നാടൻ ചാരായ വിൽപ്പനക്കാരെ രക്ഷിക്കാൻ അണിയറ നീക്കമെന്ന് ആക്ഷേപം
നാടൻ ചാരായ വിൽപ്പനക്കാരെ രക്ഷിക്കാൻ അണിയറ നീക്കമെന്ന് ആക്ഷേപം
നാട്ടുകാരുടെ മുമ്പിൽ വെച്ച് ചാരായവും വാഷും പിടികൂടുന്നു, ഒടുവിൽ വാർത്ത വന്നപ്പോൾ പ്രതിസ്ഥാനത്ത് ആളില്ല. പുതുശേരികടവ് കുന്ദമംഗലത്തെ ചെക്ക് ഡാമിന് സമീപം ആളില്ലാത്ത നിലയിൽ 250 ലിറ്റർ വാഷും 10 ലിറ്റർ ചാരായവും കണ്ടെടുത്തുവെന്ന് എക്സെെസ്, എന്നാൽ ഇവിടെ നിന്നും ഒന്നര കിലോമീറ്റർ മാറി ബാങ്ക് കുന്നിൽ നിന്നാണ് പിടിച്ചെടുത്തതെന്ന് ഫോട്ടോ സഹിതം തെളിവ് പുറത്ത് വിട്ട് ഒരു പറ്റം നാട്ടുകാരും വിവിധ രാഷ്ട്രിയ കക്ഷികളും.
വീട്ടിൽ നിന്നും കണ്ടെടുത്ത നാടൻ ചാരായവും വാഷും ആളൊഴിഞ്ഞ സ്ഥലത്തു നിന്നാണ് കണ്ടത്തിയതെന്ന് പറഞ്ഞ് പ്രതിയെ രക്ഷിക്കാൻ നീക്കം നടക്കുന്നതായി ആരോപണം. പടിഞ്ഞാറത്തറ ബാങ്ക് കുന്നിൽ നിന്നാണ് 250 ലിറ്റർ വാഷും, 10 ലിറ്റർ നാടൻ ചാരായവും എക്സൈസ് ഡിപ്പാർട്ട്മെൻറ് വ്യാഴാഴ്ച കണ്ടത്തിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു. എന്നാൽ ഇവിടെ നിന്നും ഒന്നര കിലോമീറ്റർ മാറി കുന്നമംഗലം ജംഗ്ഷനിലെ ചെക്ക്ഡാമിന് പരിസരത്ത് നിന്നാണ് ഇവ ലഭിച്ചതെന്ന് എക്സൈസ് ഡിപ്പാർട്ട്മെൻ്റ് മാധ്യമങ്ങൾക്ക് നൽകിയ കുറിപ്പിൽ പറയുന്നു. ചെക്ക് ഡാമിന് സമീപത്ത് എത്തിയ ഉദ്യോഗസ്ഥർ പുഴയിൽ തുണി അലക്കുന്നവരോട് സ്ഥലത്തിൻ്റെ പേര് ചോദിക്കുക മാത്രമാണ് ചെയ്തതത്രെ. ഈ സമയത്ത് ചെക്ക് ഡാമിൻ്റെ പരിസരത്ത് നിന്ന് യാതൊന്നും ഉദ്യോഗസ്ഥർ കണ്ടെടുത്തിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു.
അതിരാവിലെയാണ് തങ്ങൾക്ക് ചെക്ക് ഡാം പരിസരത്ത് നിന്ന് വാഷും മറ്റും കണ്ടെടുത്തതെന്നാണ് പിന്നീട് എക്സൈസ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്. എന്നാൽ പട്ടാപകൽ ബാങ്ക് കുന്നിലെ ഒരു വീട്ടിൽ നിന്ന് വാഷും മറ്റുമായി ഉദ്യോഗസ്ഥർ ഇറങ്ങി വരുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഭരണകക്ഷി പാർട്ടിയുടെ സജീവ പ്രവർത്തകനെ രക്ഷിക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്ന് വിവിധ രാഷ്ട്രിയ കക്ഷികളും നാട്ടുകാരും ആരോപിക്കുന്നു.
കുപ്പാടിത്തറ പുതുശ്ശേരിക്കടവ് മുണ്ടക്കുറ്റി റോഡിനടുത്തു നിന്ന് 250 ലിറ്റർ വാഷും പത്തു ലിറ്റർ ചാരായവും പിടിച്ച സംഭവത്തിൽ പ്രതികളെ രക്ഷിക്കാനുള്ള നീക്കം നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണം എന്ന് ബിജെപി പടിഞ്ഞാറത്തറ പഞ്ചായത്തു കമ്മിറ്റി ആവശ്യപ്പെട്ടു! പ്രദേശത്തെ ഒരു വീട്ടിൽ നിന്നാണ് ഇതു പിടികൂടിയത്. ഉദ്യോഗസ്ഥരെ കണ്ടപ്പോൾ വാറ്റുകാർ ഓടി രക്ഷപ്പെടുകയായിരുന്നു എന്നാൽ ഭരണകക്ഷി പാർട്ടിയുടെ സജീവ പ്രവർത്തകരായ ഇവരെ രക്ഷപെടുത്താൻ ഭരണനേതൃത്വം ഇടപെടുകയും ഇതേ തുടർന്ന് ഉദ്യോഗസ്ഥർ ആളൊഴിഞ്ഞ സ്ഥലത്തു നിന്ന് വാഷും ചാരായവും പിടികൂടി എന്ന് റിപ്പോർട്ടു കൊടുക്കുകയായിരുന്നു. നാട്ടുകാരുടെ മുമ്പിൽ വച്ചാണ് റെയ്ഡും വാറ്റുകാരുടെ രക്ഷപെടലും ഉണ്ടായത് !
നിയമത്തെ നിർലജ്ജം ഒറ്റുകൊടുത്ത് നീതിന്യായ വ്യവസ്ഥക്കു കളങ്കം ഉണ്ടാക്കുന്ന ഇത്തരം നിലപാടുകൾക്കെതിരെ നടപടി ഉണ്ടാകാത്ത പക്ഷം ബി ജെ പി ശക്തമായ സമരവുമായി മുന്നോട്ടുവരുമെന്ന് പഞ്ചായത്തു കമ്മിറ്റി പ്രസിഡണ്ട് സിമിൽകുമാർ കെ അറിയിച്ചു പി രാജൻ, സത്യൻ മുതലായവർ സംബന്ധിച്ചു.
Leave a Reply