May 3, 2024

പദ്ധതി വിനിയോഗത്തില്‍ വയനാട്ടിലെ തദ്ദേശ സ്ഥാപനങ്ങള്‍ 26.52 ശതമാനം പുരോഗതി കൈവരിച്ചു.

0
Jilla Vikasana Samithi Yogam 1.jpg
വാര്‍ഷിക പദ്ധതികളുടെ 
നിര്‍വ്വഹണ പുരോഗതി വിലയിരുത്തി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിനിയോഗത്തിലെ പുരോഗതിയും മുന്‍മാസങ്ങളിലെ വികസന സമിതി യോഗ തീരുമാനങ്ങളും ജില്ലാ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം അവലോകനം ചെയ്തു. പദ്ധതി വിനിയോഗത്തില്‍ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ 26.52 ശതമാനം പുരോഗതി കൈവരിച്ചതായി യോഗം വിലയിരുത്തി. ജില്ലാ പഞ്ചായത്ത് 27.82, ബ്ലോക്ക് പഞ്ചായത്ത് 29.32, സഗരസഭ 29.12, ഗ്രാമപഞ്ചായത്ത് 24.65 എന്നിങ്ങനെയാണ് നിര്‍വ്വഹണ പുരോഗതിയുടെ ശതമാന കണക്ക്. വിവിധ വകുപ്പുകള്‍ക്ക് സംസ്ഥാന പദ്ധതി വിഹിതത്തില്‍ ലഭിച്ച തുകയുടെ 49.71 ശതമാനവും സമ്പൂര്‍ണ്ണ കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ 18.79 ശതമാനവും മറ്റ് കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ ലഭിച്ച തുകയുടെ 85.16 ശതമാനവും വിനിയോഗിച്ചിട്ടുണ്ട്.   

എം.എല്‍.എ ഫണ്ട് വിനിയോഗത്തില്‍ കാലതാമസമുണ്ടാകുന്നത് പരിഹരിക്കാന്‍ പ്രത്യേകം യോഗം ചേരണമെന്ന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ നിര്‍ദ്ദേശിച്ചു. ജില്ലാ വികസന സമിതി തീരുമാനങ്ങളില്‍ സമയബന്ധിതവും കാര്യക്ഷമവുമായ നടപടികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും ഉണ്ടാവണമെന്ന് ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ ആവശ്യപ്പെട്ടു. സംയോജിത പദ്ധതികളുടെ സാങ്കേതിക പ്രശ്‌നങ്ങള്‍ പദ്ധതി വിനിയോഗത്തെ ബാധിക്കുന്നുണ്ടെന്ന് വിവിധ വകുപ്പുകള്‍ സമിതിയെ അറിയിച്ചു. കടമാന്‍തോട് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത് പരിശോധിക്കാന്‍ പദ്ധതിയുടെ ഗുണഭോക്താക്കളായ പഞ്ചായത്തുകളെ കൂടി ഉള്‍പ്പെടുത്തി സര്‍വ്വകക്ഷി യോഗം ചേരണമെന്ന് രാഹുല്‍ ഗാന്ധി എം.പിയുടെ പ്രതിനിധി കെ.എല്‍ പൗലോസ് ശ്രദ്ധയില്‍പെടുത്തി. ബേഗൂര്‍ റെയ്ഞ്ചിലുള്‍പ്പെട്ട ഒണ്ടയങ്ങാടിയില്‍ സ്വഭാവിക വനമായി മാറിയ പ്ലാന്റേഷന്‍ മുറിച്ചുമാറ്റി വീണ്ടും തേക്ക് മരങ്ങള്‍ നടാനുള്ള തീരുമാനത്തില്‍ ജില്ലാ കളക്ടര്‍ നോര്‍ത്ത് വയനാട് ഡി.എഫ്.ഒയോട് വിശദീകരണം തേടിയിട്ടുണ്ട്. 

പടിഞ്ഞാറത്തറ-കല്‍പ്പറ്റ റൂട്ടില്‍ സ്വകാര്യ ബസ്സുകള്‍ ട്രിപ്പുകള്‍ മുടക്കുന്നെന്ന പരാതി പരിഹരിക്കാന്‍ റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ നേതൃത്വത്തില്‍ യോഗം ചേരാന്‍ തീരുമാനിച്ചു. ജില്ലയിലെ പൊതുമരാമത്ത്, ദേശീയപാത റോഡുകളിലെ അപകട സാധ്യത മേഖലകള്‍ കണ്ടെത്തി സ്പീഡ് ബ്രേക്കറുകള്‍, സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് പൊലീസ് വകുപ്പും അറിയിച്ചു. ബേഗൂര്‍-തിരുനെല്ലി റോഡില്‍ സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതുമായ ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, വൈസ് പ്രസിഡന്റ് എ. പ്രഭാകരന്‍, സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, എ.ഡി.എം തങ്കച്ചന്‍ ആന്റണി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഇന്‍ ചാര്‍ജ് സുഭദ്ര നായര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *