May 2, 2024

സാംക്രമിക രോഗങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം : ജില്ലാ കളക്ടര്‍

0
  
      കോവിഡ് ഇതര സാംക്രമിക രോഗങ്ങള്‍ക്കെതിരെയും കടുത്ത  ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള നിര്‍ദ്ദേശിച്ചു. കോവിഡ് ഇതര രോഗങ്ങളുമായി ബന്ധപ്പെട്ട് കളക്‌ട്രേറ്റില്‍ ചേര്‍ന്ന വിവിധ വകുപ്പ് മേധാവികളുടെ ഏകോപന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. നിലവിലെ സാഹചര്യത്തില്‍ മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഒരു കാരണവശാലും പിന്നാക്കം പോകാന്‍ പാടില്ല. എലിപനി,ഡെങ്കിപനി തുടങ്ങിയ രോഗങ്ങള്‍ക്കെതിരെ കനത്ത ജാഗ്രത പുലര്‍ത്തണം.  കോവിഡ് പശ്ചാത്തലത്തില്‍ ആശുപത്രികളിലേക്ക് കൂടുതല്‍ രോഗികള്‍  വരുന്നത് പ്രയാസങ്ങള്‍ സൃഷ്ടിക്കും. ബന്ധപ്പെട്ട വകുപ്പുകള്‍ അതത് മേഖലകളില്‍  മുന്‍വര്‍ഷത്തേക്കാള്‍ ഊര്‍ജ്ജിതമായ ഇടപെടലുകള്‍ നടത്തേണ്ടത് അനിവാര്യമാണെന്നും കളക്ടര്‍ പറഞ്ഞു. പകര്‍വ്യാധികള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ ക്കിടയില്‍ ബോധവല്‍ക്കരണം നടത്താന്‍ വകുപ്പുകളുടെ ഏകോപിച്ച പ്രവര്‍ത്തനം ആവശ്യമാണ്. പ്രാദേശികതലത്തില്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താവുന്നതാണെന്നും അവര്‍ പറഞ്ഞു. 
          കുടിവെളള വിതരണത്തിനായി ഉപയോഗിക്കുന്ന പൊതുസ്രോതസ്സുകള്‍ വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി പാനീയ യോഗ്യമാണെന്ന് ഉറപ്പ് വരുത്തണം. ആവശ്യമെങ്കില്‍ ക്ലോറിനേഷന്‍ നടത്തണം. പൊതു ഇടങ്ങളിലും വീടുകളിലും  വെള്ളം കെട്ടിക്കിടന്ന് കൊതുക് വളരുന്നത് ഒഴിവാക്കാന്‍ ഏല്ലാവരും ശ്രദ്ധിക്കണം. എലിപ്പനി പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാന്‍  കൃഷി, മൃഗസംരക്ഷണ വകുപ്പുകള്‍ നടപടികള്‍ സ്വീകരിക്കണം. വീടുകളിലും തോട്ടങ്ങളിലും എലികളെ  നശിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍  പൊതുജനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കണം.  കന്നുകാലിത്തൊഴുത്തും പരിസരവും വൃത്തിയായി സൂക്ഷിക്കാന്‍ കര്‍ഷകര്‍ ശ്രദ്ധിക്കണം. 
      അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പരിശോധന നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ലേബര്‍ വകുപ്പ് അധികൃതര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ആവശ്യമെങ്കില്‍ അവിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ട്രൈബല്‍ മേഖലകളിലും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.  കോളനികളില്‍ ബോധവല്‍ക്കരണം നടത്തുന്നതിനുളള ക്രമീകരണങ്ങള്‍ ട്രൈബല്‍ വകുപ്പ് ഉറപ്പാക്കണം. കുടുംബശ്രീ അയല്‍ കൂട്ടങ്ങള്‍ വഴിയും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.
       യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രേണുക, സര്‍വ്വൈലന്‍സ് ഓഫീസര്‍ (നോണ്‍- കോവിഡ്) ഡോ. സാവന്‍ സാറാ മാത്യൂ തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *