May 6, 2024

തരിയോട് ജി എല്‍.പി സ്‌കൂളില്‍ ഇനി പിറന്നാള്‍ രുചിപ്പെരുമയും

0
Img 20180119 153316 Burst01

കാവുംമന്ദം:  തരിയോട് ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ ഇനി ഉച്ചഭക്ഷണത്തിന് പിറന്നാള്‍ മധുരത്തിന്റെ രുചിപ്പെരുമയും. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ആദ്യസംരഭമെന്ന നിലക്ക് ആരംഭിച്ച പിറന്നാള്‍ രുചി പദ്ധതിയുമായി മാതൃക പുതുമാതൃക തീര്‍ക്കുകയാണ് ഈ സര്‍ക്കാര്‍ സ്‌കൂള്‍. കുട്ടികളിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനായി ഓരോ വിദ്യാര്‍ത്ഥികളുടെയും ജന്മദിനം സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളോടൊപ്പവും ആഘോഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 

ഉച്ചഭക്ഷണത്തോടൊപ്പം പിറന്നാളാഘോഷിക്കുന്ന വിദ്യാര്‍ത്ഥിയുടെ വകയായി ഒരു വിഭവം കൂടി നല്‍കിയാണ് പിറന്നാള്‍ രുചി ആഘോഷിക്കുക. സാധാരണ സ്‌കൂളുകളിലെ പിറന്നാള്‍ ആഘോഷങ്ങളില്‍ ഭിന്നമായി മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും പിറന്നാൾ  തിയ്യതി ശേഖരിച്ച് അന്നേ ദിവസം സ്‌കൂളിലെ ഉച്ചഭക്ഷണത്തോടൊപ്പം പിറന്നാള്‍ വിഭവം നല്‍കിയാണ് ആഘോഷം. പി.ടി.എ അവതരിപ്പിച്ച ഈ വേറിട്ട പരിപാടിക്ക് രക്ഷിതാക്കളുടെയും അധ്യാപകരുടെയും പൂര്‍ണ്ണ പിന്തുണയാണ് ലഭിച്ചത്. കഴിഞ്ഞവാരം അധ്യാപകരുടെ ശമ്പളത്തില്‍ നിന്ന് പണം സ്വരൂപിച്ച ഈ സ്‌കൂളിലെ ശോച്യാവസ്ഥയിലായിരുന്ന അടുക്കള ആധുനിക രീതിയില്‍ നവീകരിച്ചിരുന്നു. ഇതിനകം ഈ അധ്യയന വര്‍ഷം തീരുംവരെയുള്ള  മുഴുവന്‍ ദിവസവും തങ്ങളുടെ മക്കളുടെ പിറന്നാള്‍ സ്‌കൂളില്‍ ആഘോഷിക്കാന്‍ രക്ഷിതാക്കള്‍ സന്നദ്ധത അറിയിച്ചുകഴിഞ്ഞു. പിറന്നാള്‍ ആഘോഷിക്കുന്ന കുട്ടിക്ക് ആശംസ നേര്‍ന്ന് വിദ്യാര്‍ത്ഥിക്ക് കുട്ടികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആശംസാ കാര്‍ഡുകള്‍ വീട്ടിലേക്കയക്കുകയും ചെയ്യും. കഴിഞ്ഞ ദിവസം സ്‌കൂളില്‍ നടന്ന പിറന്നാള്‍ രുചി പദ്ധതിയുടെ ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു. പി ടി എ പ്രസിഡന്റ് ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീന സുനില്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ജിന്‍സി സണ്ണി, ആന്‍സി ആന്റണി, ബി ആര്‍ സി ട്രെയ്‌നര്‍ കെ ടി വിനോദ്, സജിഷ ഷിബു, സജിനി സുരേഷ്, എം എ ലില്ലിക്കുട്ടി, സലിം വാക്കട, കെ സന്തോഷ്, എം മാലതി, വി മുസ്തഫ, എം പീ കെ ഗിരീഷ്‌കുമാര്‍, പി ബി അജിത, സി സി ഷാലി, പി ഷിബുകുമാര്‍, ടി സുനിത തുടങ്ങിയവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക വത്സ പി മത്തായി സ്വാഗതവും കെ വി മനോജ് നന്ദിയും പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *