May 7, 2024

നെല്ലിമുണ്ട ക്വാറിക്കെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി

0
കല്‍പ്പറ്റ: മേപ്പാടി-ചൂരല്‍മല റോഡിനോട് ചേര്‍ന്ന്  പ്രവര്‍ത്തിക്കുന്ന നെല്ലിമുണ്ട ക്വാറിക്കെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും, പശ്ചിമഘട്ട സംരക്ഷണ സമിതിയും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ക്വാറിയുടെ ലൈന്‍സ് ഈ വരുന്ന 19ന് അവസാനിക്കുകയാണ്. തുടര്‍ന്ന് പുതുക്കി നല്‍കിയാല്‍ ശക്തമായ സമരം ആരംഭിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. 
 വര്‍ഷങ്ങളോളം പൂട്ടികിടന്നിരുന്ന ക്വാറിക്ക് കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതി പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ നിലവിലുള്ള പഞ്ചായത്ത് ഭരണ സമിതി ക്വാറി മാഫിയയുമായി ഒത്തുകളിച്ച് ക്വാറിക്ക് ലൈസന്‍സ് നല്‍കുകയായിരുന്നു. ലൈന്‍സ് തരപ്പെടുത്താന്‍ പഞ്ചായത്ത് ഓഫീസ് കേന്ദ്രീകരിച്ച് ഒരു ലോബി തന്നെ പ്രവര്‍ത്തിച്ചിരുന്നതായും അവര്‍ ആരോപിച്ചു. 
നിര്‍ദ്ദിഷ്ട മലയോര ഹൈവേയില്‍ ഉള്‍പ്പെട്ട മേപ്പാടി-ചൂരല്‍മല റോഡില്‍ നിന്നും 30 മീറ്റര്‍ താഴെ മാത്രമാണ് ക്വാറിയിലേക്കുള്ള ദൂരം. ഏകദേശം 250 അടി ഉയര്‍ത്തില്‍ നിന്നും വളരെ അപകടകരമായാണ് പാറപ്പെട്ടിക്കുന്നത്. 
 ഒരേ സമയം ഒന്നില്‍ കൂടുതല്‍ ബ്രേക്കര്‍, കമ്പ്രസര്‍ എന്നിവ ഉപയോഗിക്കരുതെന്ന് മലനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കര്‍ശന നിയന്ത്രണമുണ്ട്. എന്നാല്‍ ഇതെല്ലാം ലംഘിച്ചാണ് പത്തോളം യന്ത്ര സാമഗ്രികള്‍ ഉപയോഗിച്ച് കല്ല് പൊട്ടിക്കുന്നത്. ക്വാറി താഴ്ച്ചയിലേക്ക് കുഴിച്ച് ഖനനം നടത്തുന്നതിനാല്‍ സമീപത്തെ കിണറുകളും, തോടും വറ്റിവരണ്ടിരിക്കയാണ്. 
കിണറിലെ വെള്ളത്തില്‍ പോലും പാറപൊടിയുടെ അംശമാണുള്ളത്. പാറപ്പൊട്ടിക്കുമ്പോള്‍ വീടുകളുടെ മുകളിലേക്കും, റോഡ് കല്ല് തെറിക്കുന്നത് പതിവായിരിക്കയാണ്. വീടിന്റെ ചുമരുകള്‍ക്ക് വിള്ളലുകളും, മേല്‍ക്കൂര അടര്‍ന്ന് വീഴുകയും ചെയ്യുന്നുണ്ട്. ക്വാറിയുടെ മുകളില്‍ തൂങ്ങി നില്‍ക്കുന്ന ഭീമന്‍പാറ ഏതു നിമിഷനും വീടുകളുടെ മുകളില്‍ പതിക്കാന്‍ സാധ്യതയുണ്ട്. ക്വാറിയുടെ ഒരു ഭാഗത്ത് വനം വകുപ്പ് ജണ്ടയും കെട്ടിയിടുണ്ട്. വനഭൂമി കയ്യേറിയും, തേയില തോട്ടം തരംതിരിച്ചുമാണ് ക്വാറിയുടെ പ്രവര്‍ത്തിക്കുന്നത്. തോട് കയ്യേറിയാണ് ക്രഷര്‍  നിര്‍മ്മിച്ചിരിക്കുന്നത്. പഞ്ചായത്ത് അണുമതിയില്ലാതെയാണ് പഴയ ക്രഷറര്‍ പൊളിച്ചു മാറ്റി പുതിയ ക്രഷറിന്റെ പ്രവര്‍ത്തനം.  
ഇത് പഞ്ചായത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയെന്ന് അധികാരികള്‍ പറഞ്ഞെങ്കിലും ക്രഷറിന്റെ പണി ധ്രുതഗതിയില്‍ നടക്കുകയാണ്. ക്വാറി വിപുലീകരിക്കുന്നതിന്റെ ഭാഗമായി മണ്ണുമാന്തി ഉപയോഗിച്ച് സമീപത്തെ ചതുപ്പ് സ്ഥലവും, ജനങ്ങള്‍ അലക്കാനും കുളിക്കാനും ആശ്രയിക്കുന്ന തോടും നികത്തുന്നതായും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചു. മലയില്‍ നിന്നും ഉല്‍ഭവിക്കുന്ന നീര്‍ച്ചാലും ഇല്ലാതായി കഴിഞ്ഞു. അനിയന്ത്രിതമായ പാറപ്പൊട്ടിക്കല്‍ മണ്ണൊലിപ്പിനും, രൂക്ഷമായ ഉരുള്‍പ്പൊട്ടലിനും സാധ്യതയുണ്ട്. 
 ക്വാറിയുടെ സമീപത്ത് കൂടുതലും ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ വീടുകളാണുള്ളത്. കല്ല് തെറിച്ച് ഷീറ്റ് പൊട്ടുമ്പോള്‍ ക്വാറി ഉടമകളെത്തി ഷീറ്റ് മാറ്റികൊടുക്കുകയാണ് ചെയ്യുന്നത്. 
കഴിഞ്ഞ ദിവസം വീടിന്റെ മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികളുടെ ഇടയിലേക്കും, റോഡിലൂടെ പോകുകയായിരുന്നു വാഹനത്തിന് മുകളിലേക്കും കല്ല് തെറിക്കുകയായിരുന്നു. വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചു. ക്വാറികളുടെ സുഗമമായ പ്രവര്‍ത്തനത്തിനായി വീടുകള്‍ തുച്ഛമായ വിലക്ക് തട്ടിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ സമീപവാസികള്‍ ചോദ്യം ചെയ്യുകയായിരുന്നു. പ്രകോപിതരായ ക്വാറിയുടമകള്‍ പ്രദേശവാസികളുടെ വീടുകളിലെത്ത് ഭീഷണിപ്പെടുത്തിയതായും, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളുടെ അപായപ്പെടുത്താന്‍ ശ്രമിച്ചതായും അവര്‍ ആരോപിച്ചു.  പൊടി ശല്യവും കുടിവെള്ള ക്ഷാമവും ശബ്ദ മലിനീകരണവും സമീപ വാസികളുടെ ജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്.  
ക്വാറിയില്‍ നിന്നുള്ള പൊടികാരണം ചെറിയകുട്ടികള്‍ക്കും, പ്രായമായവര്‍ക്കും ശ്വാസതടസ്സവും, അലര്‍ജ്ജിയും വ്യാപകമായി ബാധിക്കുകയാണ്. ക്വാറിയില്‍ നിന്നുള്ള പൊടിശല്യവും, ശബ്ദമലിനീകരണവും കാരണം പ്രദേശവാസികളുടെ ജീവിതം ദുരതിപൂര്‍ണ്ണമായിരിക്കയാണ്.
 ക്വാറിക്ക് അനുകൂലമായി നിലകൊള്ളുന്ന പഞ്ചായത്ത് ഭരണ സമിതിയുടെ നിലപാടില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ത്രീകളും, കുട്ടികളും ഉള്‍പ്പെടെ നൂറോളം പ്രദേശവാസികള്‍ പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ ധര്‍ണ്ണ നടത്തിയിരുന്നു. ക്വാറി മാഫിയയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ലൈസന്‍സ് പുതുക്കി നല്‍കുന്നതില്‍ നിന്നും പഞ്ചായത്ത് പിന്‍മാറണമെന്നും അല്ലാത്ത പക്ഷം ക്വാറി ഉപരോധവും, കല്ല് കടത്തുന്ന വാഹനങ്ങള്‍ തടയുകയും, പഞ്ചായത്ത് പടിക്കല്‍ നിരാഹാരം അടക്കമുള്ള പ്രക്ഷോഭങ്ങളും നടത്തുമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സി.പി ബഷീര്‍, എം അസ്‌ക്കര്‍, കെ.വി പ്രകാശ്, സുലോചന രാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *