May 5, 2024

ചുരത്തിന്റെ ശോച്യാവസ്ഥ ശാശ്വതമായി പരിഹരിക്കാന്‍ സമഗ്രമായ പാക്കേജ് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കിയതായി യൂത്ത് ലീഗ്

0
Img 20180111 120923
കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ ഇപ്പോള്‍ അടിയന്തിരമായി കുഴികള്‍ അടക്കുകയും ഉടന്‍ തന്നെ ചുരത്തിന്റെ ശോച്യാവസ്ഥ ശാശ്വതമായി പരിഹരിക്കാന്‍ സമഗ്രമായ പാക്കേജ് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കിയതായി ജില്ലാ പ്രസിഡന്റ് കെ. ഹാരിസ്, ജന. സെക്രട്ടറി സി.കെ. ഹാരിഫ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
 യൂത്ത്‌ലീഗ് നടത്തിയ ചുരം സംരക്ഷണ യാത്രയുടെ ഭാഗമായി ജില്ലയിലെ ഇരുന്നൂറോളം കേന്ദ്രങ്ങളില്‍ നിന്നും ശേഖരിച്ച ഒരു ലക്ഷം ഒപ്പുകളടങ്ങിയ നിവേദനം അടിവാരത്ത് നടന്ന സമാപന യോഗത്തില്‍ പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീറിന് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി സമര്‍പ്പിച്ചിരുന്നു. യൂത്ത്‌ലീഗ് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ എം.കെ. മുനീര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തിയ തുടര്‍ന്നാണ് ചുരത്തിന്റെ പ്രശ്‌ന പരിഹാരത്തിന് ഉടന്‍ സമഗ്രമായ പാക്കേജ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്. 
രഷ്ട്രീയ പാര്‍ട്ടികളുടെ ചരിത്രത്തില്‍ ചുരത്തിലൂടെയുള്ള കാല്‍നടജാഥ അപൂര്‍വ്വമാണ്. ലക്കിടി മുതല്‍ അടിവാരം വരെ ഏതാണ്ട് 14 കിലോ മീറ്ററോളം മൂന്ന് മണിക്കൂര്‍ സമയം നടത്തിയ ജാഥ ചുരത്തിലെ ഒരു വാഹനത്തിനും തടസ്സം സൃഷ്ടിച്ചില്ല. ചുരത്തിലെ വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാവാതിരിക്കാന്‍ ഒരു വരിയായാണ് പ്രവര്‍ത്തകര്‍ ജാഥയില്‍ അണിനിരന്നത്. ഏതാണ്ട് 500ഓളം വരുന്ന പ്രവര്‍ത്തകര്‍ അച്ചടക്കത്തോടെ നടത്തിയ ജാഥ നിയന്ത്രിക്കാന്‍ പൊലീസിന്റെയോ മറ്റോ സഹായം വേണ്ടിവന്നില്ല. യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ തന്നെ നിയന്ത്രിച്ച ജാഥയില്‍ തീര്‍ത്തും ഗ്രീന്‍ പ്രോട്ടോകോള്‍ പൂര്‍ണ്ണമായി പാലിക്കാനും പ്രവര്‍ത്തകര്‍ തയ്യാറായി. ജില്ലയിലെ മറ്റു സംഘടനകള്‍ക്ക് പോലും മാതൃകയാകുന്ന രീതിയില്‍ നടത്തിയ ജാഥ പൊലീസിന്റെയും ചുരം സംരക്ഷണ പ്രവര്‍ത്തകരുടെയും യാത്രക്കാരുടെയും പൊതു സമൂഹത്തിന്റെയും പ്രശംസ പിടിച്ചുപറ്റി. ഒറ്റപ്പെടുന്ന വയനാടിന്റെ രൂക്ഷമായ ഈ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഒരു നാടിനോട് ഭരണകൂടം കാണിക്കുന്ന അനീതിക്കെതിരെയുള്ള പ്രതിഷേധവും അമര്‍ഷവും അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ യൂത്ത്‌ലീഗിന്റെ ചുരം സംരക്ഷണ യാത്രയിലൂടെ സാധിച്ചെന്ന് നേതാക്കള്‍ പറഞ്ഞു. തിരുവമ്പാടി, കല്‍പ്പറ്റ എം.എല്‍.എമാരുടെ നിസംഗതയാണ് ചുരത്തിന്റെ ശോച്യാവസ്ഥ ഇത്രയും രൂക്ഷമായ അവസ്ഥയിലേക്കെത്തിച്ചത്. ചുരത്തിന്റെ ഹെയര്‍പിന്‍ വളവുകളില്‍ വീതികൂട്ടി ഇന്റര്‍ലോക്ക് പതിക്കുകയും ചുരത്തിന് ബദലായി പ്രഖ്യാപിച്ചിട്ടുള്ള ബദല്‍ പാതകള്‍ എത്രയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാക്കുകയും ചെയ്യണം. മുഖ്യമന്ത്രി എം.കെ. മുനീറിന് നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ചുരം വിഷയത്തില്‍ യൂത്ത്‌ലീഗ് നടത്താനുദ്ദേശിച്ച സമരത്തിന്റെ രണ്ടാംഘട്ടം താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണെന്നും പൊതുജന വികാരം മാനിച്ച് പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരമുണ്ടാക്കുമെന്നുമാണ് വിശ്വാസമെന്നും ഇല്ലാത്തപക്ഷം യൂത്ത്‌ലീഗ് വീണ്ടും ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ വൈസ്പ്രസിന്റ് ഷമീം പാറക്കണ്ടിയും പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *