October 11, 2024

തദ്ദേശ സ്ഥാപന അധ്യക്ഷ തെരഞ്ഞെടുപ്പ് : 28,30 തിയ്യതികളില്‍

0
പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളില്‍ നിന്നും തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാരുടെയും ഉപാധ്യക്ഷന്‍മാരുടെയും തിരഞ്ഞെടുപ്പ് ഡിസംബര്‍ 28, 30 തീയ്യതികളില്‍ നടക്കും. ഇതിനുളള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു. 
 
നഗരസഭ അധ്യക്ഷ തിരഞ്ഞെടുപ്പ് ഡിസംബര്‍ 28 ന് രാവിലെ 11 നും ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ശേഷം 2 നും നടക്കും.  ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഡിസംബര്‍ 30 ന് രാവിലെ 11 നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ശേഷം 2 നുമാണ് നടക്കുക. 
ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുക്കുന്നത് അതത് പഞ്ചായത്ത് വരണാധികാരികളായിരിക്കും. നഗരസഭകളില്‍ അതതു വരണാധികാരികളായിരിക്കും  ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍  എന്നിവരെ തിരഞ്ഞെടുക്കുക.സംവരണം ചെയ്തിട്ടുള്ള അധ്യക്ഷ/ഉപാധ്യക്ഷ സ്ഥാനങ്ങ ളിലേക്ക് അതത് വിഭാഗത്തിലുള്ളവരെയാണ് തിരഞ്ഞെടുക്കുക
*തിരഞ്ഞെടുപ്പ് ഇങ്ങനെ*
വരണാധികാരികള്‍ യോഗം ചേരുന്ന തീയതി, സമയം, സ്ഥലം എന്നിവ വ്യക്തമാക്കുന്ന നിശ്ചിത മാതൃകയിലുള്ള നോട്ടീസ് അംഗങ്ങള്‍/കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് സത്യപ്രതിജ്ഞയെടുക്കുന്ന ആദ്യ യോഗത്തില്‍ നല്‍കും.   നോട്ടീസിന്റെ പകര്‍പ്പ് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിന്റെ നോട്ടീസ് ബോര്‍ഡിലും പതിക്കും.   യോഗത്തില്‍ വോട്ടവകാശമുള്ള അംഗങ്ങളുടെ പകുതിയെങ്കിലും എണ്ണം അംഗങ്ങള്‍ ഹാജരായില്ലെങ്കില്‍ യോഗം തൊട്ടടുത്ത പ്രവര്‍ത്തി ദിവസം അതേ സ്ഥലത്തും സമയത്തും ചേരും.  പ്രസ്തുത യോഗത്തില്‍ കോറം നോക്കാതെ തിരഞ്ഞെടുപ്പ് നടത്തും.
അധ്യക്ഷന്‍/ഉപാധ്യക്ഷന്‍ എന്നിവരുടെ തിരഞ്ഞെടുപ്പ് ഓപ്പണ്‍ ബാലറ്റ് വഴിയായിരിക്കും. വോട്ട് രേഖപ്പെടുത്തുന്ന അംഗം ബാലറ്റ് പേപ്പറിന്റെ പുറക് വശത്ത് അംഗത്തിന്റെ പേരും ഒപ്പും രേഖപ്പെടുത്തണം.  ഏതെങ്കിലും സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട സ്ഥാനാര്‍ത്ഥി ഒരാള്‍ മാത്രമെ ഉള്ളുവെങ്കില്‍ വോട്ടെടുപ്പ് നടത്താതെതന്നെ ആ സ്ഥാനാര്‍ത്ഥി തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കും. മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ രണ്ട് പേര്‍ മാത്രമെ ഉള്ളുവെങ്കില്‍ കൂടുതല്‍ സാധുവായ വോട്ടുകള്‍ നേടിയ ആള്‍ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കും. രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്കും സാധുവായ വോട്ടുകള്‍ തുല്യമാകുന്ന സന്ദര്‍ഭത്തില്‍ നറുക്കെടുപ്പ് നടത്തും. മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ രണ്ടിലധികം ഉണ്ടെങ്കില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് മറ്റെല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും കൂടി കിട്ടിയിട്ടുള്ള മൊത്തം വോട്ടിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ കിട്ടാതിരിക്കുന്ന സന്ദര്‍ഭത്തില്‍ ഏറ്റവും കുറച്ച് എണ്ണം വോട്ടുകള്‍ ലഭിച്ച സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുപ്പില്‍ നിന്നും ഒഴിവാക്കും. അങ്ങനെ ഒരു സ്ഥാനാര്‍ത്ഥിക്ക് ശേഷിക്കുന്ന സ്ഥാനാര്‍ത്ഥിയെക്കാളോ അല്ലെങ്കില്‍ ശേഷിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ മൊത്തം വോട്ടിനേക്കാളോ കൂടുതല്‍ വോട്ടുകള്‍ ലഭിക്കുന്നതുവരെ ഓരോ വോട്ടെടുപ്പിലും ഏറ്റവും കുറച്ച് വോട്ട് കിട്ടുന്ന സ്ഥാനാര്‍ത്ഥിയെ ഒഴിവാക്കിക്കൊണ്ട് വോട്ടെടുപ്പ് തുടരും. ഒരു വോട്ടെടുപ്പില്‍ രണ്ടോ അതില്‍ അധികമോ സ്ഥാനാര്‍ത്ഥികള്‍ക്ക് തുല്യ എണ്ണം വോട്ടുകള്‍ ലഭിക്കുകയാണെങ്കില്‍ വരണാധികാരി നറുക്കെടുപ്പിലൂടെ ഒരാളെ ഒഴിവാക്കും. ഒന്നിലധികം ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടത്തുമ്പോള്‍ ഓരോ ഘട്ടത്തിലും വ്യത്യസ്ത നിറത്തിലുള്ള ബാലറ്റ് പേപ്പറുകളാണ് ഉപയോഗിക്കുക..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *