May 7, 2024

തളിപ്പുഴയില്‍ കാട്ടാനശല്യം രൂക്ഷമാവുന്നു. ആന ജനവാസ കേന്ദ്രത്തില്‍: പൊറുതിമുട്ടി ജനം

0
വൈത്തിരി: രാപ്പകല്‍ വ്യത്യാസമില്ലാതെ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങുന്ന ഒറ്റയാന്‍ ജന
 ജീവിതം തകര്‍ക്കുന്നു. വൈത്തിരിക്ക് സമീപം തളിപ്പുഴ, അറമല എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞദിവസങ്ങളിലായി ആനയിറങ്ങി നാശനഷ്ടങ്ങള്‍ വരുത്തുന്നത്. ഇതോടെ പുറത്തിറങ്ങി നടക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് നാട്ടുകര്‍. കഴിഞ്ഞദിവസം പ്രദേശവാസിയായ മല്‍പാന്‍ തോമസിന്റെ വീട്ടുമുറ്റത്തും ആന എത്തിയിരുന്നു. അറമല സ്വദേശിയായ കെ.പി. സലീമിന്റെ വാഴത്തോട്ടത്തില്‍ എത്തിയ ആന നിരവധി വാഴകള്‍ നശിപ്പിക്കുകയും ചെയ്തു. 
പടക്കം പൊട്ടിച്ച് ശബ്ദമുണ്ടാക്കി നാട്ടുകാര്‍ ആനയെ ഓടിക്കുന്നതിനിടെ ആന വയലിലെ ചളിക്കുഴിയില്‍ വീണത് ജനങ്ങളെ ഭീതിയിലാക്കി. ആന സ്വയം കയറിപ്പോയെങ്കിലും വീണ്ടും തിരികെ വന്നു. വനപാലകര്‍ സ്ഥലത്തെത്തി ആനയെ ഓടിച്ചെങ്കിലും രാത്രിയോടെ വീണ്ടും തിരികെയെത്തി. ആനയെ തുരത്തുമ്പോള്‍ അരണഗിരി വനപ്രദേശത്തേക്ക് പോകുമെങ്കിലും അവിടെ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളില്‍ നിന്നും ശബ്ദമുണ്ടാക്കി ആനയെ തിരികെ ഓടിക്കുകയാണ് ചെയ്യുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ആന പേടി കാരണം കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ പോലും ബുദ്ധിമുട്ട് നേരിടുകയാണ്.  കഴിഞ്ഞ വര്‍ഷവും ഈ പ്രദേശത്ത് ആന ഇറങ്ങിയിരുന്നു. രണ്ടാഴ്ച മുമ്പേ വൈത്തിരി ടൗണിന് സമീപത്തും, പന്ത്രണ്ടാം മൈലിലും ആന ഇറങ്ങിയിരുന്നു.
 ആനയിറങ്ങുന്നത് തടയാനായി പ്രതിരോധ വേലികള്‍ ഉണ്ടെങ്കിലും അവയൊന്നും വേണ്ടത്ര കാര്യക്ഷമമല്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. രാത്രിയും പകലും ആന ജനവാസ കേന്ദ്രത്തില്‍ തങ്ങുന്നതിനാല്‍ എപ്പോള്‍ വേണമെങ്ങിലും ആനയുടെ ആക്രമണം ഉണ്ടായേക്കാമെന്ന ഭീതിയിലാണ് പ്രദേശവാസികള്‍. കഴിഞ്ഞ ഞായറാഴ്ച പുല്പള്ളിയില്‍  ആനയുടെ ആക്രമണത്തില്‍ വയോധികന്‍ മരിക്കുകയും ചെയ്്തതോടെ ജനങ്ങളുടെ ഭീതി ഇരട്ടിയായിരിക്കുകയാണ്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *