May 19, 2024

വയനാട്ടിൽ ദുരന്ത നിവരാണ പദ്ധതി രൂപീകരണം: പ്രവര്‍ത്തന കലണ്ടര്‍ തയ്യാറായി

0

വയനാട്ടിൽ  സമഗ്രമായ ദുരന്തനിവാരണ പദ്ധതി തയ്യാറാക്കുന്നതിനായുള്ള  ആസൂത്രണസമിതിയോഗം ജില്ലാ ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ ചേര്‍ന്നു. ദുരന്തങ്ങളുടെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍  പ്രാദേശികവും സമൂഹാധിഷ്ഠിതമായ ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറങ്ങിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജില്ലയിലും തദ്ദേശ സ്വയം ഭരണ സ്ഥാപന ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കുന്നത്. ഇതിനായി  പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കി.  സമയബന്ധിതവും ദീര്‍ഘകാല ലക്ഷ്യബോധത്തോടെയുമുള്ള രൂപരേഖയാണ് ഇതിനായി തയ്യാറാക്കുക. ഇതിന്റെ ഭാഗമായി സ്റ്റിയറിങ്ങ് കമ്മിറ്റി, ദുരന്ത നിവാരണ വര്‍ക്കിങ്ങ് ഗ്രൂപ്പ് എന്നിവര്‍ക്കുള്ള പരിശീലനം തുടങ്ങി. സ്റ്റിയറിങ്ങ് കമ്മിറ്റിക്കാണ് ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കുന്നതിനുള്ള ചുമതല. ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഒരു ഫെസിലിറ്റേറ്ററെ കമ്മിറ്റി നിശ്ചയിക്കും. ഡിസംബര്‍ 28 ന് ഫെസിലിറ്റേറ്റര്‍മാരുടെ വിവരങ്ങള്‍ നല്‍കണം. ഇവര്‍ക്കായുള്ള പരിശീലനവും തൊട്ടടുത്ത ദിവസം നല്‍കും. ജനവരി ആദ്യവാരം പഞ്ചായത്ത് നഗര സഭാതല യോഗം ചേരും. അതിനുശേഷം 10ന് വിവരശേഖരണം തുടങ്ങും. ജനവരി 25 ന് കരട് റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കണം. ഫെബ്രൂവരി 5 ന് ഗ്രാമസഭയില്‍ കരട് റിപ്പോര്‍ട്ട് അംഗീകരിക്കണം. 10 ന് ഇതുസംബന്ധിച്ച് വികസന സെമിനാര്‍ നടക്കും. ഫെബ്രുവരി 15 ന് കരട് റിപ്പോര്‍ട്ട് ആവശ്യത്തിന് മാറ്റങ്ങള്‍ വരുത്തി പരിഷ്‌കരിക്കും. 20 ന് ഗ്രാമ പഞ്ചായത്ത് നഗരസഭാ തലത്തില്‍ അംഗീകാരം നല്‍കും. 25 ന് പദ്ധതി ജില്ലാ ആസൂത്രണ സമിതിയില്‍ സമര്‍പ്പിക്കണം. മാര്‍ച്ച് 1 ന് ഈ പദ്ധതി രേഖ ജില്ലാ ദുരന്ത നിവാരണ സാങ്കേതിക സമിതിക്ക് സമര്‍പ്പിക്കും. മാര്‍ച്ച് 14 ന് ചേരുന്ന ജില്ലാ ആസൂത്രണ സമിതിയില്‍ ദുരന്ത നിവാരണ സമിതി പദ്ധതി രേഖയ്ക്ക് അംഗീകാരം നല്‍കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പൊതുവിവരങ്ങള്‍, ഭൂപ്രകൃതി, ചരിത്രം എന്നിവയെല്ലാ പശ്ചാത്തലമാക്കിയുള്ള പദ്ധതി രേഖയാണ് നിലവില്‍ വരിക. ദുരന്ത നിവരാണവുമായി ബന്ധപ്പെട്ടുള്ള മുന്‍ കരുതലുകള്‍ പ്രാദേശികമായി തന്നെ ചര്‍ച്ച ചെയ്തായിരിക്കും പദ്ധതി തയ്യാറാവുക. ഇതിനായുള്ള ഘടനയും മാര്‍ഗ്ഗരേഖയും കരട്  കിലയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ചേര്‍ന്ന തയ്യാറാക്കിയിട്ടുണ്ട്. ദുരന്തങ്ങളും ദുരന്ത സാധ്യത വിശകലനം, ദുരന്ത മുന്നൊരുക്കം, ലഘൂകരണം, സാമൂഹ്യ ശാക്തീകരണം, ശേഷികളും വിഭവങ്ങളും, കാലാവസ്ഥാനുസൃത ദുരന്ത ലഘൂകകണ പ്രൊജക്ട് , ദുരന്ത പ്രതികരണ പദ്ധതി എന്നീ അധ്യായങ്ങളും കരട് കൈപ്പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നത്. 
റീബില്‍ഡ് കേരള ഇനീഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തുന്നതിനായി ജില്ലയില്‍ നിന്നും 197 പദ്ധതികള്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ധനസഹായം ലഭിക്കുന്നതിനായി പ്രവൃത്തികളുടെ മുന്‍ഗണനാ പട്ടിക ആസൂത്രണ സമിതിയോഗത്തില്‍ ചര്‍ച്ച ചെയ്തു. പ്രളയബാധിത ഗ്രാമ പഞ്ചായത്തുകള്‍ക്ക് അധിക തുക ലഭിക്കുന്നതിനായുള്ള വിശദാംശങ്ങള്‍, മാതൃക പദ്ധതികളുടെ ഡോക്യുമെന്റേഷന്‍, ജില്ലാ റിസോഴ്‌സ് സെന്റര്‍ രൂപീകരണം, വികേന്ദ്രീകൃത ആസൂതണം എന്നിവയും യോഗത്തില്‍ ചര്‍ച്ചചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ സുഭദ്രനായര്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *