May 12, 2024

വന്യമൃഗശല്യം: ഡിഎഫ്ഒ ഓഫീസ് ഉപരോധം 31ന്

0
കല്‍പ്പറ്റ: വൈത്തിരി പഞ്ചായത്തിലെ ചുണ്ടവയല്‍, വട്ടക്കുണ്ട്, ഒലിവുമല, ചേലോട്, തളിമല, തൈലക്കുന്ന്, ചാരിറ്റി, അറമല പ്രദേശങ്ങളില്‍ വര്‍ധിച്ചുവരുന്ന വന്യമൃഗശല്യത്തില്‍ പ്രതിഷേധിച്ച് 31ന് കല്‍പ്പറ്റ ഡിഎഫ്ഒ ഓഫീസ് ഉപരോധിക്കുമെന്ന് വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് വി. ഉഷാകുമാരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുന്‍കാലങ്ങളില്‍ രാത്രി സമയങ്ങളില്‍ മാത്രമായിരുന്നു കാട്ടാന ശല്യം. എന്നാല്‍ ഇപ്പോള്‍ പകല്‍സമയത്തും ഇവിടെ കാട്ടാനകള്‍ സ്വൗര്യ വിഹാരം നടത്തുകയാണ്. കഴിഞ്ഞ ദിവസം എസ്റ്റേറ്റ് തൊഴിലാളികളും വാഹനത്തില്‍ സഞ്ചരിച്ച പ്രദേശവാസിയും കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും തലനാരിഴക്കാണ് രക്ഷപെട്ടത്. അടുത്ത കാലത്തായി കരടിയുടേയും പുലിയുടേയും സാന്നിധ്യവും ഈ പ്രദേശത്ത് വര്‍ധിച്ചു. വിദ്യാര്‍ഥികള്‍ അടക്കം നൂറ് കണത്തിന് ആളുകള്‍ സഞ്ചരിക്കുന്ന ഭാഗത്ത് വന്യമൃഗങ്ങളുടെ ശല്യം വര്‍ധിക്കുമ്പോഴും ബന്ധപ്പെട്ട അധികാരികള്‍ വേണ്ടത്ര ഗൗരവം ഈ വിഷയത്തില്‍ എടുക്കുന്നില്ല. പകല്‍ സമയത്തുപോലും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാര്‍. 
നാട്ടിലിറങ്ങുന്ന കാട്ടാനകളെ കുങ്കിയാനകളുടെ സഹായത്തോടെ ഉള്‍ക്കാട്ടില്‍ വിടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനൊപ്പം വന്യമൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങാതിരിക്കുന്നതിനുള്ള പ്രതിരോധ ട്രഞ്ചുകളും വൈദ്യുത ഫെന്‍സിംഗും പരാജയപ്പെട്ട സാഹചര്യത്തില്‍ റെയിന്‍ ഫെന്‍സിംഗ് സാഥിപിക്കുന്നതിനുള്ള നടപികള്‍ സ്വീകരിക്കണം. കാട്ടാന നശിപ്പിച്ച വീടിനും വാഹനത്തിനും അടിയന്തര നഷ്ടപരിഹാരം നല്‍കുക, മറ്റ് വന്യമൃഗങ്ങളില്‍ നിന്നുള്ള സംരക്ഷണം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ ഉപരോധം നടത്തുന്നതെന്ന് വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് വി. ഉഷാകുമാരി  പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍   എസ്. രവി, റോബിന്‍സണ്‍, കെ.കെ. തോമസ് എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *