April 29, 2024

തദ്ദേശ സ്ഥാപന അദ്ധ്യക്ഷന്മാര്‍ക്കും അംഗങ്ങള്‍ക്കും പ്രകൃതി സംരക്ഷണ സമിതിയുടെ തുറന്ന കത്ത്.

0
                     തദ്ദേശ പഞ്ചായത്ത് അംഗങ്ങളായും അധ്യക്ഷന്‍മാരായും തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് വയനാട് പ്രകൃതി  സംരക്ഷണ സമിതിയുടെ അഭിവാദ്യങ്ങള്‍. വരുന്ന അഞ്ചു വര്‍ഷം നാടിനും നാട്ടാര്‍ക്കും ഉപകാരപ്രദമായി നിര്‍ഭയമായും ധീരമായും പ്രവര്‍ത്തിക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.
              മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും ജീവിക്കാന്‍ ലോകത്തേറ്റവും അനുയോജ്യമായ ഭൂപ്രദേശങ്ങളില്‍ ഒന്നാണ് വയനാട് .അതീവ ലോലവും അതിസങ്കീര്‍ണ്ണവുമായ പരിസ്ഥിതി സംതുലനമാണ് വയനാടിനുള്ളത്. എന്നാല്‍ ഈ സ്വര്‍ഗ്ഗഭൂമി ഇന്ന് സര്‍വ്വനാശത്തിന്റെ നെല്ലിപ്പടിയിലാണ്. ജനസംഖ്യയില്‍ മഹാഭൂരിഭാഗം വരുന്ന കര്‍ഷകര്‍ പരിസ്ഥിതിത്തകര്‍ച്ചയുടെ അനിവാര്യ ദുരന്തമായ കാര്‍ഷികത്തകര്‍ച്ചയുടെ ദുരിതത്തില്‍ ഉഴറുകയാണിപ്പോള്‍.സമ്പന്നമായ വയനാടന്‍ കാര്‍ഷിക സംസ്‌ക്‌റ്തി കാണക്കാണെ അസ്തമിക്കുകയാണ്. വരള്‍ച്ചയും ജലക്ഷാമവും പ്രളയവും ഉരുള്‍പൊട്ടലും മാറി മാറി വയനാടിനെ ഗ്രസിച്ചു കൊണ്ടിരിക്കുന്നു . വയനാടിന്റെ കാര്‍ഷിക പുനരുത്ഥാനത്തിന്നും പരിസ്ഥിതി പുനരുജ്ജീവനത്തിനുമാണ് പുതിയ പഞ്ചായത്തുകള്‍ പ്രഥമ പരിഗണന നല്‍കേണ്ടത്.
                  വികസനം എന്ന പദം ഏറെ ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുകയും മലീമസമാക്കപ്പെടുകയും തെറ്റിദ്ധരിപ്പിക്കപ്പെടുകയും ചെയ്ത അശ്ശീലമാണ് വയനാട്ടില്‍ .സംഘടിത പ്രസ്ഥാനങ്ങള്‍ കൊട്ടിഘോഷിക്കുന്നതും ചര്‍വ്വിതചര്‍ വ്വണം ചെയ്യുന്നതുമായ വികസനപദ്ധതികള്‍ മിക്കതും വികസനമല്ല , വിനാശമാണ്. ചുരം ബദല്‍ റോഡും തുരങ്ക പാദയും വിമാനത്താവളവും  റെയില്‍വേയും സുസംഘടിത പ്രചാരണത്തില്‍ ആള്‍ക്കൂട്ടത്തെ അഭിരമിപ്പിക്കാനുള്ള ആഭിജാര മന്ത്രങ്ങള്‍ മാത്രമാണ്.വയനാടിന്റെ യഥാര്‍ത്ഥ വികസനം സാധ്യമാക്കുക എന്നതാണ് തദ്ദേശം ഭരണാധികാരികളുടെ മുഖ്യ ധര്‍മ്മം എന്ന് ഞങ്ങള്‍ കരുതുന്നു.അതിനുള്ള തന്‍േറടവും ഇച്ഛാശക്തിയും പഞ്ചായത്തകള്‍ കാണിക്കുമെന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു.    
               മെഡിക്കല്‍ കോളേജുകള്‍ ഡോക്ടര്‍മാരെ പഠിപ്പിക്കുന്ന സ്ഥാപനങ്ങളാണെന്നും അടിയന്തിരമായി വേണ്ടത് ഒന്നോ രണ്ടോ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളും മരുന്നും ഡോക്ടര്‍മാരും സൗകര്യങ്ങളുമുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമാണെന്നും പറയാനുള്ള ആര്‍ജ്ജവം പഞ്ചായത്തുകള്‍ കാണിക്കണം.
              ജൈവവൈവിദ്ധ്യത്തില്‍ വയനാടിന്ന് അനുപമമായ സ്ഥാനമാണുള്ളത്. യൂനസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടം പിടച്ചതും ഭൂമിയില്‍ മറ്റെവിടെയുമില്ലാത്തതുമായ സസ്യ  ജന്തുജാലങ്ങളുടെ കലവറയാണ് വയനാട് .ഏറെ അധികാരമുള്ള ബി.എം.സികളെ ശാക്തീകരിക്കല്‍ അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന് ഞങ്ങള്‍ താത്പര്യപ്പെടുന്നു.
         കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി വന്യജീവി  മനുഷ്യസംഘര്‍ഷം രൂക്ഷ തരമായ ഒരു സാമൂഹ്യ പ്രശ്‌നമാണ് വയനാട്ടില്‍ .കേരളം മാറി മാറി ഭരിച്ച സര്‍ക്കാറുകളും അതിന്നു നേതൃത്വം കൊടുത്ത പാര്‍ട്ടികളും എം.എല്‍.എമാരും എം.പിമാരും ജനപ്രതിനിധികളുമാണ് ഈ ഗുരുതരാവസ്ഥക്ക് ഉത്തരവാദികള്‍. സംസ്ഥാന ഭരണകൂടങ്ങള്‍ ഉത്തരവാദിത്വത്തില്‍ നിന്നും കൗശലപൂര്‍വ്വം ഒഴിഞ്ഞു മാറുകയാണ്.വയനാടിന്റെ വന വിസ്തൃതിയുടെ മൂന്നിലൊന്നും  ഏകവിളത്തോട്ടങ്ങളായതിന്റെ ഉത്തരവാദികള്‍ ഇക്കൂട്ടരാണ്. പ്രശ്‌ന പരിഹാരത്തിന്ന് പഞ്ചായത്തുകള്‍ക്ക് വലിയ പങ്കു വഹിക്കാനാകും. വനവും വന്യജീവികളും നമ്മുടെ നാടിന്റെ അഭിമാനമാണെന്നും അമൂല്യമായ സമ്പത്താണെന്നുമുള്ള ബോധത്തോടെയാവണം വയനാടന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ കൃഷി നേരിടുന്ന ഏറ്റവും മുഖ്യമായ വെല്ലുവിളി വന്യജീവി സംഘര്‍ഷമാണെന്ന യാഥാര്‍ത്ഥ്യം പഞ്ചായത്തുകള്‍ തിരിച്ചറിയേണ്ടതും ഏറ്റെടുക്കേണ്ടതും. വനത്തോടും വന്യജീവികളോടും പഞ്ചായത്തുകള്‍ വിദ്വേഷം പുലര്‍ത്തില്ലെന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു.
             വയനാടിനെ ഒരു സമ്പൂര്‍ണ്ണ ജൈവ ജില്ലയായി മാറ്റേണ്ടിയിരിക്കുന്നു. മലബാര്‍ ജില്ലകള്‍ക്കാകെ വിഷ രഹിത പച്ചക്കറികളും കിഴങ്ങുകളും നല്‍കാന്‍ വയനാടിന്ന് കെല്‍പ്പുണ്ട് . കേളി കേട്ടവയനാടന്‍ തനത് നെല്ലിനങ്ങളും കാപ്പിയും സുഗന്ധവിളകളും ഭൌമ സൂചികാ പദവി സമ്പാദിച്ച് ലോകമാര്‍ക്കറ്റില്‍ എത്തിച്ചാല്‍ വയനാട് സമ്പന്നതയുടെ ഉത്തുംഗ ശ്രംഗത്തില്‍ എത്തുമെന്നത് നിസ്തര്‍ക്കമാണ്.
      മണ്ണിന്റെ മക്കളായ ഗോത്ര ജനതയില്‍ മഹാഭൂരിഭാഗവും ലയങ്ങളില്‍ താമസിക്കുന്ന തോട്ടം തൊഴിലാളികളും ഭൂരഹിതരും സമൂഹത്തിന്റെ പുറമ്പോക്കില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമാണ്. പതിനായിരക്കണക്കിനേക്കര്‍ ഭൂമി തോട്ടമുടമകളും കമ്പനികളും നിയമവിരുദ്ധമായി കൈവശം വെച്ച ഒരു ജില്ലയിലാണീ വിരോധാഭാസം !ഭൂരഹിതരെ അവശേഷിക്കുന്ന ശുഷ്‌ക വനങ്ങളിലേക്ക് കുടിയേറ്റാനാണ് എല്ലാവര്‍ക്കം ഉത്സാഹം. അവരുടെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കാതെയും ജീവിത പരിതാവസ്ഥ പുനരുദ്ധരിക്കാതെയും നാം പറയുന്ന ഏതു വികസനവും തികഞ്ഞ അസംബന്ധവും നിരര്‍ത്ഥകവുമാണ് .
                  കരിങ്കല്‍ ക്വാറികള്‍ വയനാടിന്റെ പരിസ്ഥിതിയെ മാത്രമല്ല സാമൂഹ്യജീവിതത്തെയും അലങ്കോലപ്പെടുത്തിട്ട് പതിറ്റാണ്ടുകളായി. മനുഷ്യന് പുനര്‍നിര്‍മ്മിക്കാന്‍ കഴിയാത്ത പ്രക്‌റ്തി വിഭവങ്ങള്‍ സൂക്ഷിച്ചം ശ്രദ്ധിച്ചും മാത്രമെ ചൂഷണം ചെയ്യാവൂ. വയനാട്ടില്‍ എവിടെയെല്ലാം ഖനനമാകാമെന്നും എത്രമാത്രം ഖനനം ചെയ്യാമെന്നും നിശ്ചയിക്കാന്‍ വിദഗ്ദ സമിതിയെ നിയമിക്കണം.അങ്ങനെ ലഭിക്കുന്ന വിഭവങ്ങളുടെ  മുന്‍ഗണന ആര്‍ക്കെന്ന് നിശ്ചയിക്കാന്‍ ഗ്രാമസഭകള്‍ക്കും ഗ്രാമപഞ്ചായത്തിനും അധികാരം നല്‍കണം. ഖനിജങ്ങളുടെ സംഭരണവും വിതരണവും അവരുടെ ചുമതലയില്‍ കൊണ്ടുവരണം.
               വയനാട്ടില്‍ ഇപ്പോള്‍ നടക്കുന്നത് പിസ്ഥിതി സൗഹാര്‍ദ്ദ ടൂറിസമല്ല , ഭീകരതയും നഗ്‌നമായ പ്രക്‌റ്തിചൂഷണവും ആണ്. ലക്കും ലഗാനുമില്ലാത്ത , അനിയന്ത്രിത ടൂറിസത്തിന്ന് അറുതിയായെ പറ്റൂ. അതിന് മുന്‍കൈയെടുക്കേണ്ടത് പഞ്ചായത്തുകളാണ്.
              രണ്ട് പ്രളയങ്ങളും ഉരുള്‍പൊട്ടലുകളം വയനാടിനെ താറുമാറാക്കിയിട്ടുണ്ട്. പ്രളയാനന്തര ദുരിതാശ്വാസവും ദുരന്തനിവാരണ മുന്നൊരുക്കങ്ങളും പുനരധിവാസങ്ങളും മറ്റേത് കാലത്തേക്കാളും പ്രസക്തമാണിപ്പോള്‍. ദൌര്‍ഭാഗ്യവശാല്‍ ജില്ലാ ഭരണകൂടവും സംസ്ഥാന സര്‍ക്കാറും മെല്ലെപ്പോക്കിലാണ്. ആയിരക്കണക്കിന്ന് കിലോമീറ്റര്‍ നീളത്തില്‍ കിടക്കുന്ന പതിനായിരക്കണക്കിനേക്കര്‍ പുഴ പ്പുറമ്പോക്കുകള്‍ വീണ്ടെടുത്ത് പുനരുജ്ജീവിപ്പിക്കാനുള്ള ഉത്തരവാദിത്തം പഞ്ചായത്തുകള്‍ ഏറ്റെടുക്കണം. ഇങ്ങനെ വീണ്ടെടുക്കുന്ന പ്രദേശത്ത് തൊഴിലുറപ്പു പദ്ധതിയില്‍ പ്രതിവര്‍ഷം രണ്ടു ലക്ഷം ടണ്‍ തീറ്റപ്പുല്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. പഞ്ചായത്തുകളുടെ വരുമാനം കുത്തനെ ഉയര്‍ത്തുകയും ചെയ്യും.
            അന്യജില്ലകളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും വയനാട്ടിലേക്ക് വരുന്ന വാഹനങ്ങള്‍ക്ക് ഗ്രീന്‍ ടാക്‌സ് ഏര്‍പ്പെടുത്തേണ്ടതാണ്. ഇങ്ങനെ ലഭിക്കുന്ന വരുമാനം പരിസ്ഥിതി പുനരുജ്ജീവനത്തിന്നായി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വീതിച്ചെടുക്കാവുന്നതാണ്.
        രാഷ്ട്രപിതാവായ മഹാത്മാഗാന്ധി സ്വപ്‌നം കണ്ട സ്വയം സമ്പൂര്‍ണ്ണ ഗ്രാമ സ്വരാജ് എന്ന സ്വപ്‌നത്തിലേക്ക് ഒരു ചുവടെങ്കിലും മുന്നോട്ടു വയ്ക്കാന്‍ നിങ്ങള്‍ക്കാകട്ടെ എന്ന് ഞങ്ങള്‍ ആശംസിക്കുന്നു .വയനാടിന്റെ വെള്ളവും പ്രാണവായുവും മണ്ണും അദ്വിതീയമായ നമ്മുടെ പരിസ്ഥിതി സംതുലനവും സംരക്ഷിക്കാന്‍ വേണ്ടി നിലകൊള്ളുന്ന ഒരു സ്വയം സന്നദ്ധ സംഘടനയാണ് പ്രക്‌റ്തി സംരക്ഷണ സമിതിയെന്നും അതിനെ വിദ്വേഷത്തോടെ കാണരുതെന്നും താത്പര്യപ്പെടുന്നു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *