May 14, 2024

തൊഴിലുറപ്പ് തൊഴിൽ ദിനങ്ങൾ വർധിപ്പിക്കുന്നു

0
പ്രളയാനന്തര അതിജീവനത്തിന്റെ ഭാഗമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽദിനങ്ങൾ വർധിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ എ ആർ അജയകുമാറിന്റെ അധ്യക്ഷതയിൽ കലക്ടറുടെ ചേംബറിൽ യോഗം ചേർന്നു. ഓരോ വകുപ്പുകളും എന്തൊക്കെ പ്രവൃത്തി തൊഴിലുറപ്പിൽ ഉൾപ്പെടുത്തി ചെയ്യാമെന്നു കണ്ടെത്തി ഒക്ടോബർ 15നകം റിപോർട്ട് ചെയ്യണമെന്ന് അദ്ദേഹം നിർദേശിച്ചു. തരിശുഭൂമി കൃഷിയോഗ്യമാക്കൽ, മണ്ണ്-ജലസംരക്ഷണം, കുളം നവീകരണം, ദീർഘകാല വിളകളുടെ പുനഃകൃഷി, ബണ്ട്, കയ്യാല നിർമാണം എന്നീ പ്രവൃത്തികൾ തൊഴിലുറപ്പിൽ ഉൾപ്പെടുത്തി നടപ്പാക്കാമെന്നു യോഗത്തിൽ അഭിപ്രായമുയർന്നു. തീറ്റപ്പുൽകൃഷി, ആട്ടിൻകൂട്, കാലിത്തൊഴുത്ത് എന്നിവയുടെ പ്രവൃത്തിയും ഏറ്റെടുക്കാം. പ്രളയത്തെ തുടർന്ന് 703 കർഷകരുടെ മൽസ്യക്കുളങ്ങൾ നശിച്ചു. ഇതു തൊഴിലുറപ്പിൽ ഉൾപ്പെടുത്തി നവീകരിക്കും. വനത്തിനുള്ളിൽ കൂപ്പ് പാതയടക്കം 200 കിലോമീറ്ററിലധികം റോഡുകൾക്ക് നാശം സംഭവിച്ചു. വനത്തിലെ ചെക്ഡാമുകൾക്കും കയ്യാലകൾക്കും നാശം നേരിട്ടു. ഇതു നവീകരിക്കാൻ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിക്കും. വനമേഖലയുമായി ബന്ധപ്പെട്ട പ്രവൃത്തികൾ ആദിവാസികളെ ഉപയോഗപ്പെടുത്തി പൂർത്തിയാക്കും. ആദിവാസി ഊരുകളിൽ തകർന്ന റോഡുകളും വീടുകളും തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്തി പുനർനിർമിക്കാം. കുടുംബശ്രീ ആറു ഇഷ്ടിക നിർമാണ യൂനിറ്റ് തുടങ്ങിയിട്ടുണ്ട്. ഇതിനും മൈക്രോ എന്റർപ്രൈസസ് വർക്ക് ഷെഡ്, ഔഷധ സസ്യകൃഷി, നഴ്‌സറി മേഖലകളും തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിക്കാമെന്നു യോഗത്തിൽ അഭിപ്രായമുയർന്നു. 80 കോടിയുടെ മുള്ളൻകൊല്ലി-പുൽപ്പള്ളി പാക്കേജ്, സ്‌കൂൾ ഗ്രൗണ്ട് നവീകരണം, ചുറ്റുമതിൽ നിർമാണം എന്നിവയിലും തൊഴിൽദിനങ്ങൾ കണ്ടെത്താനാവുമെന്നു യോഗം വിലയിരുത്തി. പ്രളയാനന്തരം വയലുകളിലും മറ്റും അടിഞ്ഞുകൂടിയ മണൽ ശേഖരിക്കുന്നതിനും തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിക്കും. ഈ മണൽ പഞ്ചായത്ത് സൂക്ഷിച്ച് പൊതു ആവശ്യങ്ങൾക്കായി ഉപയോഗിക്കും. യോഗത്തിൽ ജില്ലാതല ഉദ്യോഗസ്ഥർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *