May 6, 2024

വെള്ളപ്പൊക്കത്തില്‍ തകര്‍ന്നടിഞ്ഞ് കോട്ടത്തറയുടെ സമ്പദ്‌വ്യവസ്ഥ

0
Vazha 1
കല്‍പറ്റ-ആഴ്ചയിലധികമായി തുടരുന്ന വെള്ളപ്പൊക്കത്തില്‍ തകര്‍ന്നടിഞ്ഞ് കോട്ടത്തറ പഞ്ചായത്തിന്റെ സമ്പദ്‌വ്യവസ്ഥ. വയലില്‍ നട്ട വാഴയും നെല്ലും ഇഞ്ചിയും കപ്പയും പച്ചക്കറികളും വെള്ളം കെട്ടിനിന്നു നശിച്ചതോടെ തെറ്റിയത് ഉപജീവനത്തിനു കൃഷിയെ ആശ്രയിക്കുന്നവരുടെ കണക്കുകൂട്ടല്‍. ജീവിതം എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്നറിയാതെ ഉഴലുകയാണ് കര്‍ഷകരും ആദിവാസികള്‍ ഉള്‍പ്പെടെ കര്‍ഷകത്തൊഴിലാളികളും. ദശലക്ഷക്കണക്കിനു രൂപയുടേതാണ് വെള്ളപ്പൊക്കത്തില്‍ കോട്ടത്തറ പഞ്ചായത്തിലുണ്ടായ കൃഷിനാശം
വെണ്ണിയോട് വലിയപുഴയ്ക്കും ചെറുപുഴയ്ക്കും നടുവിലാണ് കോട്ടത്തറ പഞ്ചായത്ത്. മങ്ങോടുകുന്ന്, വലിയകുന്ന്, പുതിയിടത്തുകുന്ന്, ചേലാക്കുഴിക്കുന്ന്, പുതുശേരിക്കുന്ന് എന്നീ കുന്നുകളും ഇവയ്ക്കുതാഴെയുള്ള പാടങ്ങളും ഉള്‍പ്പെടുന്നതാണ് പഞ്ചായത്തിലെ ഭൂപ്രദേശം. 13 വാര്‍ഡുകളുള്ള പഞ്ചായത്തിലെവിടെയും ഇപ്പോള്‍ വയല്‍ കാണാനില്ല. രണ്ട് ആള്‍പ്പൊക്കത്തില്‍വരെ വെള്ളം കയറിയിരിക്കയാണ് വയലുകളില്‍. വീടുകളില്‍ന്നു പുറത്തിറങ്ങാന്‍ കഴിയാത്തവിധം വെള്ളം ചുറ്റിയിരിക്കയാണ് കുന്നുകളെ. 
കനത്തമഴയില്‍ പുഴകള്‍ കരകവിഞ്ഞതോടെ വെള്ളത്തിനടിയിലായതാണ് കോട്ടത്തറ പഞ്ചായത്തിലെ പാടങ്ങള്‍. പടിഞ്ഞാറത്തറ പഞ്ചായത്ത് പരിധിയിലെ കുറുമണി മുതല്‍ കരിങ്കുറ്റി വരെ നോക്കെത്താദൂരത്തില്‍ കയറിക്കിടക്കുകയാണ് വെള്ളം. പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ 90 ശതമാനവും വെള്ളത്തിനടിയിലാണെന്നു വയനാട് കാര്‍ഷിക പുരോഗമന സമിതി കണ്‍വീനര്‍ ഗഫൂര്‍ വെണ്ണിയോട് പറഞ്ഞു. 
വെള്ളപ്പൊക്കത്തില്‍ പഞ്ചായത്തിലുണ്ടായ കൃഷിനാശം കണക്കാക്കി വരുന്നതേയുള്ളൂവെന്ന് കൃഷി ഓഫീസര്‍ പറഞ്ഞു. മൂപ്പെത്തുന്നതിനു മുമ്പ് വാഴക്കുലകള്‍ വെട്ടേണ്ടിവന്നതുമൂലം കര്‍ഷകര്‍ക്കുണ്ടായ നഷ്ടം ഭീമമാണ്. കിലോഗ്രാമിനു 15 രൂപ നിരക്കിലാണ്  മൂപ്പെത്താത്ത നേന്ത്രവാഴക്കുലകള്‍ കച്ചവടക്കാര്‍ വാങ്ങുന്നത്. പൂര്‍ണമായും വെള്ളത്തിലായ സ്ഥലങ്ങളില്‍ വിളവെടുപ്പ് നടത്താനാകാതെയും വാഴകള്‍ നശിക്കുകയാണ്. വെള്ളംകയറിയ തോപ്പുകളിലെ വാഴക്കന്നുകള്‍പോലും ഉപയോഗിക്കാന്‍ കഴിയില്ല. 
കാലവര്‍ഷം ശക്തമായതിനുശേഷം വാഴക്കുലവിലയില്‍ കിലോഗ്രാമിനു 10 രൂപയുടെ കുറവാണ് ഉണ്ടായതെന്നു കോട്ടത്തറ പഞ്ചായത്ത് ആസ്ഥാനമായ വെണ്ണിയോട്ടെ വട്ടക്കണ്ടി ട്രേഡേഴ്‌സ് ഉടമ വി.കെ. മുസ്തഫ പറഞ്ഞു. നേന്ത്രവാഴക്കായ ഫസ്റ്റ് ക്വാളിറ്റി കിലോഗ്രാമിനു 28 രൂപയാണ് ഇപ്പോള്‍ വില. 
പുഞ്ചകൃഷി ഇറക്കിയവരില്‍ കൊയ്ത്തുനടത്താന്‍ കഴിയാത്തവരെല്ലാം കണ്ണീരിലാണ്. വെള്ളമിറങ്ങുമ്പോള്‍ നെല്ലു പോയിട്ട് വൈക്കോല്‍പോലും  വയലില്‍ ബാക്കിയുണ്ടാകില്ലെന്നു കോട്ടത്തറയിലെ  കര്‍ഷകന്‍ പി.കെ. ജോയി സിറിയക് പറഞ്ഞു.  
ദിവസങ്ങളായി പാടത്തോ പറമ്പിലോ പണിക്കിറങ്ങാന്‍ കഴിയാതെ പഞ്ചായത്തിലെ കര്‍ഷകത്തൊഴിലാളി കുടുംബങ്ങള്‍ ദാരിദ്ര്യത്തിലാണ്. ദുരിതാശ്വാസ ക്യാമ്പുകളിലുള്ള കുടുംബങ്ങള്‍ക്കു വിശപ്പടക്കാനുള്ള വക ജില്ലാ ഭരണകൂടം ലഭ്യമാക്കുന്നുണ്ടെങ്കിലും കഷ്ടത്തിലാണ്  വീടുകളില്‍ കഴിയുന്നവരുടെ കാര്യം.  പഞ്ചായത്തില്‍ വെണ്ണിയോട് എസ്എഎല്‍പിഎസ്, കോട്ടത്തറ ജി.എച്ച്.എസ.്എസ്, ഇ.കെ. നായനാര്‍ സ്മാരക കമ്മ്യൂണിറ്റി ഹാള്‍, വലിയകുന്ന് കമ്മ്യൂണിറ്റി ഹാള്‍, കരിങ്കുറ്റി ജി.എച്ച്.എസ് എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലായി 300 പട്ടികജാതി-വര്‍ഗ കുടുംബങ്ങളുണ്ട്.  വെള്ളത്തിനടിയിലായ കൊളക്കിമൊട്ടംകുന്ന്, കൊളവയല്‍, മൊട്ടംകുന്ന്, വൈശ്യന്‍, പൊയില്‍ കോളനികളില്‍നിനിന്നുള്ളതാണ്  കുടുംബങ്ങള്‍. വെള്ളംകയറിയ പ്രദേശങ്ങളിലെ ജനറല്‍ വിഭാഗത്തിലുള്ളവരില്‍ അധികവും ബന്ധുവീടുകളിലേക്കാണ് താമസം മാറ്റിയിരിക്കുന്നത്. 
വെള്ളം ഇറങ്ങിയാല്‍ത്തന്നെ കോട്ടത്തറ ജി.എച്ച്.എസ്എ.സിലെ ദുരിതാശ്വാസ ക്യാമ്പില്‍നിന്നു തിരികെ പോകില്ലെന്ന നിലപാടിലാണ് വൈശ്യന്‍ കോളനിയിലെ കുടുംബങ്ങളെന്നു കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ജോസഫ് പറഞ്ഞു. 20 കുടുംബങ്ങളാണ് വൈശ്യന്‍ കോളനിയില്‍. ഏകദേശം ഒരേക്കര്‍ ഭൂമിയാണ് ഇവരുടെ  കൈവശം. പുഴയോടു ചേര്‍ന്നാണ് കോളനി. കൈവശഭൂമി നിലമായാണ് വില്ലേജ് രേഖകളില്‍ ചേര്‍ത്തിരിക്കുന്നത്. അതിനാല്‍ത്തന്നെ ഭവന പദ്ധതിയും ആനുകൂല്യങ്ങളും കോളനിക്കാര്‍ക്ക് അന്യമാകുകയാണ്. പുനരധിവാസമാണ് വൈശ്യന്‍കുന്നിലെ കുടുംബങ്ങള്‍ ആവശ്യപ്പെടുന്നത്. ഇവര്‍ വാശിയില്‍ ഉറച്ചുനിന്നാല്‍ സ്‌കൂളില്‍ ക്ലാസ് നടത്തിപ്പും പ്രയാസത്തിലാകുമെന്നു പ്രസിഡന്റ് പറഞ്ഞു. 
വരുമാന പരിധി  കണക്കിലെടുക്കാതെ പഞ്ചായത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും സൗജന്യ റേഷന്‍ അനുവദിക്കുക, പഞ്ചായത്തിലെ മഴക്കാലങ്ങളിലെ ഉപയോഗത്തിനു സ്ഥിരം ബോട്ട് അനുവദിക്കുക, കൃഷിനാശം തിട്ടപ്പെടുത്തി കര്‍ഷകര്‍ക്ക് പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഭരണാധികാരികളെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് കോട്ടത്തറ നിവാസികള്‍. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *