October 10, 2024

വിചിത്രമാണ് കൽപ്പറ്റയിലെ കാര്യം . : ഭരണം യു.ഡി.എഫിന് : വോട്ട് കൂടുതൽ എൽ.ഡി.എഫിന്

0

കല്‍പ്പറ്റ : : നഗരസഭയിലെ 28 ഡിവിഷനുകളില്‍ 15 എണ്ണത്തില്‍ യു.ഡി.എഫ് വിജയിച്ചെങ്കിലും അധികം വോട്ട് നേടിയതു എല്‍.ഡി.എഫ്.എല്ലാ ഡിവിഷനുകളിലുമായി പോള്‍ ചെയ്ത 19,381 വോട്ടില്‍ 8,842 എണ്ണം-45.62 ശതമാനം-ഇടതുമുന്നണി നേടി.8151 വോട്ടാണ്-42.05 ശതമാനം-യു.ഡി.എഫിനു ലഭിച്ചത്.691 വോട്ടിന്റെ അന്തരമാണ് ഇരു മുന്നണികളും തമ്മില്‍.7.69 ശതമാനം-1,492 എണ്ണം- വോട്ട് ബി.ജെ.പിക്കു കിട്ടി.


            നഗരസഭയില്‍ സി.പി.എമ്മിലെ പി.എ.സബീറിനാണ്  ഉയര്‍ന്ന ഭൂരിപക്ഷം.23-ാം ഡിവിഷനായ അഡ്‌ലെയ്ഡില്‍ കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ.ജോഷി സിറിയക്കുമായി ഏറ്റുമുട്ടിയ സബീര്‍ 364 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.പോള്‍ ചെയ്ത 879 വോട്ടില്‍ 571 എണ്ണം സബീര്‍ നേടി.ജോഷിക്കു 207 വോട്ട് ലഭിച്ചു.ഡിവിഷനിലില്‍ സ്വതന്ത്രരായ മത്സരിച്ച ശ്രീജ ടീച്ചര്‍,വിഷ്ണുഭാസ്‌കര്‍ എന്നിവര്‍ യഥാക്രമം 52ഉം 33ഉം 16ഉം വോട്ട് നേടി.

         തുര്‍ക്കി ഡിവിഷനിലാണ് ഏറ്റവും വാശിയേറിയ പോരാട്ടം നടന്നത്.ഡിവിഷനില്‍ സി.പി.ഐയിലെ ഹംസയുമായി മത്സരിച്ച കെ.പി.സി.സി എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗവും മുനിസിപ്പല്‍ മുന്‍ ചെയര്‍മാനുമായ പി.പി. ആലി മൂന്നു വോട്ടിന്റെ വ്യത്യാസത്തില്‍ വീണു.ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിനുള്ള വിജയവും ഹംസയുടേതാണ്.പോള്‍ ചെയ്ത 868 വോട്ടില്‍ 402 എണ്ണം ഹംസയ്ക്കു ലഭിച്ചു.ആലി 399 വോട്ട് നേടി.സ്വതന്ത്ര സ്ഥാനാര്‍ഥി ടി.ജെ.സഖറിയ 44 വോട്ട് കരസ്ഥമാക്കി.ബി.ജെ.പിയിലെ ശ്യാം ബാബുവിനു 13 വോട്ട് ലഭിച്ചു

       .26-ാം ഡിവിഷനായ എടഗുനിയില്‍ മത്സരിച്ച നിജിതയ്ക്കാണ് മികച്ച രണ്ടാമത്തെ ഭൂരിപക്ഷം-353 വോട്ട്.പോള്‍ ചെയ്ത 734 വോട്ടില്‍ 518 എണ്ണം നിജിത നേടി.കോണ്‍ഗ്രസിലെ ജമീല ലത്തീഫിനു 165 വോട്ടാണ് ലഭിച്ചത്.ബി.ജെ.പിയിലെ ജിഷ 51 വോട്ട് കരസ്ഥമാക്കി.20-ാം ഡിവിഷനായ മടിയൂര്‍ക്കുനിയിലും കടുത്ത മത്സരമാണ് നടന്നത്.ഡിവിഷനില്‍ കോണ്‍ഗ്രസിലെ വിനോദ്കുമാര്‍ ആറ് വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കരപറ്റിയത്.വിനോദിനു 266ഉം തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ഥി പ്രമോദിനു 260ഉം വോട്ട് ലഭിച്ചു.സ്വതന്ത്ര സ്ഥാനാര്‍ഥി സദാശിവനു 147ഉം ബി.ജെ.പിയിലെ ശാന്തകുമാരിക്കു 91ഉം വോട്ട് കിട്ടി.764 വോട്ടാണ് പോള്‍ ചെയ്തത്. നെടുങ്ങോട്(അഞ്ച്),റാട്ടക്കൊല്ലി(17),പുത്തൂര്‍വയല്‍ ക്വാറി(18),പള്ളിത്താഴെ(14)പെരുന്തട്ട(21)ഡിവിഷനുകളില്‍ 30ല്‍ താഴെ വോട്ടാണ് ഭൂരിപക്ഷം.പെരുന്തട്ടയില്‍ കോണ്‍ഗ്രസിലെ സുഭാഷ് 29 വോട്ടിനാണ് മുനിസിപ്പല്‍ മുന്‍ ചെയര്‍പേഴ്‌സണുമായ സി.പി.എമ്മിലെ സനിത ജഗദീഷിനെ പിന്നിലാക്കിയത്.പോള്‍ ചെയ്ത 694 വോട്ടില്‍ 359 എണ്ണം സുഭാഷിനു ലഭിച്ചു.330 വോട്ട് സനിത നേടി.പള്ളിത്താഴെ ഡിവിഷനില്‍ സിപിഎമ്മിലെ പി. രേഷ്മയുമായുള്ള മത്സരത്തില്‍ 24 വോട്ടിനാണ് മുസ്‌ലിംലീഗിലെ ഷെരീഫ ടീച്ചര്‍ വിജയിച്ചത്.പോള്‍ ചെയ്ത 482 വോട്ടില്‍ 242 എണ്ണം ഷെരീഫയ്ക്കു ലഭിച്ചു.രേഷ്മ 218 വോട്ട് നേടി.റാട്ടക്കൊല്ലിയില്‍ 23 വോട്ടിനാണ് സി.പി.എമ്മിലെ ശ്യാമളയുടെ വിജയം.ഇവര്‍ക്കു 271ഉം കോണ്‍ഗ്രസിലെ റസീന ഇബ്രാഹിമിനു 284ഉം വോട്ട് കിട്ടി.സ്വതന്ത്ര സ്ഥാനാര്‍ഥി ബിന്ദു ജോസ് 178 വോട്ട് കരസ്ഥമാക്കി.717 വോട്ടാണ് പോള്‍ ചെയ്തത്.പൂത്തൂര്‍വയല്‍ ക്വാറി ഡിവിഷനില്‍ 26 വോട്ടിനാണ് എല്‍.ജെ.ഡിയിലെ ഡി. രാജന്‍ കോണ്‍ഗ്രസിലെ സി.ജയപ്രസാദിനെ മറികടന്നത്.പോള്‍ ചെയ്ത 848 വോട്ടില്‍ 421 എണ്ണം രാജനു ലഭിച്ചു.ജയപ്രസാദ് 395 വോട്ട് നേടി.നെടുങ്ങോട് ഡിവിഷനില്‍ 23 വോട്ടിനായിരുന്നു മുസ്‌ലിംലീഗിലെ ശ്രീജയുടെ വിജയം.ഇവര്‍ക്കു 431ഉം സി.പി.എമ്മിലെ എം.ബിജിതയ്ക്കു 408ഉം വോട്ടു കിട്ടി.860 വോട്ടാണ് പോള്‍ ചെയ്തത്.
മണിയങ്കോട്(ഒന്ന്),പുളിയാര്‍മല(രണ്ട്),കൈനാട്ടി(ഏഴ്)ഡിവിഷനുകളില്‍ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തി.യഥാക്രമം സി.പി.എമ്മിലെ എം.വി.ബാബു,എല്‍.ജെ.ഡിയിലെ കെ.കെ.വത്സല,സി.പി.എമ്മിലെ പുഷ്പ എന്നിവര്‍ വിജയിച്ച ഡിവിഷനുകളില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തായി.

          നഗരസഭയില്‍ മുസ്‌ലിംലീഗ്-ഒമ്പത്,കോണ്‍ഗ്രസ്-ആറ്,സി.പി.എം-ഒമ്പത്,സി.പി.ഐ-രണ്ട്,എല്‍.ജെ.ഡി-രണ്ട് എന്നിങ്ങനെയാണ് കക്ഷിനില.മുസ്‌ലിംലീഗും കോണ്‍ഗ്രസും ചെയര്‍മാന്‍,വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം പങ്കുവയ്ക്കും.ചെയര്‍മാന്‍ സ്ഥാനം ആദ്യം മുസ്‌ലിം ലീഗിനു ലഭിക്കാനാണ് സാധ്യത.എമിലി ഡവിഷനില്‍ വിജയിച്ച കെയെംതൊടി മുജീബ്,എമിലിത്തടം ഡിവിഷനില്‍ വിജയിച്ച അഡ്വ.എ.പി.മുസ്തഫ എന്നിവരാണ് ചെയര്‍മാന്‍ പദവിയിലേക്കു ലീഗിന്റെ പരിഗണനയില്‍.ചെയര്‍മാന്‍ സ്ഥാനം ആദ്യം കോണ്‍ഗ്രസിനു ലഭിച്ചാല്‍ മുനിസിപ്പല്‍ ഓഫീസ് ഡിവിഷനില്‍ വിജയിച്ച കെ.പി.സി.സി സെക്രട്ടറി അഡ്വ.ടി.ജെ.ഐസക്കിനായിരിക്കും പ്രഥമ പരിഗണന.വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്കു  മുസ്‌ലിംലീഗ് അമ്പിലേരി ഡിവിഷനില്‍ വിജയിച്ച റഹ്‌യാനത്ത് വടക്കേതില്‍,പുല്‍പ്പാറ ഡിവിഷനില്‍നിന്നുള്ള സാജിത മജീദ് എന്നിവരെയും   കോണ്‍ഗ്രസ് കന്യാഗുരുകുലം ഡിവിഷനില്‍നിന്നുള്ള ആയിഷ പള്ളിയാല്‍,പുതിയ ബസ്സ്റ്റാന്‍ഡ് ഡിവിഷനില്‍നിന്നുള്ള കെ.അജിത എന്നിവരെയും പരിഗണിക്കാനാണിട.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *