May 1, 2024

തകര്‍ന്ന്ചുരം, ഒറ്റപ്പെടുന്നവയനാട്’: ബദല്‍റോഡുകള്‍ക്കായി യുത്ത്‌ലീഗ് കലക്ട്രേറ്റ് ധർണ്ണ നാളെ

0
Img 20180625 170112
കല്‍പ്പറ്റ: 'തകര്‍ന്ന് ചുരം ഒറ്റപ്പെടുന്ന വയനാട്  എന്ന മദ്രാവാക്യമുയര്‍ത്തി ജില്ലയിലെ ബദല്‍ റോഡുകള്‍ യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് യൂത്ത്‌ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കലക്ട്രേറ്റിന് മുമ്പില്‍  ധര്‍ണ സമരം നടത്തുമെന്ന് പ്രസിഡന്റ്  കെ. ഹാരിസ്, ജന.സെകട്ടറി സി.കെ ഹാരിഫ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ധര്‍ണ്ണ സമരം രാവിലെ 10 മണിക്ക് മുസ്‌ലിംലീഗ് സംസ്ഥാന വൈസ്പ്രസിഡന്റ് സി. മോയിന്‍കുട്ടി എക്‌സ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എകരിം, ജന.സെക്രട്ടറി കെ.കെഅഹമ്മദ് ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും. 
വയനാട്ടുകാരുടെ ബദല്‍പാതകള്‍ എന്ന ആവശ്യം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തിരമായി പരിഗണിക്കണം.താമരശ്ശേരി ചുരമുള്‍പ്പെടെ വയനാടിന് പുറത്തേക്കുള്ള ഗതാഗതമാര്‍ഗങ്ങളായ ചുരംറോഡുകളെല്ലാം ഇന്ന് വയനാട്ടുകാര്‍ക്ക് പേടിസ്വപ്‌നമാണ്.  ചുരത്തിലെ ഗതാഗതം സ്തംഭിച്ചാല്‍ വയനാട് ഒറ്റപ്പെടുന്ന അവസ്ഥയാണുള്ളത്. വയനാടിന്റെ ഒറ്റപ്പെടലിന് പരിഹാരമായി ആറോളം ബദല്‍പാതകളാണ് ജില്ലക്കായിആവിഷ്‌കരിച്ചത്. എന്നാല്‍ ബദല്‍പാതകളെന്ന വയനാട്ടുകാരുടെആവശ്യത്തിന്  പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും പരിഹാരമായിട്ടില്ല. 
പൂഴിത്തോട്-പടിഞ്ഞാറത്തറ-പെരുവണ്ണാമൂഴി, ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ, ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി, കുഞ്ഞോം-വിലങ്ങാട്, മേപ്പാടിചൂരല്‍മല-പോത്തുകല്ല്-നിലമ്പൂര്‍, ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടിതുരങ്കപ്പാത എന്നിവയാണ് നിര്‍ദ്ദിഷ്ട ബദല്‍ പാത നിര്‍ദേശങ്ങള്‍. ഇതില്‍ ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി-തുരങ്കപ്പാത സമീപകാലത്തുണ്ടായ നിര്‍ദേശമാണ്.
ചുരത്തിന്റെ നിലവിലുള്ള ശോച്യാവസ്ഥ കാരണം കോഴിക്കോട് മെഡിക്കല്‍കോളജിലേക്ക് അടക്കം വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും രോഗികളുമായി പോകുന്ന ആംബുലന്‍സ് മണിക്കൂറുകളോളം ചുരത്തില്‍ കുടുങ്ങി മനുഷ്യ ജീവന്‍ നഷ്ടപ്പെടുന്ന ദയനീയതാണ് ഇന്നുള്ളത്. ഓരോ തവണ ചുരം റോഡ് തകരുമ്പോഴും, ഗതാഗതം മുടങ്ങുമ്പോഴും ഉയര്‍ന്നുവരുന്ന പതിവ് പല്ലവിയായി മാറിയിരിക്കുകയാണ്ചുരം ബദല്‍ പാതകള്‍. പ്രാഥമികമായ ചര്‍ച്ചകളും ഫയല്‍ നീക്കങ്ങളും തുടങ്ങുമെങ്കിലും ചുരം റോഡിന്റെ കുഴിയടക്കുന്നതോടെ ഇവ വീണ്ടും ഫയലില്‍ തന്നെ ഉറങ്ങാറാണ് പതിവ്. വയനാടിന് ഒരു ബദല്‍പാത എന്ന ആവശ്യം നേടിയെടുക്കാന്‍ ജില്ലയിലെ ജനപ്രതിനിധികളും, രാഷ്ട്രീയ-സാമൂഹിക-സംഘടനകളും ഒറ്റക്കെട്ടായിരംഗത്തുവരണം. 
     ബദല്‍ റോഡിനായി ഇന്ന്‌വിവിധ കോണുകളില്‍ നിന്നും ഉയരുന്ന പ്രാദേശികവാദങ്ങള്‍ വയനാട്ടുകാരുടെ ഈ ആവശ്യത്തിന്റെ മുനയോടിക്കാനേ സഹായകമാവുകയുള്ളു.  ബദല്‍പാത വേണ്ടെന്ന അമിത പരിസ്ഥിതി വാദികളുടെ വാദങ്ങള്‍അംഗീകരിക്കാനാവില്ല. കാലവര്‍ഷക്കെടുതിയിലും മറ്റും വയനാട്ടുകാര്‍ ഒറ്റപ്പെടുമ്പോള്‍ പരസ്ഥിതിയുടെ പേരില്‍ ചില കോണുകളില്‍ നിന്നും ഉയരുന്ന വാദങ്ങള്‍ തള്ളികളയേണ്ടതാണ്. 
       ചുരത്തിന് ബദലായി മൂന്നിലധികം ബദല്‍പാതകള്‍ ഏറ്റവും ഉചിതവും, പ്രായോഗികവുമാണെന്ന് കണ്ടെത്തി സര്‍ക്കാറുകള്‍ നിരവധി നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചവയാണ്. പടിഞ്ഞാറത്തറ-പൂഴിത്തോട്, മേപ്പാടി-ആനക്കാംപൊയില്‍, തളിപ്പുഴ-ചിപ്പിലിത്തോട് ബദല്‍പാത ഇവയുടെതെല്ലാം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടുണ്ട്. ബദല്‍ പാതകള്‍ യഥാര്‍ത്ഥ്യമാക്കാന്‍ വയനാട്ടുകാരുടെ ഒറ്റകെട്ടായ പരിശ്രമവും, സമ്മര്‍ദ്ദവും അനിവാര്യമാണെന്നും, യൂത്ത്‌ലീഗ് ഈ ആവശ്യമുന്നയിച്ച് തുടര്‍ സമരത്തിന്റെ ഭാഗമായി കലക്ടറേറ്റ് മാര്‍ച്ച്, സെക്രട്ടറിയേറ്റ് ധര്‍ണ്ണ എന്നിവ നടത്തുമെന്നും അവര്‍ അറിയിച്ചു. 
       പടിഞ്ഞാറത്തറ-പൂഴിത്തോട് ചുരം ബദല്‍ റോഡ്  രണ്ട് പതിറ്റാണ്ടു മുന്‍പാണ് നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചത്. എന്നാല്‍ പിന്നീട് സാങ്കേതിക തടസ്സങ്ങളുടെ പേരില്‍ കുടുങ്ങുകയായിരുന്നി. 1994 സെപ്തംബര്‍ മാസത്തില്‍ ഈ റോഡിന്റെ നിര്‍മാണം ആരംഭിച്ചിരുന്നു. നിര്‍ദ്ദിഷ്ട  ബദല്‍ റോഡ് കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതും കോഴിക്കോട് ജില്ലയിലെ പൂഴിത്തോട് നിന്ന് ആരംഭിച്ച് വയനാട് ജില്ലയിലെ വൈത്തിരി-തരുവണ റോഡില്‍ 23ാം കി.മീറ്ററില്‍ പടിഞ്ഞാറത്തറയില്‍ അവസാനിക്കുന്നതുമാണ്. പാത കടന്നു പോകുന്ന ഭാഗത്തെ വനഭൂമിക്ക് പകരം അതിന്റെ ഇരട്ടി ഭൂമിയാണ് വനവല്‍ക്കരണത്തിന് ആവശ്യപ്പെട്ടത്. 
      വനം വകുപ്പിന് പകരം ഭൂമി കൊടുത്താല്‍ മാത്രമേ റോഡ് പണി ആരംഭിക്കാനാവൂ എന്ന വനം വകുപ്പ് അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് പഞ്ചായത്തില്‍  5.560 ഹെക്ടറും വയനാട് ജില്ലയിലെ തരിയോട്, പടിഞ്ഞാറത്തറ വില്ലേജുകളില്‍ നിന്ന് സൗജന്യമായും, അന്നത്തെ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഭരണ സമിതി വിലക്കെടുത്തതുമുള്‍പ്പെടെ 20.77 ഹെക്ടര്‍ ഭൂമി വനം വകുപ്പിന് കൈമാറിയിരുന്നു. എന്നാല്‍ പിന്നീട് വനം വകുപ്പിന്റെയും തടസ്സം റോഡ് നിര്‍മാണത്തിന് തടസ്സമാവുകയായിരുന്നു. 
വയനാട്ടിലെ നിര്‍ദ്ദിഷ്ട ബദല്‍റോഡുകളില്‍ പ്രധാനപ്പെട്ടതാണ് ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ. എന്നാല്‍ വനഭൂമിയിലൂടെ റോഡ് നിര്‍മിക്കുന്നതിനു ആവശ്യമായ അനുമതിയില്ലാത്തതിനാല്‍ റോഡ് നിര്‍മ്മാണം അവതാളത്തിലാവുകയാണ്.  വനത്തിലൂടെയുള്ള നിര്‍മാണത്തിനു കേന്ദ്ര വനം-പരിസ്ഥിതി വകുപ്പിന്റെ അനുമതി ലഭിക്കാത്തതാണ് ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ  റോഡ് പ്രവൃത്തിക്ക്  തടസമെന്നാണ് മരാമത്ത് ഉദ്യോഗസ്ഥര്‍ പറയുന്നത്.  വനം വകുപ്പ് കനിഞ്ഞാല്‍ മാത്രമേ ഈ പാതയും യാഥാര്‍ത്ഥ്യമാവുകയുള്ളു. ഈ പാതയുടെ പ്രവൃത്തി തുടങ്ങണമെന്നാവശ്യപ്പെട്ട് വയനാട്ടിലേയും, കോഴിക്കോട് മലയോര മേഖലകളിലെയും ജനങ്ങള്‍ നിരവധി പ്രക്ഷോഭം നടത്തുകയുണ്ടായി. 
       നിര്‍ദിഷ്ട മേപ്പാടി-നിലമ്പൂര്‍ ബദല്‍റോഡ്  മൂന്ന് പതിറ്റാണ്ട് മുമ്പ് ആവിഷ്‌കരിച്ചതാണ്. മേപ്പാടി മുതല്‍ മുണ്ടക്കൈ വരെയും നിലമ്പൂര്‍ മുതല്‍ പോത്ത്കല്ല് വരെയും റോഡ് നിലവിലുണ്ട്. അവശേഷിക്കുന്ന 14 കിലോമീറ്റര്‍ ദൂരത്തില്‍ എട്ടുകിലോമീറ്റര്‍ കൂപ്പ് റോഡുമുണ്ട്. ബാക്കി ആറ് കിലോമീറ്റര്‍ ദുരം പൂര്‍ത്തിയായാല്‍ ഈ പാത യാഥാര്‍ത്ഥ്യമാവും. എന്നാല്‍ ഈ ആറ് കിലോമീറ്റര്‍ ദൂരം വനത്തിലൂടെ കടന്ന് പോവുന്നതാണ് റോഡിന്റെ പ്രധാന തടസം. ഈ പാതക്കായി 1998 ഡിസംബര്‍ 14ന് മേപ്പാടി ചൂരല്‍മല നിലമ്പൂര്‍ ബദല്‍റോഡ് യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് മുസ്്‌ലിം യൂത്ത് ലീഗ് മേപ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ കീഴില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ചും നടത്തിയിരുന്നു. 
ഒടുവില്‍ ചുരത്തിന് ബദലായി തുരങ്കപാത എന്ന ആശയത്തിലും സര്‍ക്കാര്‍ എത്തിയിട്ടുണ്ട്.  തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയില്‍ കള്ളാടി മേപ്പാടി റോഡില്‍ സാധ്യത തേടിയിട്ടുള്ള തുരങ്കപാതയ്ക്ക് 650 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 
      പൊതുമരാമത്ത് വകുപ്പ് 2014 ല്‍ നടത്തിയ സാധ്യതാപഠനത്തില്‍ നിര്‍ദ്ദിഷ്ടസ്ഥലം തുരങ്കപാത നിര്‍മാണത്തിന് അനുയോജ്യമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.  തുരങ്കപാത യാഥാര്‍ഥ്യമാകുന്നതോടെ ഹെയര്‍പിന്‍ വളവുകളില്ലാതെയും അപകട സാധ്യതയില്ലാതെയും യാത്ര ചെയ്യാം. 
വയനാടന്‍ ജനതയെ ഒറ്റപ്പെടലില്‍ നിന്നും മോചിപ്പിക്കാനായി നിര്‍ദ്ദിഷ്ട ബദല്‍പാതകളില്‍ ഏറ്റവും ഫലപ്രദമായത് അടിയന്തിരമായി യാഥാര്‍ത്ഥ്യമാക്കണമെന്ന് യൂത്ത്‌ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ വൈസ്പ്രസിഡന്റുമാരായി വി.എം അബൂബക്കര്‍, ഷമീം പാറക്കണ്ടി എന്നിവര്‍ പറങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *