May 15, 2024

പദ്ധതി നിര്‍വഹണം: വയനാട് ജില്ലയ്ക്ക് മൂന്നാം സ്ഥാനം

0

    തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണത്തില്‍ സംസ്ഥാനതലത്തില്‍ വയനാട് ജില്ലയക്ക് മൂന്നാം സ്ഥാനം. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെയുള്ള വാര്‍ഷിക പദ്ധതി നിര്‍വഹണത്തില്‍ 8393.02 ലക്ഷം രൂപ ചെലവഴിച്ചാണ് ജില്ല മൂന്നാം സ്ഥാനത്ത് എത്തിയത്. 36.01 ശതമാനമാണ് നിര്‍വ്വഹണ പുരോഗതി.  37.38 ശതമാനം ചെലവഴിച്ച് കണ്ണൂര്‍ ജില്ലയക്കാണ് ഒന്നാം സ്ഥാനം. 36.16 ശതമാനം ചെലവഴിച്ച ഇടുക്കി ജില്ലയാണ് രണ്ടാം സ്ഥാനം നേടിയത്. ജില്ലാ ആസൂത്രണ ഭവനില്‍ നടന്ന ആസൂത്രണ സമിതിയാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി അവലോകനം ചെയ്തത്. 

    ജില്ലയിലെ നഗരസഭകളില്‍ 355.15 ലക്ഷം രൂപ (42.15 ശതമാനം) ചെലവഴിച്ച മാനന്തവാടി നഗരസഭയാണ് നിര്‍വ്വഹണ പുരോഗതിയില്‍ മുന്നില്‍. കല്‍പ്പറ്റ നഗരസഭ 325.69 ലക്ഷം (27.38 ശതമാനം), സുല്‍ത്താന്‍ ബത്തേരി നഗരസഭ 266.74 ലക്ഷം (36.08 ശതമാനം) രൂപയും ചെലവഴിച്ചു. ബ്ലോക്ക് തലത്തില്‍ മാനന്തവാടി ബ്ലോക്ക് 252.05 ലക്ഷം (23.24 ശതമാനം), കല്‍പ്പറ്റ 387.80 ലക്ഷം(38.10 ശതമാനം),സുല്‍ത്താന്‍ ബത്തേരി 294.10 ലക്ഷം(30.77 ശതമാനം), പനമരം 514.26 ലക്ഷം(56.07 ശതമാനം) രൂപയും ചെലവഴിച്ചു. ഗ്രാമ പഞ്ചായത്തും ചെലവഴിച്ച തുകയും: വൈത്തിരി (131.30 ലക്ഷം), വെങ്ങപ്പള്ളി (90.65 ലക്ഷം) പടിഞ്ഞാറത്തറ (171.85 ലക്ഷം),അമ്പലവയല്‍( 246.57 ലക്ഷം), കണിയാമ്പറ്റ (206.65 ലക്ഷം),മുപ്പൈനാട് (166.56 ലക്ഷം),തവിഞ്ഞാല്‍ (287 ലക്ഷം),വെള്ളമുണ്ട (232 ലക്ഷം), തരിയോട് (100.52 ലക്ഷം),എടവക(181.21 ലക്ഷം), പൊഴുതന (151.20 ലക്ഷം), പൂതാടി (302.03 ലക്ഷം), മേപ്പാടി (278.14 ലക്ഷം), പനമരം ( 315.57 ലക്ഷം), തിരുനെല്ലി (335.77 ലക്ഷം),മുള്ളന്‍കൊല്ലി (158.87 ലക്ഷം), മീനങ്ങാടി (185.07 ലക്ഷം),മുട്ടില്‍ (152.21 ലക്ഷം), തൊണ്ടര്‍നാട് (144.53 ലക്ഷം),പുല്‍പ്പള്ളി (193.88 ലക്ഷം), നെന്മേനി (220.37 ലക്ഷം), കോട്ടത്തറ (82 ലക്ഷം),നൂല്‍പ്പുഴ (196.57 ലക്ഷം). 

     ആസൂത്രണ സമിതി യോഗം കല്‍പ്പറ്റ നഗരസഭ, എടവക, കണിയാമ്പറ്റ, പൂതാടി, വെള്ളമുണ്ട,പുല്‍പ്പള്ളി എന്നീ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഭേദഗതി പദ്ധതികള്‍ക്കും അംഗീകാരം നല്‍കി. 2020-21 ലേക്കുളള പദ്ധതികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മാര്‍ച്ച് 14 നകം അംഗീകാരത്തിനായി സമര്‍പ്പിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കേണ്ട സംയോജിത നൂതന പ്രെജക്ടുകളെപ്പറ്റി യോഗം ചര്‍ച്ച ചെയ്തു. ജില്ലാ പഞ്ചായത്തിന്റെയും  ഗ്രാമ പഞ്ചായത്തിന്റെയും സംയോജിത പദ്ധതിയായ ജീവനം പദ്ധതി, മള്‍ട്ടി പര്‍പ്പസ് റെസ്‌ക്യൂ സെന്റര്‍ തുടങ്ങിയവ വാര്‍ഷിക പദ്ധതിയില്‍ തുടര്‍ന്നും ഏറ്റെടുക്കാന്‍ തീരുമാനിച്ചു.

    ജില്ലയെ ബാല സൗഹൃദ ജില്ലയായി പ്രഖ്യാപിക്കാനുളള നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു. ജില്ലാ ഭരണകുടത്തിന്റെ ഉത്തരവ് പ്രകാരം ജനുവരി ഒന്നു മുതല്‍ പ്ലാസ്റ്റിക് നിരോധന ജില്ലയാക്കുന്നതിനുളള നടപടി സ്വീകരിക്കാനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. 

    ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ എ.ഡി.എം തങ്കച്ചന്‍ ആന്റണി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ (ഇന്‍ചാര്‍ജ്) സുഭദ്ര നായര്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍  യോഗത്തില്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *