന 2009 ലെ സര്‍ക്കാര്‍ ഉത്തരവിലെ വ്യവസ്ഥയില്‍ നിന്നും ഇളവ് നല്‍കിയിരുന്നു. എന്നാല്‍ ഇതിനെതിരെ ആയൂര്‍വേദ ഡോക്ടര്‍മാര്‍ കോടതിയെ സമീപിച്ച് ഉത്തരവ് മരവിപ്പിച്ചു. ഇരു ഭാഗത്തുനിന്നും രണ്ട് കമ്മിറ്റികളെ വച്ച് പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 1953ലെ തിരുക്കൊച്ചി ആക്ടും 1974, 1976 വര്‍ഷങ്ങളില്‍ നിലവില്‍വന്ന കേന്ദ്ര ഹോമിയോപതി കൗണ്‍സിലും കേന്ദ്ര ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അക്ടും നിലവില്‍വന്നതിന് ശേഷവും മലബാര്‍ മേഖലയില്‍ പഴയ മദ്രാസ് പ്രാക്ടീഷനേഴ്‌സ് ആക്ടിലെ വ്യവസ്ഥകള്‍ അനുസരിച്ച് പ്രത്യേകം ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാതെ ആയൂര്‍വേദ ഹോമിയോ ചികിത്സ തുര്‍ന്ന് വരികയാണ്. 20 വര്‍ഷമായി 1953ലെ തിരുക്കൊച്ചി ആക്ട് പ്രകാരം ചികിത്സ നടത്തിവരുന്നവരെ 2011 ല്‍ രജിസ്‌ട്രേഷന്‍ വ്യവസ്ഥയില്‍ നിന്നും ഇളവ് നല്‍കി സര്‍ക്കാര്‍ ഉത്തരവായി. എന്നാല്‍ ഈ ഉത്തരവും ഡോക്ടര്‍മാരുടെ എതിര്‍പ്പ് കാരണം തടയപ്പെട്ടിരിക്കുകയാണ്. 2017ലെ ക്ലിനിക്കല്‍ രജിസ്‌ട്രേഷനും നിയന്ത്രണവും ബില്ലില്‍ പാരമ്പര്യ ചികിത്സകരെക്കൂടി ഉള്‍പ്പെടുത്തി അര്‍ഹിക്കുന്ന അംഗീകാരം നല്‍കണമെന്ന് സര്‍ക്കാരിനോട് കേരള സംസ്ഥാന അഖില പാരമ്പര്യ വൈദ്യ ഫെഡറേഷന്‍ വാര്‍ത്താസമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ സര്‍ക്കാരിന്റെയും പൊതുജനങ്ങളുടേയും ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി 14ന് രാവിലെ 11ന് കല്‍പ്പറ്റ എംജിടി ഓഡിറ്റോറിയത്തില്‍ കണ്‍വെന്‍ഷനും നടത്തും. വാര്‍ത്താസമ്മേളനത്തില്‍ കേരള സംസ്ഥാന അഖില പാരമ്പര്യ വൈദ്യ ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് പങ്കെടുത്ത ഹാജി എ.കെ. ഇബ്രാഹിം ഗുരിുക്കള്‍, സെക്രട്ടറി എം.എ. അഗസ്റ്റിന്‍ വൈദ്യര്‍, കെ.ഡി. രാജേഷ് വൈദ്യര്‍ എന്നിവര്‍ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *