April 27, 2024

വിദ്യാഭ്യാസം അവകാശമാണ്; ഔദാര്യമല്ല-ആദിവാസി ഭാരത് മഹാസഭ

0
മണ്ണിൽ നിന്നും പുറത്തായവർ, പ്രൈമറി- അപ്പർ പ്രൈമറി – ഹൈസ്കൂൾ തലങ്ങളിൽ നിന്ന് തന്നെ കൊഴിഞ്ഞു പോകുന്നവർ, ഇനി വിദ്യാഭ്യാസത്തിൽ നിന്ന് പരിപൂർണ്ണമായിത്തന്നെ പുറത്താവുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്. വിദ്യാഭ്യാസമെന്ന മൗലികമായ അവകാശം നിഷേധിക്കപ്പെട്ടു എന്ന കാരണം കൊണ്ടാണ് ദേവിക എന്ന പത്താം ക്ലാസ് വിദ്യാർത്ഥിനി രക്തസാക്ഷിയായത്.  
“ഡിജിറ്റൽ ഡിവൈഡ്” എന്നറിയപ്പെടുന്ന ഡിജിറ്റൽ-ഇൻ്റർനെറ്റ് രംഗത്തെ വിഭജനം അഥവാ അസമത്വം നിലവിലുള്ള ജാതീയ-സാമൂഹ്യ-സാമ്പത്തിക അസമത്വങ്ങളുടെ ഒരു പ്രതിഫലനം തന്നെയാണ്. തന്നിമിത്തം, ഡിജിറ്റൽവൽകരണത്തിലൂടെ കൊറോണാനന്തര കാലത്തെ ഭരണകൂടങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങൾ നിലവിലുള്ള ജാതീയ സാമൂഹ്യ സാമ്പത്തിക വിഭജനം കൂടുതൽ വിനാശകരമാക്കുന്ന ദിശയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. വിദ്യാഭ്യാസ മന്ത്രി റിപ്പോർട്ട് തേടേണ്ടത് ഒരു ദുരന്തമുണ്ടായതിന് ശേഷമല്ല, പദ്ധതിയുടെ നടത്തിപ്പിന് മുമ്പേയാണ്. “ഇത്, വെറും ട്രയൽ റണ്ണാണ്” എന്ന കാര്യം പോലും മുൻകൂട്ടി പറയേണ്ടതും, ഈ ട്രയൽ റൺ പോലും എല്ലാ മേഖലയിലുമുള്ള പഠിതാക്കൾക്ക് എത്തിക്കാനാവശ്യമായ തടസ്സമില്ലാത്ത  വൈദ്യുതി, ടി.വി, സ്മാർട്ട് ഫോണുകൾ തുടങ്ങിയ ഭൗതിക സാഹചര്യങ്ങൾ ഒരുക്കാനുള്ള  ചുമതല സർക്കാറിനുണ്ട്. എന്നാൽ സൗകര്യങ്ങളുള്ളവർ പഠിക്കട്ടെ അല്ലാത്തവർ മാറി നിൽക്കട്ടെ എന്നതാണ് പിണറായി സർക്കാറിൻ്റെ നയം എന്ന് വ്യക്തമായിക്കഴിഞ്ഞിരിക്കുകയാണ്. 
രാജ്യത്തെ 27 ശതമാനം ആളുകൾക്കു മാത്രം ഇൻ്റർനെറ്റ് സൗകര്യമുള്ള ഇന്ത്യയിൽ വിദ്യാഭ്യാസത്തിൻ്റെ സമഗ്രമായ വരേണ്യവൽക്കരണമാണ് ഇതിൻ്റെ പരിണതിയെന്ന് എടുത്തു പറയേണ്ടതില്ല. 
മധ്യവർഗം താരതമ്യേന കൂടുതലുള്ള കേരളത്തിൽ പോലും ഓൺലൈൻ വിദ്യാഭ്യാസവുമായി മുന്നോട്ടു പോകാനുള്ള പിണറായി സർക്കാർ തീരുമാനം 'കേരള മോഡൽ' മുമ്പേ തന്നെ പുറം തള്ളിയ പാർശ്വവൽകൃതരായ ദളിതരും ആദിവാസികളും ഭൂരഹിതരും പാർപ്പിട രഹിതരും കോളനി പുറമ്പോക്കുകളിൽ കഴിയേണ്ടി വരുന്നവരുമായ മുഴുവൻ ജനവിഭാഗങ്ങൾക്കും അങ്ങേയറ്റം വിനാശകരമാകും.  ലക്ഷക്കണക്കിനു വരുന്ന താഴ്ന്ന ഇടത്തരം വിഭാഗങ്ങൾക്കു പോലും ഓൺലൈൻ വിദ്യാഭ്യാസത്തിനാവശ്യമായ ഡിജിറ്റൽ സൗകര്യങ്ങൾ ലഭ്യമല്ല. ഭൂമിയിൽ നിന്നും ഉല്പാദനോപാധികളിൽ നിന്നും മുമ്പേ തന്നെ പുറത്താക്കപ്പെട്ട മർദ്ദിത ജനതയെ സംബന്ധിച്ചിടത്തോളം  താങ്ങാവുന്നതിലും അധികമായിരിക്കും ഈ ആഘാതം. 
അതീവ ഗുരുതരമായ പ്രത്യാഘാതങ്ങളുളവാക്കുന്ന ഈ വിഷയത്തിൽ ജനപക്ഷത്തുനിൽക്കുന്ന മുഴുവൻ പേരും അടിയന്തിരമായി ഇടപെടേണ്ടിയിരിക്കുന്നു.
ടി.ആർ. ചന്ദ്രൻ 
സെക്രട്ടറി
രാജൻ. എ.കെ
പ്രസിഡന്റ്
ആദിവാസി ഭാരത് മഹാസഭ
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *