May 17, 2024

കൃഷ്ണഗിരിയിൽ ക്രിക്കറ്റ് ആരവം: രഞ്ജി ട്രോഫി ഇന്ന് തുടങ്ങും.

0
കല്‍പ്പറ്റ: രഞ്ജിക്രിക്കറ്റിന്റെ ആവേശത്തിലേക്ക് വയനാട്. ഗുജറാത്തിനെതിരായ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇന്ന് വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ കേരളമിറങ്ങുമ്പോള്‍  ക്രിക്കറ്റിന്റെ ആരവത്തിന് കാതോര്‍ത്ത് കാത്തിരിക്കുകയാണ് കായികപ്രേമികള്‍. കേരളം ആദ്യമായാണ് രഞ്ജി നോക്കൗട്ട് മത്സരങ്ങള്‍ക്ക് വേദിയാവുന്നത്. കൊച്ചിയിലെയും കാര്യവട്ടത്തെയും അന്താരാഷ്ട്ര സ്റ്റേഡിയങ്ങളെ പിന്തള്ളിയാണ് ഇത്തവണ വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിന് മത്സരം ലഭിക്കുന്നത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് കേരളം രഞ്ജിയുടെ ക്വാര്‍ട്ടര്‍ മത്സരത്തിനിറങ്ങുന്നത്.
      ഇത്തവണ കേരളത്തിന്റെ താരങ്ങളെല്ലാം മികച്ച ഫോമിലായതിനാല്‍ മത്സരം തീപാറുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ആരാധകര്‍. ഗ്രൂപ്പ് റൗണ്ടിലെ അവസാനമത്സരത്തില്‍ കഴിഞ്ഞ ദിവസം ഹിമാചല്‍ പ്രദേശിനെതിരെ വിജയം നേടിയ അത്യുജ്ജല വിജയം കേരളത്തിന് പ്രതീക്ഷ നല്‍കുന്നു. മികച്ച ഫോമും ഒത്തൊരുമയും നിലനിര്‍ത്താനായാല്‍ കേരളത്തിന് സെമിഫൈനല്‍ സ്വപ്നങ്ങള്‍ സഫലമാവുമെന്നാണ് കോച്ച് ഡേവ് വാട്ട്മോറും ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും പ്രതീക്ഷിക്കുന്നത്. മികച്ച ഒത്തിണക്കം കാട്ടുന്ന ടീമില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച് പരിചയമുള്ള സഞ്ജു വി. സാംസണ്‍, ബേസില്‍ തമ്പി, സച്ചിന്‍ ബേബി, അതിഥി താരമായ ജലജ് സക്സേന തുടങ്ങിയവരുടെ വ്യക്തിഗത മികവ് പ്രതീക്ഷയേറ്റുന്നു. 
         പ്രാഥമിക റൗണ്ട് മത്സരങ്ങളില്‍ 479 റണ്‍സുമായി അതിഥി താരം ജലജ് സക്സേനയും 455 റണ്‍സുമായി ക്യാപറ്റന്‍ സച്ചിന്‍ ബേബിയുമാണ് കേരള ബാറ്റിംഗിനെ നയിക്കുന്നത്. ബൗളിംഗില്‍ ഇതിനകം 31 വിക്കറ്റ് വീഴ്ത്തിയ സന്ദീപ് വാര്യര്‍ക്കൊപ്പം 28 വിക്കറ്റുമായി ജലജ് സക്സേനയും 25 വിക്കറ്റുമായി ബേസില്‍ തമ്പിയും മികച്ച പ്രകടനമാണ് നടത്തുന്നത്. അതുകൊണ്ട് തന്നെ കൃഷ്ണഗിരിയില്‍ കേരളത്തിന് തന്നെയാവും വിജയമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, കേരളത്തിന് ഇത്തരണ ശക്തരായ ഗുജറാത്താണ് എതിരാളികള്‍. ദേശീയ താരങ്ങളായ പാര്‍ത്ഥിവ് പട്ടേല്‍, അക്ഷര്‍ പട്ടേല്‍, പിയൂഷ് ചൗള തുടങ്ങിയവര്‍ അണിനിരക്കുന്ന ഗുജറാത്ത് കേരളത്തിന് കനത്ത വെല്ലുവിളിയുയര്‍ത്തുമെന്നതില്‍ തര്‍ക്കമില്ല. സ്വന്തം ഗ്രൗണ്ടിന്റെ ആനുകൂല്യവും സ്റ്റേഡിയത്തില്‍ നേരത്തേ കളിച്ചുള്ള പരിചയവും കാണികളുടെ പിന്തുണയും കേരളത്തിന് അനുകൂലമാവുമെങ്കിലും കണക്കുകളില്‍ അല്‍പ്പം മുന്നില്‍ ഗുജറാത്ത് തന്നെയാണ്
      . മത്സരത്തിന്ന് മുന്നോടിയായി താരങ്ങള്‍ തിങ്കളാഴ്ച കൃഷ്ണിഗിരിയില്‍ പരിശീലനം നടത്തി. , മത്സരത്തിനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം വന്‍വിജയമാക്കി കൂടുതല്‍ മത്സരങ്ങള്‍ ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും വയനാട് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി നാസിര്‍ മച്ചാന്‍ പറഞ്ഞു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *