മാഫിയകളുടെ കണ്ണി പൊട്ടിക്കാൻ വയനാട് കളക്ടർക്ക് കടമ്പകളേറെ

• റിപ്പോർട്ട് : സഞ്ജന. എസ്. കുമാർ
കൽപ്പറ്റ: ശാന്തസുന്ദരമെന്ന് പുറം നാട്ടുകാർ പുകഴ്ത്തുമെങ്കിലും മാഫിയകളുടെ വലയിലാണ് ഇന്ന് വയനാട്. ഇതിൽ നിന്നും വയനാടിനെ മോചിപ്പിക്കാൻ പുതിയ കളക്ടർ എന്തു നിലപാട് എടുക്കുമെന്ന ആകാംക്ഷയിലാണ് ജില്ലക്കാർ. ചുരത്തിന് മുകളിലെ പ്രകൃതിയുടെ വരദാനവും കാർഷിക സംസ്ക്കാര ഭൂമിയും നിഷ്കളങ്ക കർഷക സമൂഹവും അധിവസിക്കുന്ന വയനാട് ഇന്ന് ഒരു കൂട്ടം മാഫിയകളുടെ കൈകളിലാണ്. ഭൂമാഫിയകൾ കാരണം വയനാടിൻ്റെ പാരിസ്ഥിതിക ഭംഗിക്ക് കോട്ടം വന്നിട്ട് കുറച്ച് നാളുകളായി. മലഞ്ചെരുവും കുന്നുകളും നീർച്ചാലുകളും ഭംഗി തീർത്ത വയനാടിന് മുകളിലേക്ക് യന്ത്രകൈ കൊണ്ട് അവയെ വാരി പിഴുതെറിയുകയാണ് ഭൂമാഫിയ. തുണ്ടം തുണ്ടമായി മുറിച്ച് മാറ്റിയ ഹെക്ടർ കണക്കിന് കുന്നുകൾ വയനാടിൻ്റെ ഭംഗി കെടുത്തി. സുഗന്ധവ്യഞ്ജനങ്ങളും,നാണ്യവിളകളും നൂറ് മേനി വിളഞ്ഞ കാർഷിക മണ്ണ് കോൺക്രീറ്റ് സൗധങ്ങൾ നിറഞ്ഞ് പച്ചപ്പിൻ്റെ ശോഭ മങ്ങിയിരിക്കുകയാണ്. ഇതിനെതിരെ നൂറ് കണക്കിന് പരാതികൾ ജില്ലയിലുണ്ട്. എന്നാൽ അതെല്ലാം ഫയലിൽ തന്നെ. ഇതിനെല്ലാം പുറമെ വയനാടിൻ്റെ വനഭാഗങ്ങൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, അതിർത്തി പ്രദേശങ്ങൾ ഇവിടെല്ലാം റിസോട്ട് മാഫിയ കയ്യേറിയിരിക്കുന്നു. ചിലയിടത്ത് ഉദ്യോഗസ്ഥ കൂട്ടരെങ്കിൽ മറ്റൊരിടത്ത് രാഷ്ട്രീയ കൂട്ടമാണ് പരാതികൾ മറക്കുന്നത്. റിയൽ എസ്റ്റേറ്റ്- ടൂറിസം സംരംഭകരെന്ന വ്യാജേനെ അന്യ നാട്ടുകാരെത്തി വയനാട്ടിൽ ഹെക്ടർ കണക്കിന് ഭൂമി വാങ്ങി തുണ്ടുകളാക്കി മുറിക്കുന്ന പ്രവണത കൂടി വരുകയാണ്. വയനാടിൻ്റെ പാരിസ്ഥിതിക – ജന സാന്ദ്രത കണക്കുകൾ വെച്ച് ഇത്തരം പ്രവണത നിയന്ത്രിക്കണമെന്ന് പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെടുന്നുണ്ട്. വയനാടിന്റെ പ്രധാന ആവശ്യമായ മെഡിക്കൽ കോളജിന്റെ അനിശ്ചിതത്വത്തിന് പിന്നിൽ വൻ റിയൽ എസ്റ്റേറ്റ് ലോബി പ്രവർത്തിക്കുന്നുണ്ടന്ന ചില സൂചനകൾ പുറത്ത് വരുന്ന സാഹചര്യത്തില്‍ വയനാടിന്റെ പുതിയ കലക്ടറുടെ നിലപാടുകൾ നിർണായകമാണ്. വയനാട്ടിൽ നിർമാണ പ്രവർത്തനത്തിന് ആവശ്യമായ ക്വാറികൾ പ്രവർത്തിക്കാത്തതിനാൽ അന്യജില്ലയിലെ ക്വാറികളിൽ നിന്നാണ് സാമഗ്രികൾ ചുരം കയറി എത്തുന്നത്. ചുരം റോഡ് നിയന്ത്രിക്കുന്നതുവരെ ഇവരാണന്ന അഭ്യൂഹങ്ങളും നിലനിൽക്കുന്നുണ്ട്. അമിത ഭാരം കയറ്റി വരുന്ന വാഹനങ്ങൾ ചുരത്തിന് ഭീഷണിയാണെന്നിരിക്കെ അത് നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. മെഡിക്കൽ കോളജ്,ചുരം റോഡ്, ബദൽ പാത, രാത്രിയാത്ര തുടങ്ങിയ വയനാട്ടുകാരുടെ അടിയന്തര ആവശ്യങ്ങളിൽ പുതിയ കലക്ടറുടെ ഇടപെടൽ ഉണ്ടാവുമെന്ന പ്രതിക്ഷയിലാണ് ജനങ്ങൾ.



Leave a Reply