May 6, 2024

ചുരം ബദൽ റോഡ്: ജനപ്രതിനിധികൾ സ്ഥലപരിശോധന നടത്തി.

0
കോഴിക്കോട് ജില്ലയെ  വയനാടുമായി ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരം റോഡിന് ബൈപ്പാസ് റോഡ് നിർമ്മിക്കുകയെന്ന ലക്ഷ്യവുമായി തിരുവമ്പാടി എം.എൽ എ ജോർജ് എം.തോമസ്, കല്പറ്റ എം.എൽ എ സി.കെ. ശശീന്ദ്രൻ , ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി, ജില്ലാ കലക്ടർ യു.വി.ജോസ് എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടേയും സംഘം സ്ഥലപരിശോധന നടത്തി. ചിപ്പിലിത്തോടിൽ നിന്ന് റോഡ് ആരംഭിക്കുന്നതിനായി നേരത്തെ തന്നെ പരിഗണനയിലുള്ള പ്രദേശമാണ് സംഘം പരിശോധിച്ചത്. ടണൽ റോഡ് നിർമ്മിക്കുന്നതിനുള്ള സാധ്യതയും പരിഗണിക്കും. റോഡ് സാധ്യമാക്കുന്നതിനായി 12 ഹെക്ടർ വനഭൂമി ആവശ്യമായി വന്നേക്കും. ഇതിനുള്ള അനുമതി ലഭിക്കേണ്ടത് കേന്ദ്ര സർക്കാരിൽ നിന്നാണ്. എന്നാൽ ടണൽ റോഡ് ആകുന്ന പക്ഷം ആവശ്യമാകുന്ന വനഭൂമിയുടെ അളവ് കുറയും. മുഖ്യമന്ത്രി വഴി കേന്ദ്ര സർക്കാരിൽ ഇതിനു വേണ്ടി ശ്രമം നടത്തുമെന്ന് ജോർജ് എം തോമസ് എംഎൽഎ പറഞ്ഞു. ചിപ്പിലിത്തോടിൽ നിന്ന് വനാതിർത്തി വരെയുള്ള 4 കിലോമീറ്റർ റോഡ് ജില്ലാ പഞ്ചായത്ത് പി.എം.ജി.എസ് വൈ പദ്ധതിയിൽ ഉൾപ്പെടുത്തി നടത്താൻ സന്നദ്ധത അറിയിച്ചു കൊണ്ടുള്ള നിവേദനം പ്രസിഡണ്ട് ബാബു പറശ്ശേരി ജില്ലാ കലക്ടർക്ക് സമർപ്പിച്ചു.  1991 ൽ തുടങ്ങിയതാണ് ചുരം ബൈപ്പാസ് റോഡിനുള്ള പരിശ്രമം. സർക്കാർ നിർദ്ദേശ പ്രകാരം നേരത്തെ വിശദമായ സർവെ നടത്തിയിരുന്നു. താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതം  ഏറെ പ്രയാസം  സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് കൂട്ടായ ശ്രമത്തിന് വീണ്ടും സാഹചര്യമൊരുങ്ങിയത് .  വൈത്തിരി പഞ്ചായത്ത് പ്രസിഡണ്ട് ഉഷാകുമാരി, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ, പുതുപ്പാടി പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നന്ദകുമാർ,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.ഡി.ജോസഫ്, അന്നമ്മ മാത്യു, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ ഒതയോത്ത് അഷ്റഫ് , ലീലാമ്മ മംഗലത്ത് എന്നിവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *