April 28, 2024

വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ കാര്‍ഡുകള്‍ ജൂലൈ ഒന്നുമുതല്‍ വിതരണം ചെയ്യും

0
വിദ്യാര്‍ഥികളുടെ 2018-19 വര്‍ഷത്തെ കണ്‍സഷന്‍ കാര്‍ഡുകള്‍ ജൂലൈ ഒന്നുമുതല്‍ ആഗസ്റ്റ് വരെ വിതരണം ചെയ്യാന്‍ ജില്ലാ സ്റ്റുഡന്റ്‌സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി യോഗം തീരുമാനിച്ചു. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ എ ഡി എം കെ. എം. രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിദ്യാര്‍ഥികളുടെ സുരക്ഷിതയാത്രയും യാത്രാപ്രശ്‌നങ്ങളും ചര്‍ച്ച ചെയ്തു.
       കണ്‍സഷന്‍ കാര്‍ഡുകള്‍ കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ആര്‍ടി ഓഫിസുകള്‍ വഴിയാണ് വിതരണം ചെയ്യുക. ഇതിനായി അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കുട്ടികളുടെ പേര്, അഡ്മിഷന്‍ നമ്പര്‍ അല്ലെങ്കില്‍ യൂനിവേഴ്‌സിറ്റി രജിസ്റ്റര്‍ നമ്പര്‍, ക്ലാസ്, യാത്രചെയ്യേണ്ട റൂട്ട്, കിലോമീറ്റര്‍ എന്നിവ അടങ്ങിയ ലിസ്റ്റിന്റെ രണ്ടു പകര്‍പ്പുമായി അതാത് ഓഫിസുകളില്‍ എത്തിക്കണം. സര്‍ക്കാര്‍ അംഗീകാരമുള്ള മുഴുവന്‍സമയ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കു മാത്രമേ സൗജന്യ നിരക്കില്‍ യാത്ര അനുവദിക്കുകയുള്ളൂ. വിദ്യാര്‍ഥികള്‍ വരുമാനമില്ലാത്തവരായിരിക്കണം. 
       അംഗീകാരമുള്ള കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് പാസ് അനുവദിക്കുന്നതെന്ന് ബസ്സുടമകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിശോധിക്കാന്‍ അവസരം നല്‍കും. ആവശ്യമെങ്കില്‍ കൂടുതല്‍ തെളിവുകളോ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളോ നല്‍കി കോഴ്‌സ് അംഗീകൃതമെന്നു കണ്ടാല്‍ ആവശ്യമുള്ളത്ര കാര്‍ഡുകള്‍ വിദ്യാലയ പ്രതിനിധികള്‍ക്ക് അനുവദിക്കും. അവര്‍ അത് സീരിയല്‍ നമ്പര്‍ സഹിതം കാര്‍ഡ് പൂരിപ്പിച്ച് സ്റ്റാമ്പ് സൈസ് ഫോട്ടോ പതിച്ച് മേലധികാരിയുടെ ഒപ്പും സീലും സഹിതം ആര്‍ടി ഓഫിസില്‍ സമര്‍പ്പിക്കണം. ഇതു പരിശോധിച്ച് പിറ്റേന്നു വൈകീട്ട് നാലിനകം തിരിച്ചു നല്‍കും. കഴിഞ്ഞ വര്‍ഷം കെഎസ്ആര്‍ടിസി കണ്‍സഷന്‍ കൊടുത്തിരുന്നവര്‍ക്ക് ഈ വര്‍ഷവും അതു തുടരും. ചീഫ് ഓഫിസില്‍ നിന്ന് ഏതെങ്കിലും കോഴ്‌സുകള്‍ക്ക് മുന്‍കൂര്‍ അനുമതി വേണ്ടവര്‍ ഓഫിസ് മേധാവിയുമായി ബന്ധപ്പെടണം. അനുമതി സമ്പാദിക്കുന്ന മുറയ്ക്ക് ഈ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും കണ്‍സഷന്‍ ലഭ്യമാവും. 
     യൂനിഫോമും തിരിച്ചറിയല്‍ കാര്‍ഡുമുള്ള എല്ലാ എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഈ വര്‍ഷം തുടര്‍ന്നും കണ്‍സഷന്‍ അനുവദിക്കണം. കണ്‍സഷന്‍ കാര്‍ഡ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പരാതിയുള്ളവര്‍ക്ക് സബ് ആര്‍ടി ഓഫിസുകളിലെ ജോയിന്റ് ആര്‍ടിഒമാരെയോ മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെയോ അതാതു സ്ഥലത്തെ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരെയോ ബന്ധപ്പെടാം. വിദ്യാര്‍ഥികള്‍ക്കെതിരേ മോശം പെരുമാറ്റം, ക്യൂ നിര്‍ത്തല്‍, അധിക ചാര്‍ജ് ഈടാക്കല്‍, സ്റ്റോപ്പില്‍ കൃത്യമായി നിര്‍ത്താതിരിക്കല്‍ തുടങ്ങിയ പരാതികള്‍ പോലിസ്, എക്‌സൈസ് വകുപ്പുകള്‍ സംയുക്തമായി പരിശോധിച്ച് നടപടിയെടുക്കും. നിസ്സാര പ്രശ്‌നങ്ങളുടെ പേരില്‍ മിന്നല്‍പ്പണിമുടക്കുകളും ബസ് ജീവനക്കാര്‍ക്കെതിരായ അതിക്രമങ്ങളും ഒഴിവാക്കി സൗഹാര്‍ദപരമായ വിദ്യാലയ വര്‍ഷം ആരംഭിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് എഡിഎം അഭ്യര്‍ഥിച്ചു. യോഗത്തില്‍ ആര്‍ടിഒ വി സജിത്ത്, ജോയിന്റ് ആര്‍ടിഒമാരായ ബി സാജു (മാനന്തവാടി), പത്മകുമാര്‍ (സുല്‍ത്താന്‍ ബത്തേരി), ഡിവൈഎസ്പി ബിജു, വിവിധ കെഎസ്ആര്‍ടിസി ഡിപ്പോ അധികൃതര്‍, വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *