May 5, 2024

റോസി – കുടുംബശ്രീയുടെ ആർട്ട് തിയറ്ററിന് അരങ്ങുണർന്നു ..

0
Fb Img 1520521156238
അന്താരാഷ്ട്ര വനിതാ ദിനത്തില്‍ വയനാട്ടിലെ ഒരു കൂട്ടം സ്ത്രീകളെ അടുക്കളയില്‍ നിന്ന് അരങ്ങിലെത്തിച്ച് മാതൃകയായിരിക്കുകയാണ് ജില്ലാ കുടുംബശ്രീ മിഷന്‍. നൂറോളം സ്ത്രീകളെ അണിനിരത്തി, മലയാളത്തിലെ ആദ്യ ചലച്ചിത്ര നായിക റോസിയുടെ പേരില്‍ ആര്‍ട്ട് തിയേറ്ററിന്  കല്‍പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിലാണ് തുടക്കമിട്ടത്.  
 ചെണ്ടമേളം, തിരുവാതിരകളി, ആദിവാസി വിഭാഗത്തിന്റെ തനത്കലാരൂപമായ വട്ടക്കളി, സംഗീതശില്‍പം, നാടന്‍പാട്ട്, നാടകം എന്നിവയാണ് റോസി ആര്‍ട്ട് തിയേറ്റര്‍ അവതരിപ്പിക്കുക. 
വിവിധ കലാരൂപങ്ങളില്‍ കരുത്ത് തെളിയിച്ച് സഭാകമ്പമേതുമില്ലാതെ സ്ത്രീകള്‍ അരങ്ങില്‍ നിറഞ്ഞാടിയത് നിറകൈയടിയോടെയാണ് സദസ് സ്വീകരിച്ചത്. ആധുനിക ലോകത്ത് സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന സന്ദേശമാണ് മുഖംമൂടികള്‍ എന്ന നാടകത്തിലൂടെ റോസി തിയേറ്റര്‍ സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുന്നത്. നാടകം സംസ്ഥാനത്തെ വിവിധ വേദികളില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണിവര്‍. ഈ മാസം തിരുവനന്തപുരത്ത് നടക്കുന്ന കുടുംബശ്രീയുടെ സംസ്ഥാനതല പരിപാടിയില്‍ നാടകം അവതരിപ്പിക്കാന്‍ ആലോചിക്കുന്നുണ്ട്. ലോക നാടക ദിനത്തില്‍ സുല്‍ത്താന്‍ ബത്തേരിയിലും മുഖംമൂടികള്‍ അവതരിപ്പിക്കും. 
സമീക്ഷ 2018 എന്ന ശില്‍പശാലയിലൂടെയാണ് വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനായി അംഗങ്ങളെ തിരഞ്ഞെടുത്തത്. തുടര്‍ന്ന് ഇവര്‍ക്ക് പരിശീലനം നല്‍കി പ്രൊഫഷണല്‍ കലാകാരികളാക്കുകയായിരുന്നു.
 കുടുംബശ്രീ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിന്റെ ഉന്നതശ്രേണിയിലെത്തിയ 30 വനിതകള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് പരിപാടികള്‍ ആരംഭിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി, മികച്ച കര്‍ഷകയ്ക്കുള്ള പുരസ്‌കാരം നേടിയ ലക്ഷ്മി രാജന്‍, കോഴിഫാമിലൂടെ മികച്ച സംരംഭകയായി മാറിയ ഗീത, വിവിധ ജനപ്രതിനിധികള്‍ തുടങ്ങി നിരവധി പേര്‍ പരിപാടിയില്‍ അണിചേര്‍ന്നു. തുടര്‍ന്ന് വനിതാദിന സംവാദം നടന്നു. സി. കെ. ശശീന്ദ്രന്‍ എം. എല്‍. എ, സബ്ജഡ്ജ് ഡോ. സുനിത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി, പ്രസ് ക്‌ളബ് സെക്രട്ടറി പി. ഒ. ഷീജ, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. സാജിത, ഷൗക്കത്തലി, ഡോ. ജേക്കബ് മിഖായേല്‍, ട്രാന്‍സ്‌ജെന്‍ഡറായ വിജയരാജമല്യ എന്നിവര്‍ സംവാദത്തില്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *