April 27, 2024

വരള്‍ച്ച പ്രതിരോധം: ദുരന്ത നിവാരണ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

0
കല്‍പറ്റ-വരള്‍ച്ച പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനും അടിയന്തര പ്രവര്‍ത്തനങ്ങള്‍ക്കു സംസ്ഥാന ദുരന്തനിവാരണ നിധിയില്‍നിന്നു പണം ചെലവഴിക്കുന്നതിനും മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സര്‍ക്കാര്‍  ദുരന്ത നിവാരണ വകുപ്പ് ഉത്തരവായി. 
മാര്‍ഗനിര്‍ദേശങ്ങള്‍: വരള്‍ച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ കിക്ടര്‍മാര്‍ തദ്ദേശസ്ഥാപന പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ഉടന്‍ വിളിക്കണം. തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ താലൂക്കുതലത്തില്‍ ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കു ചുമതല നല്‍കണം. തദ്ദേശ സ്വയംഭരണ വകുപ്പ് അനുവദിച്ച തുക വിനിയോഗിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ കുടിവെള്ള വിതരണത്തിനു നടപടി സ്വീകരിക്കണം. തുക മതിയാകാത്ത സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത പ്രതികരണ നിധി ഉപയോഗപ്പെടുത്താം. ദിനംപ്രതിയുടെ മഴയുടെ അളവ്, പുഴകളിലെയും അണക്കെട്ടുകളിലെയും ജല ലഭ്യത, അന്തരീക്ഷ താപനില എന്നിവ നിരീക്ഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍  ജലസേചന എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ്ന്നിവരെ ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തണം. ദുരന്ത പ്രതികരണ നിധി ഉപയോഗിച്ച് ഉഷ്ണതരംഗ, സൂര്യഘാത, സൂര്യാതപ പ്രതികരണ പ്രവര്‍ത്തനങ്ങള്‍ ഏതെല്ലാം തദ്ദേശസ്ഥാപനങ്ങളുടെ പരിധിയില്‍ നടപ്പിലാക്കണമെന്നു ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേര്‍ന്നു തീരുമാനിക്കണം. ഓരോ പ്രദേശത്തെയും മഴയുടെ അളവ്, പുഴകളിലെയും അണക്കെട്ടുകളിലെയും ഭൂഗര്‍ഭ സ്രോതസുകളിലെയും ജല ലഭ്യത, അന്തരീക്ഷ താപനില എന്നിവ പരഗണിച്ചായിരിക്കണം തീരുമാനം. 
ടാങ്കര്‍ ലോറികളിലൂടെയുള്ള ജല വിതരണം അവശ്യമെങ്കില്‍ മാത്രം നടത്തണം. വാട്ടര്‍ കിയോസ്‌കുകളില്‍ ജല അതോറിറ്റിയുടെ അംഗീകതൃത സ്രോതസുകളില്‍നിന്നു ജില്ലാ കലക്ടറുടെ മേല്‍നോട്ടത്തില്‍ മാത്രം ശുദ്ധജലം ആവശ്യാനുസരണം എത്തിക്കണം. സ്രോതസുകളില്‍ ജല മലിനീകരണം ഇല്ലെന്നു  ഉറപ്പുവരുത്തണം. ജലം ഉപയോഗയോഗ്യമാണെന്നു ജല അതോറിറ്റിയോ ഭക്ഷ്യസുരക്ഷാവകുപ്പോ സാക്ഷ്യപ്പെടുത്തണം. ദുരന്ത പ്രതികരണ നിധി ഉപയോഗിച്ച് ടാങ്കര്‍ ലോറികളിലൂടെയുള്ള ജല വിതരണം ജില്ലാ കലക്ടറുടെ ഉത്തരവിനുശേഷം നടത്തണം. ഓരോ വാഹനത്തിന്റെയും ട്രിപ്പ്ഷീറ്റ് തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥര്‍, വില്ലേജ് ഓഫീസര്‍, വാര്‍ഡ് മെംബര്‍ എന്നിവര്‍ സാക്ഷ്യപ്പെടുത്തണം. ജല വിതരണത്തിനു ഉപയോഗിക്കുന്ന ടാങ്കറുകളില്‍ ജി.പി.എസ് ഘടിപ്പിച്ച് ജില്ലാ അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രം നിരീക്ഷിക്കണം. ജി.പി.എസ് ട്രിപ്പ് ഷീറ്റ് ഇല്ലാതെ ശുദ്ധജല വിതരണ ബില്ലുകള്‍ അനുവദിക്കരുത്. 
കുടിവെള്ള ലഭ്യത ഉറപ്പുവരുത്താന്‍ അടിസ്ഥാന  മരാമത്ത് പണികള്‍ മാനദണ്ഡങ്ങള്‍ക്കു വിധേയമായി നടത്താം. ഒരു പ്രവൃത്തിക്കു കാല്‍ ലക്ഷം രൂപയില്‍ കൂടുതല്‍ ചെലവഴിക്കരുത്. ഓരോ ജില്ലയ്ക്കും ഉഷ്ണതരംഗം, സൂര്യഘാതം, സൂര്യാതപം എന്നിവയുടെ പ്രതികരണത്തിനു പ്രത്യേകം ഉത്തരവു പ്രകാരം അനുവദിക്കുന്ന തുകയുടെ  പത്തു ശതമാനത്തില്‍ കൂടുതല്‍ മരാമത്ത്  ജോലികള്‍ക്കു ചെലവഴിക്കരുത്. ഇത്തരം പ്രവൃത്തികള്‍ ഏപ്രില്‍ 30നകം പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്കു ഉപകാരപ്രദമാക്കണം. സ്ഥിരം ജലസ്രോതസുകള്‍ മലിനമാകുന്നതു തയുന്നതിനു പോലീസ് കാവല്‍ ഏര്‍പ്പെടുത്തണം. പ്രദേശിക ഭരണകൂടത്തിന്റെയും പൊതുജനങ്ങളുടെയും മേല്‍നോട്ടവും ഉണ്ടാകണം. സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങള്‍ക്കു ഉപരിയായ പ്രവൃത്തികള്‍ അതതു വകുപ്പുകള്‍ വഴി സര്‍ക്കാരിനു സമര്‍പ്പിക്കണം. ഇത്തരത്തില്‍ സമര്‍പ്പിക്കുന്ന പദ്ധതികളില്‍ ദുരന്ത നിവാരണ വകുപ്പിന്റെ നടപടി ഉണ്ടാകില്ല. 
സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും കാര്യാലയങ്ങളിലെയും മഴവെള്ള സംഭരണികള്‍ അതതു വകുപ്പുകള്‍ പണം ചെലവഴിച്ച് ഒരു മാസത്തിനകം പ്രവര്‍ത്തനക്ഷമമാക്കണം. ഭൂജല വകുപ്പ് നിര്‍ദേശിക്കുന്ന സ്ഥലങ്ങളില്‍ ഭൂഗര്‍ഭ ജലവിനിയോഗം കുറയ്ക്കാന്‍ എല്ലാ ഭൂഗര്‍ഭ ജല വിനിയോഗ വ്യവസായങ്ങള്‍ക്കും നിര്‍ദേശം നല്‍കണം. ഭൂഗര്‍ഭജലം കൃഷിക്കു ഉപയോഗിക്കുന്നതു കുറയ്ക്കാന്‍ കൃഷിക്കാരെ ബോധവത്കരിക്കണം. കുടിവെള്ളത്തിനു ജലസേചനത്തേക്കാള്‍ മുന്‍ഗണന നല്‍കണം. 
എല്ലാ സ്‌കൂളുകളിലും സ്‌പെഷല്‍ അസംബ്ലി വിളിച്ചുകൂട്ടി ഉഷ്ണതരംഗം, സൂര്യഘാതം, സൂര്യാതപം എന്നിവയെക്കുറിച്ച് വിദ്യാര്‍ഥികളെ ബോധവത്കരിക്കുന്നതിനു ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍  നടപടി സ്വീകരിക്കണം. വളര്‍ത്തുമൃഗങ്ങള്‍ക്കു ആവശ്യമായ ജല ലഭ്യതയ്ക്കുള്ള സജ്ജീകരണങ്ങള്‍ മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പുകള്‍ സജ്ജമാക്കണം. വന്യജീവികള്‍ക്കു ആവശ്യമായ ജലലഭ്യത വനം-വന്യജീവി വകുപ്പ് ഉറപ്പുവരുത്തണം. മനുഷ്യ-മൃഗ സംഘര്‍ഷം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണം. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *