April 27, 2024

വന്യജീവി ശല്യം: തൊലിപ്പുറത്തെ ചികിത്സ ഫലം ചെയ്യില്ല: കെ.ജെ. ദേവസ്യ

0
Img 20240328 072056

കല്‍പ്പറ്റ: വന്യജീവി ആക്രമണം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടിയുടെ ഭാഗമായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗ തീരുമാനങ്ങള്‍ പ്രയോജനം ചെയ്യുമെന്ന് കരുതാനാകില്ലെന്ന് കേരള കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ജെ. ദേവസ്യ. തൊലിപ്പുറത്തെ ചികിത്സ ഫലം ചെയ്യില്ല. വനഭൂമിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ കൃഷികള്‍ മാറ്റി ചെയ്യുന്നത് വന്യജീവികളെ വനത്തില്‍ത്തന്നെ നിര്‍ത്താൻ പര്യാപ്തമല്ല. വയനാട്ടില്‍ വന വിസ്തൃതിയില്‍ അടുത്തകാലത്ത് കാര്യമായ വ്യതിയാനം സംഭവിച്ചിട്ടില്ല. എന്നാല്‍ അടിക്കാടും ഭക്ഷണ, ജല ലഭ്യതയും കുറഞ്ഞു. ആനയും, കടുവയും, പന്നിയും, പോത്തും, മാനും, മയിലും ഉള്‍പ്പെടെ ജിവികളുടെ എണ്ണം കാടിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്തവിധം വര്‍ധിച്ചു. ഇത് അവയെ ആഹാര സമ്പാദനത്തിനു കാടിറങ്ങാന്‍ നിര്‍ബന്ധിതമാക്കി.

ഈ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടാകണം ദുരന്ത നിവാരണം. വന്യജീവി പെരുപ്പം നിയന്ത്രിക്കുന്നതിനു മറ്റു രാജ്യങ്ങള്‍ സ്വീകരിക്കുന്ന നടപടികളില്‍ ശ്രദ്ധ പതിയണം. നിരവധി രാജ്യങ്ങളില്‍ കാടിന്റെ വിസ്തീര്‍ണവും ജീവികളുടെ എണ്ണവും നിശ്ചിതകാലങ്ങളില്‍ തിട്ടപ്പെടുത്തുന്നുണ്ട്. എണ്ണത്തില്‍ അധികരിച്ചതായി കാണുന്ന ജീവികളെ അവയുടെ ആരോഗ്യനിലവാരവും, കണക്കിലെടുത്ത് വധിക്കാന്‍ അനുമതി നല്‍കുന്നുണ്ട്. കൊല്ലുന്ന ജീവികളില്‍ ഭക്ഷ്യയോഗ്യമായവയുടെ മാംസം വില്‍പന നടത്തി വരുമാനം വര്‍ധിപ്പിക്കുകയും ചെയ്യുന്നുണ്ട്.

കാപ്പിച്ചെടിയില്‍ കൊമ്പുകള്‍ ധാരാളമായി വളരുമ്പോള്‍ നല്ലതുമാത്രം നിലനിര്‍ത്തുകയും ബാക്കി വെട്ടിക്കളയുകയും ചെയ്യാറുണ്ട്. ഈ ക്രമീകരണം വന്യജീവികളുടെ കാര്യത്തിലും പ്രയോഗിക്കാവുന്നതാണ്. ഇതിനു കേന്ദ്ര സര്‍ക്കാര്‍ 1972ലെ വനം-വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണം. വന്യജീവികളെ വനത്തില്‍ ഭക്ഷണവും വെള്ളവും ഒരുക്കി സംരക്ഷിക്കണം. അവ കാടിറങ്ങാത്തവിധം പ്രതിരോധ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ദേവസ്യ പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *