May 3, 2024

നീർവാരം ഗവൺമെൻറ് ഹയർ സെക്കന്ററി സ്കൂളിൽ ആദിവാസി വിദ്യാർഥികൾക്കു SSLC പരീക്ഷ എഴുതാനുള്ള അവസരം നിഷേധിച്ചു: ദിലീപ് നീർവാരം എഴുതുന്നു.

0

നീർവാരം ഗവൺമെൻറ് ഹയർ സെക്കന്ററി സ്കൂളിൽ ആദിവാസി വിദ്യാർഥികൾക്കു SSLC പരീക്ഷ എഴുതാനുള്ള അവസരം നിഷേധിച്ചു
– 

വയനാട് ജില്ലയിലെ പനമരം പഞ്ചായത്തിലാണ് നീർവാരം ഗവൺമെൻറ് ഹയർ സെക്കന്ററി സ്കൂൾ. ജില്ലയിലെ മികച്ച സർക്കാർ വിദ്യാലയങ്ങളിൽ ഒന്നാണ് ഈ വിദ്യാലയം. ഈ സ്കൂളിൽ ചില ആദിവാസി വിദ്യാർഥികളെ 2018 ലെ SSLC പരീക്ഷ എഴുതാൻ അനുവദിച്ചില്ല എന്നതുമായി ബന്ധപ്പെട്ടു ചില സൂചനകൾ രണ്ടു ദിവസം മുൻപാണ് ലഭിച്ചത്. തുടർന്ന് ഇതിന്റെ നിജസ്ഥിതി മനസിലാക്കാൻ ശ്രമിച്ചിവരികയായിരുന്ന ഇന്നലെയും ഇന്നും. അതിന്റെ ഫലമായി ചില വിദ്യാർത്ഥികളുടെ പേരുകൾ അറിയാൻ സാധിച്ചു. അങ്ങിനെ ഇന്ന് വൈകിട്ട് അവരുടെ മേൽവിലാസം കാണ്ടുപിടിക്കുകയും അവരുടെ വീടുകളിൽ പോയി കാര്യങ്ങൾ മനസിലാക്കാൻ ശ്രമിക്കുകയും ചെയ്തു. കേട്ടറിഞ്ഞതിനേക്കാൾ ഞെട്ടിപ്പിക്കുന്നതായിരുന്നു കണ്ടറിഞ്ഞ വിവരങ്ങൾ. അത് എല്ലാവരും അറിയണമെന്നു തോന്നിയതിനാൽ ഇവിടെ കുറിക്കുകയാണ്. ഞാൻ ഒന്ന് മുതൽ പത്തു വരെ പഠിച്ച എന്റെ വിദ്യാലയത്തെ കുറിച്ച് ഇങ്ങിനെ എഴുതേണ്ടിവന്നതിൽ ഒരുപാട് ദുഖമുണ്ട്…

അധ്യയന വർഷ ആരംഭംമുതൽ 54 വിദ്യാർത്ഥികൾ ഈ സ്കൂളിൽ പത്താം ക്ലാസ്സിൽ പടിക്കുന്നുണ്ടായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. പക്ഷെ 49 വിദ്യാർത്ഥികൾ മാത്രമാണ് SSLC പരീക്ഷ എഴുതിയിട്ടുള്ളത് എന്നാണ് ഇപ്പോൾ കിട്ടിയ വിവരം. പരീക്ഷ എഴുതാത്ത വിദ്യാർത്ഥികൾ ആദിവാസി വിഭാഗത്തിൽ പെട്ടവരാണ് (പേരുകൾ വഴിയേ പറയാം). അവരിൽ മൂന്നു ആൺകുട്ടികളെയാണ് ഇന്ന് കാണാൻ സാധിച്ചത്. രണ്ടുപേര് നീർവാരം അമ്മാനി പാറവയൽ സ്വദേശികളാണ്, ഇവരുടെ രക്ഷിതാക്കൾ കൃഷിപ്പണിക്ക് പോയിട്ടാണ് കുടുംബം പുലർത്തുന്നത്. മറ്റൊരാൾ അഞ്ഞണിക്കുന്നു സ്വദേശിയുമാണ്. ഇവരിൽ നിന്നും ലഭ്യമായ വിവരങ്ങൾ ഇനി പറയുന്നു…

അമ്മാനി പാറവയൽ പണിയ കോളനിയിലെ വിദ്യാർത്ഥികളായ ബബീഷ്, അമൽ എന്നിവർ ഡിസംബർ മാസംവരെ സ്കൂളിൽ പോയിട്ടുണ്ട്, ക്രിസ്മസ് പരീക്ഷ എഴുതി വിജയിച്ചു എന്നാണ് ഇവർ പറയുന്നത്. ജനുവരി മാസത്തിൽ, കുടുംബാംഗങ്ങളുടെ ശബരിമല തീർത്ഥാടന യാത്രയുമായി ബന്ധപ്പെട്ടു 2 ദിവസം സ്കൂളിൽ പോയിട്ടില്ല എന്ന് ഇവർ പറയുന്നു. അതിനു ശേഷം സ്കൂളിൽ ചെന്നപ്പോൾ 'ഇനി സ്കൂളിലേക്കു വരേണ്ട' എന്ന രീതിയിൽ ഹെഡ് മാസ്റ്ററും അധ്യാപകരും സംസാരിച്ചു എന്നും, തുടർന്ന് ഹെഡ് മാസ്റ്ററും ടീച്ചർമാരും വീട്ടിൽ ചെന്ന് ഇതേ രീതിയിൽ അറിയിച്ചിട്ട് പോയി എന്നും ബബീഷ് പറയുന്നു… 

ദിവസങ്ങൾക്കു ശേഷം രണ്ടു അധ്യാപികമാരും ഒരു അധ്യാപകനും ബബീഷിന്റെ അമ്മയെ കാണുന്നതിന് വേണ്ടി അവർ പണിയെടുക്കുന്ന സ്ഥലത്തു ചെന്നിരുന്നു എന്നും എന്തോ ഒരു കടലാസിൽ ഒപ്പിട്ടു വാങ്ങിച്ചതായും ബബീഷിന്റെ അമ്മ ജാനു പറഞ്ഞു. അധ്യാപകർ എന്ത് പറഞ്ഞിട്ടാണ് ഒപ്പിടാൻ പആവശ്യപ്പെട്ടത് എന്ന് ചോദിച്ചപ്പോൾ ജാനു പറഞ്ഞത് "ഈ വര്ഷം ബബീഷിനു പരീക്ഷ എഴുതാൻ പറ്റില്ല, അതിനു ഒപ്പിട്ടു തരണം, ഈ വര്ഷം പരീക്ഷ എഴുതിയാൽ ബബീഷ് ജയിക്കില്ല എന്ന് അവർ പറഞ്ഞു" എന്നാണ്. എഴുതാനും വായിക്കാനും അറിയാത്തതിനാൽ അതിൽ എന്താണ് എഴുതിയിട്ടുണ്ടായിരുന്നത് എന്ന് അറിയില്ല എന്നും അവർ പറഞ്ഞു. പിന്നീട് അമ്മയെ കൂട്ടി സ്കൂളിൽ ചെന്നു "തോറ്റാലും സാരമില്ല പരീക്ഷ എഴുതണം" എന്ന് ആഗ്രഹം അറിയിച്ചപ്പോൾ 'ഇനി ഇങ്ങോട്ടു വരേണ്ട, അടുത്ത വര്ഷം പരീക്ഷ എഴുതാം' എന്ന് അധ്യാപകർ പറഞ്ഞതായും ബബീഷ് പറയുന്നു. വണ്ടികൂലിക്കു പണമില്ലത്തതിനാൽ ട്രൈബൽ ട്രൈബൽ ഓഫിസിൽ പോയി ഈ വിവരം അറിയിക്കാൻ സാധിച്ചില്ല എന്നും ജാനു പറഞ്ഞു. 

ബബീഷ് താഴ്ന്ന ക്ലാസ്സിൽ പഠിക്കുമ്പോൾ മിക്ക ദിവസവും സ്കൂളിൽ കൊണ്ടുപോകുന്നതും, വൈകുന്നേരം ക്ലാസ് തീരുന്നതുവരെ നീർവാരത്തെ കടകളുടെ സമീപം കാത്തിരുന്നു കുട്ടിയെ തിരിച്ചു വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുമായിരുന്നു എന്നും അങ്ങിനെ കഷ്ടപെട്ടാണ് ബബീഷിനെ പഠിപ്പിച്ചത് എന്ന് ജാനു സങ്കടത്തോടെ പറഞ്ഞു… ബബീഷ് ഒൻപതാം തരത്തിൽ പഠിക്കുമ്പോൾ കാലിനു സുഖമില്ലാതായ സമയത്തുപോലും മുടങ്ങാതെ പരീക്ഷ എഴുതിക്കാൻ സ്കൂളിലേക്കു കൊണ്ടുപോയിട്ടുണ്ട് എന്നും അവർ കൂട്ടിച്ചേർത്തു. മാത്രമല്ല, കായിക മത്സരങ്ങളിലെല്ലാം പങ്കെടുത്തു ബബീഷ് സമ്മാനം വാങ്ങിച്ചിട്ടുണ്ടെന്നും അതെല്ലാം സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്നും സങ്കടത്തോടെ, എന്നാൽ അഭിമാനത്തോടെ ആ അമ്മ പറഞ്ഞപ്പോൾ അവരുടെ മുന്നിൽ എന്ത് പറയണമെന്ന് അറിയാതെ ഞാൻ നിന്നുപോയി… അടുത്ത വര്ഷം പരീക്ഷ എഴുതിക്കണമെന്നു പറഞ്ഞപ്പോൾ ആ അമ്മ പറഞ്ഞത്, "ഒരു വര്ഷം പോയില്ലേ, നീർവാരം സ്കൂളിലെക്കു ഇനി വിടുന്നില്ല, ടി സി വാങ്ങി വേറെ സ്കൂളിൽ ചേർക്കണം" എന്നാണ്. അമലിന്റെ കാര്യവും ഏതാണ്ട് സമാനമാണ്, പക്ഷെ സ്കൂളിൽ ചെന്നന്വേഷിച്ചപ്പോൾ "പേര് വെട്ടി, അതുകൊണ്ട് ഈ വര്ഷം പരീക്ഷ എഴുതാൻ പറ്റില്ല' എന്നു അധ്യാപകർ പറഞ്ഞതായി അമൽ ഓർക്കുന്നു. 

നീർവാരം അഞ്ഞണിക്കുന്നു സ്വദേശിയായ അനീഷ് ആണ് ഇത്തരത്തിൽ പരീക്ഷ എഴുതാൻ പറ്റാതായ മറ്റൊരാൾ. അനീഷിന്റെ കുട്ടിക്കാലത്തുതന്നെ അമ്മ മരിച്ചപോയതാണ്, അച്ഛൻ കാര്യമായി ശ്രദ്ധിക്കാറില്ലെന്നും സഹോദരിയുടെ ഒപ്പമാണ് താമസമെന്നും മനസിലാക്കിയതിനാൽ , മറ്റുകാര്യങ്ങളൊന്നും തന്നെ ഈ കുട്ടിയോടു ചോദിക്കാൻ തോന്നിയില്ല. പരീക്ഷ എഴുതാത്തതിനെപ്പറ്റി ചോദിച്ചപ്പോൾ, "സ്കൂളിൽ പേര് വെട്ടി, അതുകൊണ്ട് ഈ വര്ഷം പരീക്ഷ എഴുതാൻ പറ്റില്ല" എന്ന് അധ്യാപകർ പറഞ്ഞതായി അനീഷ് പറയുന്നു. ഒരു കുടുംബാംഗത്തിനു സുഖമില്ലാതായപ്പോൾ രണ്ടാഴ്ചയോളം അനീഷിനു സ്കൂളിൽ പോകാൻ പറ്റിയില്ല എന്നാണ് അറിഞ്ഞത്. അതിനു ശേഷം സ്കൂളിൽ ചെന്നപ്പോഴാണ് പേര് വെട്ടിയ കാര്യം പറഞ്ഞത്. പിന്നീട് പരീക്ഷ എഴുതണമെന്നു സ്കൂളിൽ ചെന്നുപറഞ്ഞപ്പോൾ "ഈ വര്ഷം ഇനി എഴുതാൻ പറ്റില്ല' എന്നും ക്ലാസ് ടീച്ചർ "എന്തൊക്കെയോ ചീത്ത പറഞ്ഞു" എന്നും അനീഷ് പറഞ്ഞു. പിന്നീട് സ്കൂളിലേക്ക് പോയില്ല എന്നും, എന്നാൽ SSLC പരീക്ഷ അവസാനിച്ച 28നു സ്കൂളിൽ പോയി കൂട്ടുകാരെയെല്ലാം കണ്ടു എന്നും അവരുടെ ആഘോഷങ്ങളിൽ പങ്കെടുത്തു എന്നും അനീഷ് പറഞ്ഞു….

ആദിവാസികളുടെ ഉന്നമനത്തിനായി , പ്രത്യേകിച്ചും വിദ്യാഭ്യാസ ആവശ്യത്തിന്നായി കുട്ടികളെ സ്കൂളിലേക്ക് എത്തിക്കുന്നതിന് 'ഗോത്രസാരഥി' പദ്ധതിയും ആദിവാസി വിദ്യാര്ഥികള്ക്കു പ്രത്യേയക പഠന ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനായി ഒരു കുട്ടിക്ക് 3500 എന്ന തോതിൽ സർക്കാർ സഹായവും, 'കൊഴിഞ്ഞുപോക്കു' തടയുന്നത്തിനും മറ്റും സർക്കാർ കാര്യക്ഷമമായി ഇടപെടുമ്പോഴാണ് വിദ്യാർത്ഥികളെ SSLC പരീക്ഷ എഴുതിക്കാതിരിക്കുന്നതിനു സർക്കാർ സ്കൂളിലെ അധ്യാപകർ തന്നെ ശ്രമിക്കുന്നത്. ഈ വിഷയത്തിൽ അധ്യാപകരുടെയും അധ്യാപക-രക്ഷാകർതൃ സമിതിയുടേയുമെല്ലാം ഇടപെടലുകൾ അന്വേഷണ വിധെയമാകേണ്ടതാണ്. "100 ശതമാനം വിജയം എന്ന ഖ്യാതി" നേടുന്നതിന് ഇത്തരത്തിലുള്ള മ്ലേച്ഛകരമായ പ്രവൃത്തികൾ ചെയ്യുന്നത് അധ്യാപകർക്ക് ചേർന്ന സ്വഭാവമല്ല. മാത്രമല്ല, പാർശ്വവൽക്കരിക്കപ്പെട്ട ആദിവാസി വിഭാഗത്തിലെ വിദ്യാര്ഥികള്ക്കു SSLC പരീക്ഷ എഴുതുന്നതിനുള്ള അവകാശം നിഷേധിച്ച, ഒരു പഠന വര്ഷം നഷ്ടപ്പെടുത്തിയ, അതുവഴി അവർക്കു ഏറ്റവും അടിസ്ഥാനപരമായ SSLC സർട്ടിഫിക്കറ്റ് എന്ന ആധികാരിക രേഖ ലഭിക്കാതിരിക്കാനുള്ള ഇടപെടലുകൾ നടത്തിയ അധ്യാപകർക്കെതിരെ കർശന നടപടികൾ സർക്കാർ കൈക്കൊള്ളണമെന്നാണ് എന്റെ അഭിപ്രായം… ( ദിലീപ് നീർവാരം തന്റെ ഫേസ്ബുക്കിൽ കുറിച്ചത് )

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *