May 6, 2024

വിവാദങ്ങളില്‍ കുരുക്കരുത് വയനാട്ടുകാരുടെ സ്വപ്നം: മെഡിക്കല്‍ കോളജ് ഭൂമി ആരോഗ്യമന്ത്രി സന്ദര്‍ശിക്കണം: എസ്ഡിപിഐ

0

കല്‍പ്പറ്റ: മെഡിക്കല്‍ കോളജിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ഭരണ-പ്രതിപക്ഷ കക്ഷികളുടെ നീക്കം അവസാനിപ്പിക്കണമെന്നും നിര്‍ദ്ദിഷ്ട മെഡിക്കല്‍ കോളജ് ഭൂമി സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജ സന്ദര്‍ശിക്കണമെന്നും എസ്ഡിപിഐ ജില്ലാ കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഭൂമിയിലെ കാപ്പിയടക്കമുള്ള ഉല്‍പ്പന്നങ്ങള്‍ ലേലം ചെയ്ത് വില്‍ക്കണമെന്ന് നിയമമുണ്ടായിരിക്കെ, ഇവിടെ നിന്നും കാപ്പി മോഷണം പോയ സംഭവം അറിഞ്ഞില്ലെന്ന അധികൃതരുടെ നിലപാട് കുറ്റകരമായ അനാസ്ഥയാണ്. 


കഴിഞ്ഞ മൂന്നു വര്‍ഷമായി ലേലം ചെയ്ത് വില്‍പന നടത്തിയിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ടവര്‍ ഇതിന്റെ രേഖ വെളിപ്പെടുത്തണം. സംഭവത്തെ കുറിച്ചു അറിയില്ലെന്നാണ് മണ്ഡലം എംഎല്‍എ പോലും പറയുന്നത്. ആരോഗ്യവകുപ്പാകട്ടെ പൊതുമരാമത്ത് വകുപ്പിനെ പഴി ചാരുകയാണ്. മെഡിക്കല്‍ കോളജിന്റെ ഉത്തരവാദിത്തം നിലവില്‍ ആര്‍ക്കാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.


      നിര്‍ദ്ദിഷ്ട സ്ഥലത്തെ കാട് വെട്ടുന്നതിന് തുക കണ്ടെത്തുന്നതിന് പോലും പിരിവ് നടത്താനാണ് നീക്കം. ഈ സാഹചര്യത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തെ പ്രസ്തുത ഭൂമിയിലെ ആദായത്തിന്റെ വരവ്, ചെലവ് കണക്കുകള്‍ പുറത്തുവിടണം. അന്വേഷണം നടത്തി മുഴുവന്‍ കുറ്റക്കാര്‍ക്കെതിരെയും നടപടി സ്വീകരിക്കണം. വിവാദങ്ങളില്‍ കുരുക്കി ഉത്തരവാദിത്തങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള നീക്കം അപലപനീയമാണ്. 

മെഡിക്കല്‍ കോളജ് ആരംഭിക്കുന്നതിന് നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ നടത്തിവരുന്ന തുടര്‍പ്രക്ഷോഭത്തിന്റെ രണ്ടാം ഘട്ടം ഉടന്‍ ആരംഭിക്കും. അടുത്തു ചേരുന്ന ജില്ലാ കമ്മിറ്റി യോഗം പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് പി ആര്‍ കൃഷ്ണന്‍ കുട്ടി, ജനറല്‍ സെക്രട്ടറി എന്‍ ഹംസ, സുബൈര്‍ കല്‍പ്പറ്റ, മൊയ്തൂട്ടി പട്ടാണിക്കൂപ്പ് പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *