May 7, 2024

അനധികൃത ജല ഉപയോഗം അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥർക്കെതിരെ കൈയ്യേറ്റ ശ്രമം: ബത്തേരി പോലീസ് കേസ്സെടുത്തു.

0
കല്‍പ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിലൂടെയും ബന്ദിപ്പുര കടുവ സങ്കേതത്തിലൂടെയും ഒഴുകുന്ന നൂല്‍പ്പുഴയിലെ വെള്ളം   ഡീസല്‍ മോട്ടോറുകള്‍ സ്ഥാപിച്ച് അനധികൃതമായി കൃഷിയിടങ്ങളിക്ക് പമ്പുചെയ്യുന്നതിനെക്കുറിച്ച് അന്വേഷിക്കാനെത്തിയ വനപാലകരെ നൂല്‍പ്പുഴ  മൈക്കരയ്ക്കു സമീപം ഒരു സംഘം  തടഞ്ഞുവച്ചു. വധഭീഷണി മുഴക്കിയ സംഘം ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം. 
മുത്തങ്ങ റേഞ്ചിലെ ബീറ്റ്  ഫോറസ്റ്റ് ഓഫീസര്‍മാരായ എ. പ്രകാശന്‍, കെ. വിജയകുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ വി.എസ്. വിനേഷ്, ഇ.ഇ. ഉഷാദ്, ആദിവാസി വാച്ചര്‍മാരായ കുമിഴി സതീഷ്, നൂല്‍പ്പുഴ മഹേഷ് എന്നിവരെയാണ് തടഞ്ഞുവച്ചതും മര്‍ദിക്കാന്‍ ശ്രമിച്ചതും. റേഞ്ച് ഓഫീസര്‍ അജയ്‌ഘോഷിന്റെ നേതൃത്വത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെത്തിയാണ് വനം ജീവനക്കാരെ മോചിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് നൂല്‍പ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലെ ഡപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ.ജെ. ജോസ് നല്‍കിയ പരാതിയില്‍  ബത്തേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 
നൂറുകണക്കിനു ആദിവാസി കുടുംബങ്ങള്‍ ഗാര്‍ഹിക ആവശ്യത്തിനും ആയിരക്കണക്കിനു വന്യജീവികള്‍ കുടിനീരിനും ആശ്രയിക്കുന്ന നൂല്‍പ്പുഴയില്‍ നീരൊഴുക്ക് വേനല്‍ച്ചൂടില്‍ അനുദിനം  ദുര്‍ബലമാകുകയാണ്. ഈ സാഹചര്യത്തില്‍ വെള്ളം പമ്പുചെയ്യുന്നതിനു പുഴയോരത്ത് സ്ഥാപിച്ച മോട്ടോറുകള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പ് സ്ഥലം ഉടമകള്‍ക്ക് നോട്ടീസ് നല്‍കുന്നതിനു നീക്കം തുടങ്ങി. 
അനധികൃത ജലമൂറ്റലിനെതിരെ 1980ലെ വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 29 പ്രകാരമാണ് വനം-വന്യജീവി വകുപ്പ് നടപടി സ്വീകരിക്കുന്നത്. വനത്തിലെ നൈസര്‍ഗിക നീരൊഴുക്ക് തടയുന്നതും തിരിച്ചുവിടുന്നതും സെക്ഷന്‍ 29 അനുസരിച്ച് ക്രിമിനില്‍ക്കുറ്റമാണ്. നൂല്‍പ്പുഴയുടെ തീരത്ത് ചെട്ട്യാലത്തൂരിനും മുത്തങ്ങയ്ക്കുമിടയില്‍ അനധികൃതമായി സ്ഥാപിച്ച ആറ് പമ്പുസെറ്റുകളാണ്  പരിശോധനയില്‍ വനപാലകര്‍ കണ്ടെത്തിയത്. രാവും പകലുമായി ലക്ഷക്കണക്കിനു ലിറ്റര്‍ വെള്ളമാണ് പുഴയില്‍നിന്നു ഇഞ്ചിപ്പാടത്തേക്കും കാപ്പിത്തോട്ടങ്ങളിലേക്കും മറ്റും പമ്പുചെയ്യുന്നത്. രാത്രി കുടിവെള്ളം തേടിയെത്തുന്ന  ആനകള്‍ ഉള്‍പ്പെടെ വന്യജീവികളെ പടക്കംപൊട്ടിച്ച് ഭയപ്പെടുത്തി അകറ്റിയാണ് പമ്പിംഗ്. 
തമിഴ്‌നാട്ടിലെ നെല്ലാക്കോട്ടയില്‍  ഉദ്ഭവിക്കുന്ന നൂല്‍പ്പുഴ  വയനാട് വന്യജീവി സങ്കേതത്തിലൂടെ മുപ്പതും  ബന്ദിപ്പുര കടുവാസങ്കേതത്തിലൂടെ നാല്‍പ്പതും കിലോമീറ്ററാണ് ഒഴുകുന്നത്.  കര്‍ണാടകയിലെ ബീര്‍വാളിലാണ് നൂല്‍പ്പുഴ  കബനിയിയില്‍ ചേരുന്നത്.  വേനലില്‍ വയനാട് വന്യജീവി സങ്കേതത്തിലെയും ബന്ദിപ്പുര ടൈഗര്‍ റിസര്‍വിലെയും ഭൂരിഭാഗം പ്രദേശങ്ങളിലെയും വന്യജീവികളുടെ ഏക ജലസ്രോതസാണിത്. 
എഴുപതു കിലോമീറ്റര്‍ വനത്തിലൂടെ പ്രവഹിക്കുന്ന പുഴ വറ്റുന്നത്   ആയിരക്കണക്കിനു വരുന്ന വന്യജീവികളുടെ കുടിവെള്ളം മുട്ടിക്കുമെന്നും ഇത് ദാഹജലം തേടി ആനകള്‍ ഉള്‍പ്പടെ മൃഗങ്ങള്‍  കൂട്ടത്തോടെ നാട്ടിലിറങ്ങുന്നതിനു കാരണമാകുമെന്നും വനപാലകര്‍ പറയുന്നു.
മൈക്കരയിലാണ് ബത്തേരി-നൂല്‍പ്പുഴ ശുദ്ധജല  പദ്ധതിയുടെ സംഭരണിയിലേക്ക് വെള്ളം പമ്പുചെയ്യുന്ന കിണര്‍.  ഇതില്‍ വെള്ളം കുറവായതിനാല്‍ ആഴ്ചയില്‍ രണ്ടു ദിവസം മാത്രമാണ് സംഭരണിയിലേക്ക് പമ്പിംഗ്. നൂല്‍പ്പുഴ പഞ്ചായത്തിലെ പൊന്‍കുഴി,  രാംപള്ളി, കുമിഴി, ചെട്യാലത്തൂര്‍ പ്രദേശങ്ങളിലെ ആദിവാസി കുടുംബങ്ങള്‍ ഗാര്‍ഗിഹ ആവശ്യത്തിനു ഉപയോഗപ്പെടുത്തുന്നതും നൂല്‍പ്പുഴയിലെ വെള്ളമാണ്. 
അനധികതൃത പമ്പിംഗ് തടയുന്നതിനു നീക്കം തുടങ്ങിയതിനു പിന്നാലെ  വനപാലകര്‍ക്കെതിരെയും ബത്തേരി സ്റ്റേഷനില്‍ പരാതിയെത്തിയിട്ടുണ്ട്. വനപാലകര്‍  ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നും വസ്ത്രം വലിച്ചുകീറിയെന്നും മറ്റുമാണ്  മൈക്കരയിലെ ആദിവാസി സ്ത്രീ  ഡപ്യൂട്ടി റേഞ്ച് ഓഫീസര്‍ ഉള്‍പ്പെടെ രണ്ട് വനപാലകര്‍ക്കെതിരെ നല്‍കിയ പരാതിയില്‍. ഈ പരാതി വ്യാജമാണെന്നും ബത്തേരി കല്ലൂരിലെ രാഷ്ട്രീയ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ ചിലരാണ് ഇതിനു പിന്നിലെന്നുമാണ് വനപാലകരുടെ പക്ഷം. 


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *