April 27, 2024

വര്‍ഷകാലത്തെ അത്യാഹിതങ്ങള്‍ നേരിടാനായി ജാഗ്രതാ സംഘങ്ങള്‍ രൂപീകരിക്കും

0

വര്‍ഷകാലത്തെ അത്യാഹിതങ്ങള്‍ നേരിടാനായി ജില്ലയില്‍ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ജാഗ്രതാ സംഘങ്ങള്‍ രൂപീകരിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.  മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി വിളിച്ചു ചേര്‍ത്ത സന്നദ്ധ സംഘടനകളുടെ യോഗത്തിലാണ് തീരുമാനം.  യോത്തില്‍ ജില്ലാ പൊലീസ് മേധാവി ആര്‍.ഇളങ്കോ സന്നിഹിതനായിരുന്നു. സന്നദ്ധ സംഘടനകള്‍ നീതി അയോഗില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.  മികച്ച പ്രവര്‍ത്തനം പരിഗണിച്ചുകൊണ്ട് മാതൃ സംഘടനയെ തീരുമാനിക്കും.  മഴക്കാല രക്ഷാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സംഘടനകള്‍ക്ക് അത്യാവശ്യ സാധന സാമഗ്രികള്‍ ലഭ്യമാക്കും.
കോവിഡിന്റെ പശ്ചാത്തലത്തില്‍ രോഗ വ്യാപന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം പരമാവധി കുറയ്ക്കാന്‍ ആവശ്യമായ നടപടികളാണ് ജില്ലാഭരണകൂടം ആസൂത്രണം ചെയ്തിട്ടുള്ളത്.  മുന്‍ വര്‍ഷങ്ങളില്‍ പ്രളയ ബാധിതമായ പ്രദേശങ്ങളുടെയും ക്യാമ്പുകളില്‍ കഴിഞ്ഞവരുടെയും പട്ടിക താലൂക്ക് അടിസ്ഥാനത്തില്‍ സമാഹരിക്കുന്നുണ്ട്.  ബന്ധു ഗൃഹങ്ങളിലേക്ക് മാറി താമസിക്കാന്‍ സന്നദ്ധതയുള്ളവരുടെ പട്ടികയും തയ്യാറാക്കുന്നുണ്ട്.  ക്യാമ്പുകള്‍ തുടങ്ങുകയാണെങ്കില്‍ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് സാമൂഹിക അകലം പാലിച്ചുകൊണ്ടാവും പ്രവര്‍ത്തിക്കുക.  
ദേശീയ ദുരന്ത നിവാരണ സേനയുടെ ടീമിനെ ജില്ലയ്ക്കായി അനുവദിച്ചിട്ടുണ്ട്.  ഫയര്‍ഫോഴ്‌സ്, പൊലീസ് എന്നിവയുടെ സംഘങ്ങളും ദുരന്തരക്ഷാ പ്രവര്‍ത്തനങ്ങളിലും ആവശ്യമായ മറ്റ് മേഖലകളിലും പ്രവര്‍ത്തനത്തിനുണ്ടാവും.  പൊലീസിന്റെ ടീമിന് ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ പരിശീലനം ലഭ്യമാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.  പൊലീസ് സ്റ്റേഷനുകള്‍  കേന്ദ്രീകരിച്ച് 16 അംഗങ്ങളടങ്ങിയ നാല് നന്നദ്ധ സംഘടനകള്‍ സജ്ജമായി ഉണ്ടാകും.  ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളില്‍ പൊലീസ് ഔട്ട്‌പോസ്റ്റുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. എ.ഡി.എം.ന്റെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി കളക്ടര്‍ ഇ.മുഹമ്മദ് യൂസഫ്, ഡെപ്യൂട്ടി കളക്ടര്‍ (ദുരന്ത നിവാരണം) കെ.അജീഷ് എന്നിവരും യോഗത്തില്‍പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *