May 7, 2024

വയനാട്ടിലെ ആദ്യ ജി.വി രാജ അവാര്‍ഡ് ജേതാവ് കൃഷ്ണകുമാറിനെ നാളെ കൽപറ്റ യിൽ ആദരിക്കും.

0
Img 20200220 203504.jpg
 
അവാര്‍ഡ് നേട്ടം നാല് പതിറ്റാണ്ട് പിന്നിടുന്നു 

കല്‍പ്പറ്റ: കായിക മേഖലയില്‍ കേരളം നല്‍കുന്ന ഏറ്റവും വലിയ പുരസ്‌കാരമായ ജി.വി രാജ അവാര്‍ഡിനെ ചുരം കയറ്റിയ ഒരാള്‍ വയനാട്ടിലുണ്ട്. മാനന്തവാടി എരുമത്തെരുവിലെ കൃഷ്ണാലയത്തില്‍ കൃഷ്ണകുമാറാണ് വയനാടിനായി അഭിമാന നേട്ടം ചുരം കയറ്റിയത്. നാല് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കായികമേഖലയില്‍ തന്റെ മേഖലയായ പവര്‍ലിഫ്റ്റിംഗില്‍ ദേശീയ റെക്കോര്‍ഡ് ഭേദിച്ച പ്രകടനം നടത്തി സ്വര്‍ണമണിഞ്ഞായിരുന്നു കൃഷ്ണകുമാറിന്റെ പട്ടാഭിഷേകം. വര്‍ഷം നാല്‍പതിനോട് അടുക്കുമ്പോഴും മറ്റൊരു താരത്തിനും കൃഷ്ണകുമാറിന്റെ നേട്ടത്തിനൊപ്പം ഇതുവരെ എത്താനായില്ലെന്നതാണ് വസ്തുത. 1981ലാണ് കൃഷ്ണകുമാറിനെ തേടി ജി.വി രാജ അവാര്‍ഡെത്തുന്നത്. പവര്‍ലിഫ്റ്റിംഗ് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ദേശീയ റെക്കോര്‍ഡോടെ നേടിയ സ്വര്‍ണമായിരുന്നു കായികമേഖലയില്‍ ആരും കൊതിക്കുന്ന നേട്ടത്തിന് കൃഷ്ണകുമാറിനെ അര്‍ഹനാക്കിയത്. തൊടുപുഴയില്‍ നടന്ന ചടങ്ങിലാണ് തനിക്ക് ജി.വി രാജ പുരസ്‌കാരം സമ്മാനിച്ചതെന്ന് വിശ്രമ ജീവിതം നയിക്കുന്ന 62കാരനായ കൃഷ്ണകുമാര്‍ ഓര്‍ത്തെടുക്കുന്നു. പിന്നീടുള്ള വര്‍ഷങ്ങള്‍ കൃഷ്ണകുമറിന് സ്വപ്‌നസമാനമായ നേട്ടങ്ങളുടേതായിരുന്നു. തൊട്ടടുത്ത വര്‍ഷം ഓള്‍ ഇന്ത്യ യൂനിവേഴ്‌സിറ്റി ചാമ്പ്യന്‍ഷിപ്പില്‍ ചാമ്പ്യന്‍ ഓഫ് ചാമ്പ്യനായും കൃഷ്ണകുമാര്‍ മികവ് കാട്ടി. 1984 മുതല്‍ 2000 വരെയുള്ള വര്‍ഷങ്ങളില്‍ 13 തവണ ദേശീയ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പുകളില്‍ മെഡല്‍ ജേതാവ്. 1984 മുതല്‍ 87 വരെ തപാല്‍വകുപ്പില്‍ ജോലി ചെയ്ത കൃഷ്ണകുമാര്‍ അവിടെയും നേട്ടങ്ങള്‍ തുടര്‍ന്നു. 1984ല്‍ ബോഡി ബില്‍ഡിംഗില്‍ തപാല്‍വകുപ്പിന്റെ മിസ്റ്റര്‍ ഡാക്ക് ശ്രീ അവാര്‍ഡിന് അര്‍ഹനായ കൃഷ്ണകുമാര്‍ 87ല്‍ റയില്‍വേയിലേക്ക് ജോലി മാറിപ്പോയി. അതിനിടെ 1984 മുതല്‍ 88 വരെ തുടര്‍ച്ചയായി അഞ്ചുവര്‍ഷം മിസ്റ്റര്‍ കേരളയുമായി. സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ രാജ്യത്തെ പ്രതിനിധീകരിച്ച കൃഷ്ണകുമാര്‍ ഷാര്‍ജ ക്ലാസിക് ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍, ദുബൈ ക്ലാസിക് ചാമ്പ്യന്‍, ബെസ്റ്റ് വെയിറ്റ് ലിഫ്റ്റര്‍ ഓഫ് കേരള അടക്കം നിരവധി നേട്ടങ്ങളാണ് 2000 വരെയുള്ള കാലഘട്ടത്തില്‍ തന്റെ കൈപ്പിടിയിലൊതുക്കിയത്. അന്തര്‍ദേശീയ ബോഡി ബില്‍ഡിംഗ് ജഡ്ജ്, ദേശീയ പവര്‍ലിഫ്റ്റിംഗ് റഫറി, സതേണ്‍ റയില്‍വേ, ഇന്ത്യന്‍ റയില്‍വേ ബോഡിബില്‍ഡിംഗ് കോച്ച് തുടങ്ങി നിരവധി പദവികളും അദ്ദേഹം വഹിച്ചു. തന്റെ പാത പിന്‍പറ്റി മകള്‍ കൃഷ്ണവര്‍ണയെയും അദ്ദേഹം പവര്‍ലിഫ്റ്റിംഗിലേക്ക് കൈപിടിച്ച് നടത്തിയിട്ടുണ്ട്. മാനന്തവാടി ജി.വി.എച്ച്.എസ്.എസില്‍ പ്ലസ്ടു സയന്‍സിന് പഠിക്കുന്ന കൃഷ്ണവര്‍ണ സംസ്ഥാന സബ്ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണവും ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്‌കോട്ട് ഇനത്തില്‍ മൂന്നാം സ്ഥാനവും ഓവര്‍ഓളില്‍ നാലാംസ്ഥാനവും നേടി അച്ഛന്റെ പാതയില്‍ വിജയക്കുതിപ്പ് തുടങ്ങിയിട്ടുണ്ട്. 2018ല്‍ റയില്‍വേയില്‍ നിന്ന് ചീഫ് ടിക്കറ്റ് ഇന്‍സ്‌പെക്ടറായി വിരമിച്ച കൃഷ്ണകുമാര്‍ പരേതനായ എം.വി കൃഷ്ണന്റെയും പി.പി രാജമ്മയുടെയും മകനാണ്. ഭാര്യ പി പുഷ്പലത. മാനന്തവാടി ജില്ലാ ആശുപത്രിക്ക് സമീപത്തെ ബോര്‍ഡ് സ്‌കൂളില്‍ ഒന്നുമുതല്‍ ഏഴ് വരെയും 8-10 മാനന്തവാടി ജി.വി.എച്ച്.എസ്.എസിലും പഠിച്ച കൃഷ്ണകുമാറിന്റെ ഇഷ്ട കായികമേഖല കാല്‍പന്തും അത്‌ലറ്റിക്‌സുമായിരുന്നു. എന്നാല്‍ പ്രീഡിഗ്രിക്ക് കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയിലേക്ക് പോയതോടെ തനിക്ക് കൂടുതല്‍ തിളങ്ങാനാവുക പവര്‍ലിഫ്റ്റിംഗിലാണെന്ന തിരിച്ചറിവുണ്ടായി. കണ്ണൂര്‍ എസ്.എന്‍ കോളജില്‍ നിന്ന് ഡിഗ്രി പൂര്‍ത്തിയാക്കി ഇറങ്ങുമ്പോഴേക്ക് താന്‍ കണ്ടെത്തിയ പാതയില്‍ വിജയങ്ങള്‍ വെട്ടിപ്പിടിച്ച് കൃഷ്ണകുമാര്‍ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആ മികവിന് മുകളില്‍ പറക്കാന്‍ വയനാട്ടില്‍ നിന്ന് ഒരു കായിക താരത്തിനും ഇന്നുവരെ കഴിഞ്ഞില്ലെന്നത് കൃഷ്ണകുമാറിന്റെ നേട്ടങ്ങളുടെ പ്രാധന്യം എന്തെന്ന് വിളിച്ചോതുന്നുണ്ട്.വയനാട്  ജില്ലാ സ്പോർട്സ് കൗൺസിൽ   പുതിയ ഓഫീസ്  ഉദ്ഘാടനത്തോടനുബന്ധിച്ച് കൃഷ്ണകുമാറിനെ അടക്കം മികച്ച കായിക താരങ്ങളെ ആദരിക്കും

( റിപ്പോർട്ട്.:

നിസാം കെ അബ്ദുളള )

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *