May 9, 2024

വന്യമൃഗശല്യം: സർക്കാർ മനുഷ്യത്വപരമായ സമീപനം സ്വീകരിച്ചില്ലങ്കിൽ ഹർത്താൽ ഉൾപ്പടെയുള്ള സമരപരിപാടികളെന്ന് ഡി.സി.സി.പ്രസിഡണ്ട്

0
Img 20211211 145800.jpg
ബത്തേരി : വയനാട്ടിൽ വന്യമൃഗശല്യം രൂക്ഷമായിട്ടും സർക്കാർ മനുഷ്യത്വപരമായ സമീപനം സ്വീകരിച്ചില്ലങ്കിൽ ഹർത്താൽ ഉൾപ്പടെയുള്ള സമരപരിപാടികളെന്ന് ഡി.സി.സി.പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ .ബത്തേരിയിൽ സി.യു.സി. ഭാരവാഹികളുടെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 
വന്യമൃഗ ശല്യം വയനാട്ടിലെ വലിയ സാമൂഹിക പ്രശ്നമായി മാറിയിരിക്കുന്നു. ജില്ലയുടെ എല്ലാ ഭാഗങ്ങളിലും വന്യമൃഗങ്ങളുടെ ആക്രമണവും കൃഷിനാശവും രൂക്ഷമായി തുടരുകയാണ്. ജില്ലയിലെ ജനജീവിതത്തെ സാരമായി ബാധിക്കുന്നതരത്തിലേക്ക് വന്യമൃഗശല്യം എത്തിയിരിക്കുകയാണ്. ഏക്കർ കണക്കിന് കൃഷിയും നൂറ്കണക്കിന് വളർത്ത് മൃഗങ്ങളും ഒട്ടേറെ മനുഷ്യജീവനും വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയായിക്കഴിഞ്ഞു. കോടികളുടെ നഷ്ടമാണ് വന്യമൃഗ ആക്രമണങ്ങൾ മൂലം ജില്ലയിലെ കർഷകർക്ക് ഉണ്ടായിട്ടുണ്ട്. ഇത്രയേറെ പ്രശ്നങ്ങൾ ഉണ്ടായിട്ടും ഇതിന് ശാശ്വത പരിഹാരം കാണുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്. കാടും നാടും വേർതിരിച്ച് വന്യമൃഗ ശല്യത്തിന് പരിഹാരം കാണുന്നതിന് മികച്ച പദ്ധതികൾ തയ്യാറാക്കണം. ഇന്ത്യക്ക് അകത്തും പുറത്തും ഇത്തരത്തിൽ വിജയകരമായി പ്രാവർത്തികമാക്കിയിട്ടുള്ള പദ്ധതികളെ കുറിച്ച് പഠിച്ച് ജില്ലയിലും അത് നടപ്പാക്കുന്നതിനുള്ള അടിയന്തിര നടപടിയുണ്ടാകണം. വളർത്തു മൃഗങ്ങളുടെയും കൃഷിയുടെയും നാശത്തിന് നൽകുന്ന നഷ്ടപരിഹാര തുക വളരെ കുറവായതിനാൽ നഷ്ടപരിഹാരം കണക്കാക്കുന്നതിന് സമഗ്രമായ പരിഷ്കരണ പരിപാടി നടപ്പിലാക്കുകയും ജീവൻ നഷ്ടപ്പെടുന്നവരുടെ കുടുംബാംഗങ്ങൾക്കും പരിക്ക് പറ്റുന്നവർക്കും നൽകുന്ന നഷ്ടപരിഹാരത്തുക നിശ്ചയിക്കുന്നതിന് മോട്ടോർ വാഹന അപകട നഷ്ടപരിഹാര ട്രൈബ്യുണൽ മാതൃകയിൽ പ്രത്യേക നഷ്ടപരിഹാര ട്രൈബ്യുണൽ ഉണ്ടാക്കണം. ജില്ലയിലെ ഈ സ്ഥിതിവിശേഷം പരിഹരിക്കുന്നതിന് അടിയന്തിര ഇടപെടൽ നടത്താൻ സർക്കാരുകൾ തയ്യാറാകുന്നില്ലെങ്കിൽ ശക്തമായ പ്രത്യക്ഷ സമരപരിപാടികൾക്ക് കോൺഗ്രസ്സും യൂ.ഡി.എഫും നേതൃത്വം നൽകും. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ 6 വർഷമായി 8 ആളുകൾ വന്യമൃഗങ്ങളുടെ ആക്രമണം മൂലം മരണപ്പെടുകയും കോടിക്കണക്കിന് രൂപയുടെ കാർഷികവിളകൾ വന്യമൃഗങ്ങൾ നശിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഈ പ്രശ്നങ്ങൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കാണിക്കുന്ന നിഷേധാത്മകമായ നിലപാടുകൾ കാരണം വയനാട്ടിലെ സാധാരണ കർഷകർ ആത്മഹത്യയുടെ വക്കിലാണ്. കഴിഞ്ഞ 14 ദിവസത്തിനിടെ കാട്ടിക്കുളം, കുറുക്കന്‍മൂല, ചേറൂര്‍,പടമല എന്നീ സ്ഥലങ്ങളിലെ ആടുകളെയും പശുക്കുട്ടികളെയും ഉള്‍പ്പടെ 11 വളര്‍ത്തുമൃഗങ്ങളെ കടുവ ആക്രമിച്ചു കൊന്നു. ബന്ധപ്പെട്ട ഫോറസ്റ്റ് ഉദ്യോഗസ്ഥർ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നു. ഒരു പ്രദേശത്തെ ജനങ്ങൾ കഴിഞ്ഞ രണ്ട് ആഴ്ചയായി ഉറങ്ങാതെ കഴിയുകയാണ്.ജനങ്ങൾ ഇത്രയധികം ബുദ്ധിമുട്ടിയിട്ടും മനസ്സലിയാത്ത മുഖ്യമന്ത്രിയും സർക്കാരും സംസ്ഥാനത്തിന് ഭാരമാണന്നും 
സർക്കാർ സാധാരണ ജനങ്ങളുടെ അവസ്ഥ മനസ്സിലാക്കണമെന്നും അപ്പച്ചൻ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *